തിരുവനന്തപുരം: യു.ഡി.എഫ് സ്ഥാനാർത്ഥികളെക്കണ്ട് ഞെട്ടിയ സി.പി.എം കോ - ലീ - ബി ആരോപണമുയർത്തുന്നത് തിരഞ്ഞെടുപ്പിൽ അടിയറവ് പറയുന്നതിന് മുമ്പുള്ള പൂഴിക്കടകനാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. പ്രസ്താവനയ്ക്ക് പിന്നിൽ ഇടതുപക്ഷത്തിന്റെ പരിഭ്രാന്തിയും മുൻകൂർ ജാമ്യം തേടലുമാണ്. ആരോപണമുന്നയിക്കുന്ന അഞ്ചിടത്തും യു.ഡി.എഫ് മിന്നും ജയം നേടും.
ലാവ്‌ലിൻ കേസ് ബി.ജെ.പി - സി.പി.എം ബന്ധത്തിന്റെ ഒടുവിലത്തെ തെളിവാണ്. കേന്ദ്രത്തിന്റെ നിയന്ത്രണത്തിലുള്ള സി.ബി.ഐ 12 തവണയാണ് ലാവ്‌ലിൻ കേസ് മാറ്റിയത്. 1977ൽ സി.പി.എമ്മും ജനസംഘമുൾപ്പെടുന്ന ജനതാപാർട്ടിയും പരസ്യമായ സഖ്യമുണ്ടാക്കിയാണ് മത്സരിച്ചത്. അന്ന് പാലക്കാട്ട് മത്സരിച്ച സി.പി.എം സ്ഥാനാർത്ഥി ടി. ശിവദാസമേനോന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തത് എൽ.കെ. അദ്വാനിയും പരിഭാഷപ്പെടുത്തിയത് ഒ. രാജഗോപാലുമാണ്. അന്ന് പിണറായി വിജയൻ കൂത്തുപറമ്പിൽ ജനസംഘവുമായി ചേർന്ന് മത്സരിച്ച് നേരിയ വോട്ടുകൾക്കാണ് വിജയിച്ചത്. 1977ലെ പോലെ കേരളത്തിൽ ഇടതുപക്ഷത്തിന് ഒരു സീറ്റും ലഭിക്കില്ലെന്ന് തിരിച്ചറിഞ്ഞ കോടിയേരിയും പിണറായിയും പിച്ചും പേയും പറയുകയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.