oommen-chandy

തിരുവനന്തപുരം : യു.ഡി.എഫിന്റെ സ്ഥാനാർത്ഥിപ്പട്ടിക വന്നതോടെ പരാജയഭീതിയിലായ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വില കുറഞ്ഞ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണെന്ന് ഉമ്മൻചാണ്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. കോൺഗ്രസ്- ബി.ജെ.പി ബന്ധമെന്ന കോടിയേരിയുടെ പ്ര‌‌സ്‌താവന പരാജയസമ്മതത്തിന്റെ പ്രകടമായ ഉദാഹരണമാണ്. കൊലപാതകരാഷ്ട്രീയമോ സർക്കാരിന്റെ വീഴ്ചയോ ചർച്ച ചെയ്യപ്പെടാൻ സി.പി.എം ആഗ്രഹിക്കുന്നില്ല. ഈ കെണിയിൽ യു.ഡി.എഫ് വീഴില്ല. ദേശീയതലത്തിൽ കോൺഗ്രസ് ഉയർത്തുന്ന തിരഞ്ഞെടുപ്പ് വിഷയം ബി.ജെ.പിയുടെ ജനാധിപത്യവിരുദ്ധ പ്രവർത്തനങ്ങളാണ്. കേരളത്തിൽ സർക്കാരിന്റെ പരാജയങ്ങളും അക്രമരാഷ്ട്രീയവും തുറന്നുകാട്ടും.

1977ൽ സംസ്ഥാനത്ത് ബി.ജെ.പിയുടെ പഴയ പതിപ്പായ ജനസംഘത്തോടൊപ്പം ചേർന്ന് തിരഞ്ഞെടുപ്പിൽ സി.പി.എം മത്സരിച്ചു. 1989ൽ സി.പി.എമ്മും ബി.ജെ.പിയും ചേർന്നാണ് വി.പി. സിംഗ് സർക്കാരിനെ അധികാരത്തിലെത്തിച്ചത്. 2007ൽ ഒന്നാം യു.പി.എ സർക്കാരിനെ താഴെയിറക്കാൻ ബി.ജെ.പിക്കൊപ്പം നിലപാടെടുത്തു.

ശബരിമല വിശ്വാസാചാരങ്ങളിലുണ്ടായ പ്രശ്നങ്ങൾ ജനഹൃദയങ്ങളെ ബാധിച്ചിട്ടുണ്ട്. ഇപ്പോൾ നട തുറന്നിട്ടും ശബരിമലയിൽ പ്രശ്നമൊന്നുമുണ്ടാകുന്നില്ലല്ലോ. ഭീഷണിയും അക്രമവും കലാപവും കൊണ്ട് എന്തെങ്കിലും നേടാമെന്ന് വിചാരിച്ചാൽ മൗഢ്യമാണെന്നും ഉമ്മൻചാണ്ടി പറഞ്ഞു.