വിതുര:ഇന്ന് മാർച്ച് 22,​ ലോക ജലദിനം.ജീവന്റെ ഓരോ കണികയും സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് നമ്മെ ഒരിക്കൽ കൂടി ഓർമിപ്പിക്കുവാൻ ഈ ദിനം നമ്മൾ ആഘോഷിക്കുകയാണ്.എന്നാൽ ഈ സുദിനത്തിലും വിതുരയിലെ ജനങ്ങൾ കുടിനീരിനായി നെട്ടോട്ടമോടുകയാണ്. വിതുര തൊളിക്കോട് പഞ്ചായത്തുകളിലാണ് കുടിവെള്ള പ്രശ്നം രൂക്ഷമായത്.

പലരും സ്വന്തമായി വെള്ളം വിലയ്ക്ക് വാങ്ങി ഉപയോഗിക്കുന്ന അവസ്ഥയിലേക്ക് വരെ കാര്യങ്ങളെത്തി.

മലയോര മേഖലയുടെ ഉയർന്ന പ്രദേശങ്ങളിൽ ജലക്ഷാമം തീവ്രമാണ്. ഇവിടെ മഴപെയ്തിട്ടു തന്നെ നാളുകളേറെയായി. ഒട്ടുമിക്ക ജല സ്ത്രോതസുകളും വറ്റി വരണ്ടു. കിണറുകളിലെ ജലവിതാനവും താഴ്ന്നു. കഴിഞ്ഞ മാർച്ചിൽ കുടിവെള്ള ക്ഷാമം അനുഭവപ്പെട്ടിരുന്നില്ല.കാലവർഷം ചതിച്ചതാണ് ഇത്തവണ കുടിവെള്ള ക്ഷാമം രൂക്ഷമാകാൻ കാരണമെന്നാണ് നാട്ടുകാർ പറയുന്നത്.ഇപ്പോൾ പലരും കല്ലാറിൽ നിന്നും മറ്റിടങ്ങളിൽ നിന്നുമായി കുടിവെള്ളം എത്തിക്കേണ്ട അവസ്ഥയാണ്.

നിലവിൽ നദികളിൽ നിന്നും മറ്റും ജലം ശേഖരിച്ചുകൊണ്ടുവന്ന് ഉപയോഗിക്കേണ്ട അവസ്ഥയാണ്.വാമനപുരം നദിയിലും നീരൊഴുക്ക് ഗണ്യമായി കുറഞ്ഞിട്ടുണ്ട്.മിക്ക ഭാഗത്തും നദി നിശ്ചലാവസ്ഥയിലാണ്.വാമനപുരം നദിയുടെ ഉദ്ഭവകേന്ദ്രങ്ങളിലും നീരൊഴുക്ക് കുറഞ്ഞു.

ഡാമുകളിലെ അവസ്ഥയും വിഭിന്നമല്ല.കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണുന്നതിനായി പഞ്ചായത്തുകൾ ആവിഷ്ക്കരിച്ച പദ്ധതികളിൽ ഭൂരിഭാഗവും കടലാസിൽ ഭദ്രമായി ഉറങ്ങുകയാണ്.തൊണ്ട നനയ്ക്കാൻ ടാങ്കർ ലോറികളിലെങ്കിലും അടിയന്തരമായി കുടിവെള്ളം എത്തിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഇന്ന് ലോകജല ദിനം

എല്ലാ വർഷവും മാർച്ച് 22 നാണ് നാം ലോകജലദിനം ആചരിക്കുന്നത്. അമൂല്യമായ ജലത്തെ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ ദിനം.

ലോക ജലദിനമെന്ന നിർദ്ദേശം ആദ്യമായി ഉയർന്നുവന്നത് 1992 ൽ ബ്രസീലിലെ റിയോവിൽ ചേർന്ന യു.എൻ. കോൺഫറൻസ് ഓൺ എൻവയോൺമെന്റ് ആൻഡ് ഡവലപ്‌മെന്റിലാണ് (UNCED). തുടർന്ന് യു.എൻ. ജനറൽ അസംബ്ലി 1993 മാർച്ച് 22 മുതൽ ഈ ദിനം ലോക ജലദിനമായി ആചരിക്കാൻ തീരുമാനിക്കുകയായിരുന്നു.

ജനം കുടിനീരിനായി പരക്കം പായുന്നതിനിടയിലാണ് തിരഞ്ഞെടുപ്പ് കടന്നുവന്നിരിക്കുന്നത്.

വോട്ട് അഭ്യർത്ഥിച്ചെത്തുന്ന സ്ഥാനാർത്ഥികൾക്ക് മുന്നിൽ ജലക്ഷാമത്തെക്കുറിച്ചാണ് വോട്ടർമാർ പറയുന്നത്.ജയിപ്പിച്ചാൽ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുമെന്നാണ് മിക്ക സ്ഥാനാർത്ഥികളുടേയും വാഗ്ദാനം.പക്ഷേ വോട്ടർമാർ ഇത് ചെവിക്കാള്ളുന്നില്ല.വോട്ട് നൽകി വിജയിപ്പിച്ച മെമ്പർമാർ വരെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

വിതുര,തൊളിക്കോട് പഞ്ചായത്തുകളിലെ ശുദ്ധജലക്ഷാമം പരിഹരിക്കുന്നതിനായി ഏഴ് വർഷം മുൻപ് ആവിഷ്ക്കരിച്ച തൊളിക്കോട് - വിതുര കുടിവെള്ള പദ്ധതി ഇനിയും പൂർത്തീകരിച്ചിട്ടില്ല.കുടിവെള്ളം കിട്ടാക്കനിയായതോടെ നാട്ടുകാർ വാഹനം വിളിച്ച് കിലോമീറ്ററുകൾ താണ്ടി വാമനപുരം നദിയിൽ നിന്നും മറ്റും ജലം ശേഖരിക്കുകയാണ്.