വെള്ളറട: പ്ളാങ്കുടിക്കാവ് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പ്ളാങ്കുടിക്കാവിൽ പൗർണമി പൊങ്കാലയും സാംസ്കാരിക സദസും സംഘടിപ്പിച്ചു. ക്ഷേത്ര ശാന്തി കണ്ണൻ പോറ്റി പണ്ടാര അടുപ്പിൽ അഗ്നി പകർന്നതോടെ പൊങ്കാലയ്ക്ക് തുടക്കമായി. തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. സുജാതകുമാരി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ശോഭകുമാരി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജ്ഞാനദാസ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം വിചിത്ര ബ്ളോക്ക് പഞ്ചായത്ത് അംഗം ഷാജഹാൻ കുടപ്പനമൂട്, ഗ്രാമപഞ്ചായത്ത് അംഗം എസ്. പ്രദീപ് തുടങ്ങിയവർ സംസാരിച്ചു. കാവ് സംരക്ഷണ സമിതി ചെയർമാൻ രാജേന്ദ്ര പ്രസാദ് നിരപ്പിൽ സ്വാഗതവും സെക്രട്ടറി അപ്പുഷാജി നന്ദിയും രേഖപ്പെടുത്തി. തുടർന്ന് കളരിപയറ്റ്, കവിയരങ്ങ്, നാടൻപാട്ട് എന്നിവ നടന്നു. യോഗത്തിൽ ദീർഘകാലം കാവ് സംരക്ഷിച്ച പി. പാലയ്യൻ സ്വാമിയെ ആദരിച്ചു.