ജ്യോതിഷം ഒരു വലിയ ബിസിനസാണ് ഇന്ത്യയിൽ. തിരഞ്ഞെടുപ്പു കാലത്ത് അതിന്റെ ഡിമാൻഡ് കൂടും. ഇൗ ഇലക്‌ഷൻ കാലത്ത് ജ്യോതിഷ പണ്ഡിതന്മാരെല്ലാം പ്രവചനങ്ങളുമായി രംഗത്തുണ്ട്. മോദിയോ രാഹുലോ എന്ന മില്യൺ ഡോളർ ചോദ്യമാണ് അവർ ഉന്നയിക്കുന്നത്. എന്നിട്ട് അവർ തന്നെ ഉത്തരം പറയുന്നു.
സോയ ലോബോ മുംബയിലെ പ്രമുഖ ജ്യോതിഷ വിദുഷിയാണ്. ട്രാൻസ്ജെൻഡറാണ് ആള്. അവർ മൂന്ന് കാർഡുകൾ മുന്നിലിട്ട് സസൂഷ്മം നിരീക്ഷിച്ചു. എന്നിട്ട് തലയുയർത്തി സംശയമില്ലാതെ പറയുന്നു: മോദി വരും, വീണ്ടും. മറ്റൊരു ജ്യോതിഷിയായ ലാറാ ഷായും മോദി വരുമെന്നാണ് പ്രവചിക്കുന്നത്. അത്രമാത്രം ശക്തമായ കാന്തികവലയം മോദിക്ക് ചുറ്റുമുണ്ടെന്നാണ് അവരുടെ പക്ഷം.
അതേസമയം രാജ്കുമാർ ശർമ്മ എന്ന പ്രമുഖ ജ്യോത്സ്യൻ പറയുന്നത് കോൺഗ്രസിന്റെ ഗ്രഹനിലയിൽ ചന്ദ്രൻ കന്നിരാശിയിലായതിനാൽ ഉറപ്പായും രാഹുൽ പ്രധാനമന്ത്രിയാകുമെന്നാണ്.
ലാറ ഷാായുടെ പ്രവചനത്തിൽ മോദി തിരികെ വരുമെങ്കിലും ഭൂരിപക്ഷം കുറയുമെന്നും കാണുന്നു. രണ്ടു മുന്നണികളും 272 എന്ന അക്കത്തിൽ എത്തില്ല എന്നും പറയുന്നു.
രാജ്കുമാർ ശർമ്മ കോൺഗ്രസ് വരുമെന്ന് പറയുന്നത് പാർട്ടിയുടെ ജനന സമയംവച്ച് ഗണിച്ചിട്ടാണ്. രാഹുൽ ഗാന്ധിക്ക് ഏറ്റവും മികച്ച സമയമാണിത്. പ്രധാനമന്ത്രി വരെ ആകാം.
സൂര്യൻ ഉദിക്കുന്ന സമയത്തല്ല, അസ്തമിക്കുന്ന സമയത്താണ് ഇത്തവണ ഇലക്‌ഷൻ പ്രഖ്യാപിച്ചതെന്നും അതിനാൽ ഇലക്‌ഷൻ കാലത്ത് നിരവധി പ്രശ്നങ്ങളും അക്രമങ്ങളും പ്രതീക്ഷിക്കേണ്ടിവരുമെന്നാണ് രാജ്കുമാർ ശർമ്മയുടെ വീക്ഷണം.
പല സ്ഥാനാർത്ഥികളും രഹസ്യമായി ജ്യോതിഷികളെ സന്ദർശിക്കുന്നുണ്ട്.പ്രവചനം നടന്നാലും ഇല്ലെങ്കിലും ഇലക്‌ഷൻ കാലം അവർക്ക് പണത്തിന്റെ കൊയ്‌ത്തുകാലമാണ്.