വിഴിഞ്ഞം: ഇവിടത്തെ പഞ്ചായത്ത് ടാപ്പുകളിൽ എപ്പോഴും വെള്ളമുണ്ട്. എന്നാൽ ഒരു തുള്ളി കുടിക്കണമെങ്കിൽ വിലകൊടുത്ത് വാങ്ങേണ്ട അവസ്ഥ. പൈപ്പിലൂടെ എത്തുന്ന കടുത്ത ക്ളോറിൻ കലർന്ന വെള്ളം കുടിക്കാനോ ആഹാരം പാകം ചെയ്യാനോ കഴിയാത്ത അവസ്ഥയാണ്. കുടിവെള്ളം വില്ക്കുന്നവരിൽ നിന്നു വൻ വില കൊടുത്താണ് തീരദേശത്തെ ജനങ്ങൾ വെളളം വാങ്ങുന്നത്. മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന വിഴിഞ്ഞം തീരദേശത്തെ കോട്ടപ്പുറം, കരിമ്പള്ളിക്കര ഉൾപ്പെടെയുള്ള പ്രദേശത്തെ മത്സ്യത്തൊഴിലാളികളാണ് കുടിവെള്ളത്തിനായി ബുദ്ധിമുട്ടുന്നത്. ഒരുകുടം വെള്ളത്തിന് 6 മുതൽ 8 രൂപ വരെയാണ് ഈടാക്കുന്നത്. ഒരു ചെറിയ കുടുംബത്തിന് ദിവസവും കുറഞ്ഞത് മൂന്നോ നാലോ കുടം വെള്ളം വേണ്ടിവരും. ഇങ്ങനെ വാങ്ങുന്ന വെള്ളമാണ് കുടിക്കാനും ഭക്ഷണമുണ്ടാക്കാനും ഉപയോഗിക്കുന്നത്. സ്വന്തമായി വാഹനം ഉള്ളവർ ദൂരെസ്ഥലങ്ങളിൽ നിന്നും വെള്ളം ശേഖരിക്കുന്നതായും നാട്ടുകാർ പറയുന്നു.
അമിതമായ ക്ലോറിന്റെ അംശം കാരണം രാവിലെ പാകം ചെയ്യുന്ന ഭക്ഷണം ഉച്ചയാകുമ്പോൾ ചീത്തയാകും. കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനെടുത്താൽ ഭക്ഷണം ചീത്തയായിരിക്കും. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ടാങ്കർ ലോറിയിൽ എത്തിക്കുന്ന വെള്ളം വിലകൊടുത്ത് വാങ്ങി സൂക്ഷിക്കുകയാണ്. ഏത് കാലാവസ്ഥയിലും വിഴിഞ്ഞം തീരത്തെ ജനങ്ങളുടെ അവസ്ഥ ഇതുതന്നെയാണ്.
വില കൊടുത്തു വാങ്ങുന്ന വെള്ളം ശുദ്ധമാണെന്ന് ഇവർ പറയുന്നു. മുൻപ് ഇത് ശുദ്ധമല്ലെന്ന ആക്ഷേപം ഉയർന്നതിനെ തുടർന്ന് പള്ളിയുടെയും വ്യക്തികളുടെയും നേതൃത്വത്തിൽ നിരവധി തവണ ജലം ടെസ്റ്റ് നടത്തിയിരുന്നു. അതുകൊണ്ട് പൈപ്പ് വെള്ളത്തെക്കാൾ എന്തുകൊണ്ടും വിശ്വസനീയമാണ് വിലയ്ക്ക് വാങ്ങുന്നതെന്ന് ഇവർ പറയുന്നു.
പൈപ്പിലൂടെ വിഴിഞ്ഞം തീരദേശത്ത് എത്തുന്നത് ചപ്പാത്ത് -അടിമലത്തുറ റോഡിലെ പമ്പ് ഹൗസിൽ നിന്നു വെള്ളായണി കായലിൽ നിന്നുമാണ്. അടിമലത്തുറയിലേത് ഓര് അംശം കൂടുതലായതിനാലും വെള്ളായണി കായലിലേത് ശുദ്ധമല്ലാത്തതിനാലുമാണ് ക്ലോറിൻ കൂടുതലായി ഉപയോഗിക്കുന്നതെന്ന് അധികൃതർ പറയുന്നു.