തിരുവനന്തപുരം: ചോദ്യപേപ്പർ വായിച്ച ഉടൻ ഉത്തരമെഴുതി അവസാനിപ്പിക്കാവുന്ന പരീക്ഷ ! ഇതാണ് ഇന്നലെ നടന്ന എസ്.എസ്.എൽ.സി പരീക്ഷയെക്കുറിച്ചുള്ള വിലയിരുത്തൽ. ഹിന്ദി പരീക്ഷ ശരിക്കും 'സുഗമ ഹിന്ദി'യായിരുന്നുവെന്നാണ് വിദ്യാർത്ഥികളുടെ അഭിപ്രായം. എല്ലാ നിലവാരക്കാർക്കും മികച്ച മാർക്കും ഗ്രേഡും ഉറപ്പിക്കാമെന്നാണ് ചോദ്യപേപ്പർ വിലയിരുത്തിയ അദ്ധ്യാപകരുടെയും അഭിപ്രായം.
മോഡൽ പരീക്ഷയുടെ ചോദ്യ മാതൃക തന്നെ പിന്തുടരുന്നതായിരുന്നു ഇന്നലത്തെ ഹിന്ദി പരീക്ഷയും. ചോദ്യപേപ്പർ കുട്ടികൾക്ക് വായിച്ചു മനസിലാക്കാൻ പാടുപെടേണ്ടി വന്നില്ല. സിലബസിൽ നിന്നായിരുന്നു ചോദ്യങ്ങളെല്ലാം. പാഠപുസ്‌തകം നന്നായി പരിശീലിച്ച വിദ്യാർത്ഥികൾക്ക് എ പ്ലസ് വാങ്ങാൻ ഒട്ടും പ്രയാസമുണ്ടാകില്ലെന്നാണ് അദ്ധ്യാപകരുടെ വിലയിരുത്തൽ.
ഏറ്റവും ഉയർന്ന സ്‌കോറിനുള്ള (നാല്) ചോദ്യങ്ങളായ തിരക്കഥ തയ്യാറാക്കൽ, ഡയറി, പോസ്റ്റർ നിർമാണം എന്നിവ പാഠഭാഗങ്ങളിൽ തന്നെ നിന്നായിരുന്നു. ഗ്രാമർ ഭാഗത്ത് നിന്നുള്ള ചോദ്യങ്ങൾ പൊതുവെ കുറവായിരുന്നു.
മോഡൽ പരീക്ഷയുടെ ചോദ്യ പാറ്റേൺ പിന്തുടർന്നത് കുട്ടികൾക്ക് അനുഗ്രഹമായി. ചോദ്യപേപ്പർ വായിച്ച് മനസിലാക്കാനും ഉത്തരത്തിലേക്ക് എത്താനും വിദ്യാർത്ഥികൾ അധികം സമയമെടുത്തതായി കണ്ടില്ല. പല കുട്ടികളും വളരെ പെട്ടെന്നു പരീക്ഷ എഴുതിത്തീർന്നു. ഹിന്ദിയിൽ കൂടുതൽ എ പ്ലസുകൾ പ്രതീക്ഷിക്കാം.
- ജിജി മത്തായി,
ഹിന്ദി അദ്ധ്യാപിക,
പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂൾ.