തിരുവനന്തപുരം : ബി.ജെ.പി ബന്ധത്തിലെ ആരോപണ - പ്രത്യാരോപണത്തിൽ ഇടത് - വലത് മുന്നണികളുടെ തിരഞ്ഞെടുപ്പ് പ്രചാരണം ചൂട് പിടിക്കുന്നു. പി. ജയരാജനെതിരെ കെ. മുരളീധരനെത്തിയതോടെ ശ്രദ്ധാ കേന്ദ്രമായി മാറിയ വടകരയുൾപ്പെടെ അഞ്ചിടത്ത് കോൺഗ്രസ് - ബി.ജെ.പി സഖ്യമെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ആരോപണമാണ് തിരഞ്ഞെടുപ്പ് പ്രചാരണരംഗത്തെ ആദ്യ സംവാദത്തിന് വെടിമരുന്നായത്. പകരം തിരുവനന്തപുരത്ത് ബി.ജെ.പിയെ കോൺഗ്രസ് സഹായിക്കുമെന്നും കോടിയേരി ആരോപിച്ചു.
ആരോപണം കെ. മുരളീധരൻ കൈയോടെ തള്ളി. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും ഉൾപ്പെടെയുള്ള മുൻനിര കോൺഗ്രസ് നേതാക്കളും സി.പി.എമ്മിന്റെ ആരോപണത്തെ തള്ളി ഇന്നലെ രംഗത്തെത്തി. 1977ലെ ജനസംഘം കാലം തൊട്ടുള്ള ബി.ജെ.പി ബാന്ധവം എല്ലാ കാലത്തും സി.പി.എമ്മിനാണുണ്ടായിട്ടുള്ളതെന്നാണ് കോൺഗ്രസിന്റെ പ്രത്യാക്രമണം. പരാജയഭീതിയിലുള്ള സി.പി.എമ്മിന്റെ മുൻകൂർ ജാമ്യമെടുക്കലാണ് ആരോപണത്തിന് പിന്നിലെന്നും അവർ കുറ്റപ്പെടുത്തി.
പ്രചാരണത്തിന്റെ തുടക്കം മുതൽ കോൺഗ്രസിനെതിരായ സി.പി.എമ്മിന്റെ ആക്രമണമുന ബി.ജെ.പിയുമായി ബന്ധപ്പെടുത്തിയുള്ളതാണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും കർണാടകയിലുമടക്കം കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ ബി.ജെ.പിയിലേക്ക് പോകുന്നത് അവരുടെ വിശ്വാസ്യതയില്ലായ്‌മയ്ക്ക് തെളിവായി സി.പി.എം ഉയർത്തിക്കാട്ടുന്നു. എ.ഐ.സി.സി വക്താവായിരുന്ന ടോം വടക്കൻ ബി.ജെ.പിയിൽ ചേർന്നതിന് പിന്നാലെ ബി.ജെ.പിയുടെ റിക്രൂട്ടിംഗ് ഏജന്റാണ് കോൺഗ്രസ് എന്ന ആരോപണം മുഖ്യമന്ത്രി പിണറായി വിജയൻ ഉയർത്തി. എന്നാൽ സി.പി.എമ്മിനെതിരെ ഇതേ ആക്ഷേപം തിരിച്ചുയർത്തി ബദൽപ്രതിരോധം തീർക്കുകയാണ് കോൺഗ്രസ്. ന്യൂനപക്ഷ വോട്ടുബാങ്കുകളിൽ കണ്ണുവച്ചുള്ള ആരോപണ - പ്രത്യാരോപണങ്ങളായത് കൊണ്ടുതന്നെ വരും ദിവസങ്ങളിൽ ഇത് കനക്കാനാണ് സാദ്ധ്യത.