തിരുവനന്തപുരം: തിരുവനന്തപുരം മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർത്ഥി കുമ്മനം രാജശേഖരനും കോൺഗ്രസ് സ്ഥാനാർത്ഥി ശശി തരൂരും തമ്മിലൊരു പോസ്റ്റർ പോര്. രണ്ടുപേരും പരസ്പരം പഴിചാരി തിരഞ്ഞെടുപ്പ് കമ്മിഷനും വരണാധികാരി കൂടിയായ കളക്ടർക്കും പരാതിയും നൽകി. പദ്മനാഭസ്വാമിക്ഷേത്രത്തിന്റെ ചിത്രം ഉപയോഗിച്ച് കുമ്മനം ഫ്ളക്സും ബോർഡും അടിച്ചെന്ന് ശശി തരൂർ. ഗണേശഭഗവാന്റെ ചിത്രം വച്ച് തരൂർ പോസ്റ്ററടിച്ചെന്ന് കുമ്മനം. ഇത്തരത്തിലാണ് പരാതിയുടെ പോക്ക്. മിസോറം ഗവർണർ സ്ഥാനം ഉപേക്ഷിച്ച് തിരുവനന്തപുരത്ത് സ്ഥാനാർത്ഥിയാകാനെത്തിയതാണ് കുമ്മനം. ശബരിമല ആചാരസംരക്ഷണ സമരത്തിന്റെ വീരനായകൻ എന്നാണ് പ്രവർത്തകർ കുമ്മനത്തിന് ചാർത്തിക്കൊടുത്ത പരിവേഷം. ആ കുമ്മനത്തിന് വൻവരവേല്പ് നൽകി തയ്യാറാക്കിയ ഫ്ളക്സിലും ബോർഡുകളിലും പദ്മനാഭസ്വാമിക്ഷേത്രത്തിന്റെ പശ്ചാത്തലത്തിൽ കുമ്മനം കൈവീശി നിൽക്കുന്നതാണുള്ളത്. ഇതിലൊരു വർഗീയ ചുവയില്ലേയെന്നാണ് തരൂരിന്റെ സംശയം. എന്നാൽ പദ്മനാഭസ്വാമിക്ഷേത്രത്തിന്റെ ചിത്രംവച്ചത് താനറിഞ്ഞില്ലെന്നും തിരുവനന്തപുരത്തിന്റെ സിംബലായാണ് അത് വച്ചതെന്നാണ് മനസിലാക്കുന്നതെന്നുമാണ് കുമ്മനത്തിന്റെ വിശദീകരണം.
കുമ്മനം എതിരാളിയാകുന്നതോടെ തിരുവനന്തപുരത്ത് പോരാട്ടവിഷയം ശബരിമലയായിരിക്കുമെന്നാണ് തരൂരിന്റെ അനുയായികളുടെ വിചാരം. ഇത് കണക്കിലെടുത്ത് അവർ തരൂരിന്റെ പുസ്തകത്തിന്റെ കവർപേജെടുത്ത് പോസ്റ്ററാക്കി. കഴിഞ്ഞവർഷം തരൂർ പ്രസിദ്ധീകരിച്ച ഞാനെന്തുകൊണ്ട് ഒരുഹിന്ദുവായി എന്ന പുസ്തകത്തിന്റെ കവറാണ് പോസ്റ്ററാക്കിയത്. അതിൽ തരൂരിനൊപ്പം ഒരു ഗണപതിഭഗവാന്റെ ചിത്രവുമുണ്ട്. ഇത് മതപരമായി വോട്ടർമാരെ സ്വാധീനിക്കാനാണെന്നാണ് കുമ്മനത്തിന്റെ പരാതി. എന്നാൽ 'വൈ അയാം എ ഹിന്ദു' എന്ന പുസ്തകം എന്റെ സ്വകാര്യ സ്വത്താണ്. ഞാനൊരു എഴുത്തുകാരനാണെന്ന കാര്യം പ്രചരിപ്പിക്കാൻ വേണ്ടി തിരുവനന്തപുരം ഡി.സി.സി ഇറക്കിയ പോസ്റ്ററാണത്. അതിന്റെ പേരിലാണ് ബി.ജെ.പി പരാതി നൽകിയിരിക്കുന്നത്. ആ പുസ്തകം പൊതുസ്വത്തല്ല, തരൂരിന്റെ ഇൗ വിശദീകരണം ബി.ജെ.പിയും കുമ്മനവും മുഖവിലയ്ക്കെടുത്തിട്ടില്ല. മതചിഹ്നങ്ങൾ തിരഞ്ഞെടുപ്പിൽ ഉപയോഗിക്കരുതെന്ന് സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാംമീണ പറഞ്ഞിട്ടുണ്ട്. ഗണപതിഭഗവാന്റെ ചിത്രം മതചിഹ്നമാണ്. അതുകൊണ്ട് തന്നെ അത് ചട്ടലംഘനവുമാണ്. ബി.ജെ.പിയുടെ പരാതി പരിശോധിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കിയതോടെ തരൂർ വെട്ടിലായി.
പ്രശ്നത്തിൽ ഇടപെട്ടില്ലെങ്കിലും ഇടതു സ്ഥാനാർത്ഥി സി. ദിവാകരനും വെറുതേയിരിക്കുന്നില്ല. ശബരിമലകർമ്മസമിതിയുടെ പേരിൽ മണ്ഡലത്തിൽ പ്രചരിക്കുന്ന ലഘുലേഖ വർഗീയപ്രചാരണമാണെന്നും അത് കുമ്മനത്തിന് വേണ്ടിയാണെന്നും കാണിച്ച് സി. ദിവാകരനും തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി.