agro

തിരുവനന്തപുരം:കർഷകരക്ഷയ്ക്കായി തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് ചേർന്ന മന്ത്രിസഭായോഗം കൈക്കൊണ്ട തീരുമാനത്തിൽ ഉത്തരവ് വൈകിപ്പിച്ചതിൽ ചീഫ്സെക്രട്ടറിയുടെ ഓഫീസിനും കൃഷിവകുപ്പിനും വീഴ്ചയുണ്ടായെന്ന് കണ്ടെത്തൽ

മന്ത്രിസഭായോഗ തീരുമാനത്തിന്റെ നടപടിക്കുറിപ്പ് ചീഫ്സെക്രട്ടറിയുടെ ഓഫീസ് ബന്ധപ്പെട്ട എല്ലാ വകുപ്പുകൾക്കും കൈമാറുന്നതിന് പകരം കൃഷിവകുപ്പിന് മാത്രമായി അയച്ചതാണ് ഒന്നാമത്തെ പാളിച്ച. കൃഷി വകുപ്പാകട്ടെ, വിവിധ വകുപ്പുതലങ്ങളിൽ തീരുമാനങ്ങളെടുക്കേണ്ട വിഷയങ്ങൾ മൊത്തത്തിൽ അംഗീകരിക്കുന്നതായി കാണിച്ച് ഉത്തരവിറക്കിയത് രണ്ടാമത്തെ വീഴ്ച. റവന്യു, മത്സ്യബന്ധനം, ആസൂത്രണ - സാമ്പത്തിക കാര്യം എന്നീ വകുപ്പുകൾക്ക് അവരുമായി ബന്ധപ്പെട്ട കാര്യങ്ങൾ അയ‌യ്‌ക്കണമായിരുന്നെങ്കിലും അതുണ്ടായില്ല.

കഴിഞ്ഞദിവസം മന്ത്രിസഭായോഗത്തിൽ വിമർശനമുയർന്നതോടെ ഇന്നലെ ചീഫ്സെക്രട്ടറി ടോംജോസ് അടിയന്തരമായി റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഉൾപ്പെടെയുള്ള ഉന്നതരുടെ യോഗം വിളിച്ചു. ഉത്തരവിറക്കാൻ എത്രയും വേഗം നടപടിയെടുക്കാൻ ചീഫ്സെക്രട്ടറി വകുപ്പ് മേധാവികളോട് നിർദ്ദേശിച്ചു. പാളിച്ച എവിടെയെന്ന അന്വേഷണത്തിലാണ് വകുപ്പുതല വീഴ്ച കണ്ടെത്തിയത്.

പ്രളയ മേഖലകളിലെ കർഷകരുടെ കാർഷിക വായ്പകൾക്കുള്ള മോറട്ടോറിയം ഡിസംബർ 31 വരെ നീട്ടുക, മോറട്ടോറിയം കർഷകരുടെ എല്ലാ വായ്പകൾക്കും ബാധകമാക്കുക, ദീർഘകാലവിളകൾക്ക് പുതുതായി അനുവദിക്കുന്ന വായ്പകളുടെ പലിശ ഒരു വർഷത്തേക്ക് നബാർഡ് മാതൃകയിൽ 9 ശതമാനം വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് കൈമാറുക തുടങ്ങി ഒമ്പത് ഇനങ്ങളായിരുന്നു മന്ത്രിസഭായോഗം കർഷകപാക്കേജിൽ ഉൾപ്പെടുത്തിയത്.

ഈ മാസം 5ന് ചേർന്ന മന്ത്രിസഭായോഗം തീരുമാനമെടുത്ത ശേഷം ഫയൽ കൃഷിവകുപ്പിന് കൈമാറി. ഇതിലാണ് രണ്ട് ദിവസത്തിന് ശേഷം 7ന് കൃഷിവകുപ്പ് സ്പെഷ്യൽസെക്രട്ടറി രത്തൻ ഖേൽക്കർ സ്വമേധയാ ഉത്തരവിറക്കിയത്. ഉത്തരവിൽ ഓരോ തീരുമാനത്തിന്റെയും ബ്രായ്ക്കറ്റിൽ നടപടിയെടുക്കേണ്ട വകുപ്പിന്റെ പേര് ചേർത്തു. റവന്യുവ

കുപ്പിലടക്കം ഫയലെത്തിയത് അടുത്ത ദിവസം വൈകിട്ടാണ്. പിന്നീടുള്ള രണ്ട് ദിവസം അവധിയായി. 10ന് തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നു.

കൃഷിവകുപ്പിന്റെ തീരുമാനത്തിൽ ഉത്തരവിറക്കാമോയെന്ന സംശയമുയർന്നപ്പോൾ റവന്യൂവകുപ്പിന്റെ ഫയലിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിയോടെ ചെയ്യാമെന്ന് മന്ത്രി കുറിച്ചു. കൃഷിവകുപ്പിന്റെ ഉത്തരവ് ഫയൽ അനുമതി ചോദിച്ച് എങ്ങനെ തിരഞ്ഞെടുപ്പ് കമ്മിഷന് നൽകാനാകുമെന്ന ആശയക്കുഴപ്പമായിരുന്നു ഉദ്യോഗസ്ഥർക്ക്. അന്തിമ ഉത്തരവ് വൈകിയതും ഇതേത്തുടർന്നെന്നാണ് കണ്ടെത്തൽ. ഓരോ വകുപ്പും നടപടി ഫയൽ പ്രത്യേകം തയ്യാറാക്കി വേണം ഇനി കമ്മിഷന് അയക്കാൻ.

കർഷക ആത്മഹത്യ വിവാദമായപ്പോൾ പ്രതിപക്ഷനേതാവ് ഈ മാസം 6ന് ഇടുക്കിയിൽ ഉപവാസം പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് പ്രചരണായുധമാകുമെന്ന് കണ്ടതോടെയാണ് അഞ്ചിന് മന്ത്രിസഭായോഗം ചേർന്ന് അടിയന്തര തീരുമാനങ്ങളിലേക്ക് നീങ്ങിയത്.