തിരുവനന്തപുരം: സാധാരണ സാഹചര്യത്തിൽ സിവിൽ സർവീസുകാർക്ക് സ്വയം വിരമിക്കാൻ കടമ്പകൾ ഏറെയുണ്ടെങ്കിലും തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ രാജി എളുപ്പമാണ്. മൗലികഅവകാശം നിഷേധിച്ചെന്ന് കാട്ടി കോടതിയിൽ പോയാൽ തിരിച്ചടി കിട്ടുമെന്നതിനാൽ കേന്ദ്രസർക്കാർ തിരഞ്ഞെടുപ്പ് കാലത്തെ രാജി വേഗത്തിൽ അംഗീകരിക്കും. എന്നാൽ അച്ചടക്കനടപടി ശേഷിക്കുന്നതിനാൽ ജേക്കബ് തോമസിന്റെ രാജിയെ സംസ്ഥാന സർക്കാരിന് എതിർക്കാം. പക്ഷേ വ്യവസ്ഥകൾക്ക് വിധേയമായി കേന്ദ്രം വിരമിക്കൽ അംഗീകരിക്കാനാണ് സാദ്ധ്യത.
50 വയസുകഴിഞ്ഞ സിവിൽസർവീസ് ഉദ്യോഗസ്ഥരുടെ രാജി സംസ്ഥാനത്തിന് സ്വീകരിക്കാം. പിന്നീട് കേന്ദ്രത്തിന് അയച്ചുകൊടുത്താൽ മതി. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ വി.ആർ.എസ് (സ്വയം വിരമിക്കൽ) എടുത്താലും 30 വർഷത്തിലേറെ സർവീസുള്ളതിനാൽ ജേക്കബ് തോമസിന് മുഴുവൻ പെൻഷനും വിരമിക്കൽ ആനുകൂല്യങ്ങളും ലഭിക്കും. എന്നാൽ അച്ചടക്ക നടപടി തീർപ്പാക്കാത്തതിനാൽ സസ്‌പെൻഷൻ കാലത്തെ പകുതി ശമ്പളം കിട്ടിയെന്നിരിക്കില്ല.
കൊല്ലത്ത് മത്സരിച്ച് വിജയിച്ച എസ്. കൃഷ്‌ണകുമാറും കേന്ദ്ര സെക്രട്ടറിയായിരിക്കെ ഐ.എ.എസ് രാജിവച്ച് കാഞ്ഞിരപ്പള്ളിയിൽ ഇടതുസ്വതന്ത്രനായി മത്സരിച്ച അൽഫോൺസ് കണ്ണന്താനവുമാണ് കേരളത്തിൽ ജേക്കബ് തോമസിന്റെ മുൻഗാമികൾ. കാഞ്ഞിരപ്പള്ളിയിൽ വിജയിച്ച കണ്ണന്താനം പിന്നീട് ബി.ജെ.പിയിൽ ചേർന്ന് രാജസ്ഥാനിൽ നിന്ന് രാജ്യസഭാംഗമായി കേന്ദ്രമന്ത്രിയുമായി.