തിരുവനന്തപുരം: ശാസ്തമംഗലത്ത് തിരഞ്ഞെടുപ്പ് കമ്മിറ്റി ഒാഫീസ് തുറന്ന യു.ഡി.എഫ് സ്ഥാനാർത്ഥി ഡോ. ശശി തരൂർ നിയോജകമണ്ഡലം കൺവെൻഷനുകൾ പൂർത്തിയാക്കുന്ന തിരക്കിലായിരുന്നു ഇന്നലെ. പാറശാലയിലും നെയ്യാറ്റിൻകരയിലും മണ്ഡലം കൺവെൻഷനുകൾ പൂർത്തിയാക്കി. 25 ഓടെ നിയോജകമണ്ഡലം കൺവെൻഷനുകൾ പൂർത്തിയാക്കാനാണ് ലക്ഷ്യം. ഇൗ മാസം തീരുന്നതിന് മുമ്പ് ബൂത്ത് കൺവെൻഷനുകൾ കൂടി നടത്തി സജീവ പ്രചാരണത്തിലേക്ക് ഇറങ്ങും. അതിന് മുമ്പ് പോസ്റ്ററുകളും ലഘുലേഖകളും തയ്യാറായി എത്തും.

ഇടതുമുന്നണി സ്ഥാനാർത്ഥി സി. ദിവാകരൻ കാമ്പസുകളെ കൈയിലെടുക്കാനുള്ള ശ്രമത്തിലായിരുന്നു ഇന്നലെയും. ചെമ്പഴന്തി എസ്.എൻ കോളേജിലും സെന്റ് ആൻസ് കോളേജിലും വൻസ്വീകരണമാണ് ദിവാകരന് കിട്ടിയത്. ബി.ജെ.പി സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ ഇന്നലെ മണ്ഡലത്തിലില്ലായിരുന്നു. പാർട്ടിയുടെ ഉന്നതതലയോഗവുമായി ബന്ധപ്പെട്ട് അദ്ദേഹം കൊച്ചിയിലായിരുന്നു.

ശാസ്തമംഗലത്ത് കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും പ്രചാരണസമിതി ഒാഫീസ് പ്രവർത്തിച്ച അതേ കെട്ടിടത്തിലാണ് ഇന്നലെയും ശശി തരൂർ കേന്ദ്ര ഒാഫീസ് ഒരുക്കിയത്. ഇത് ഭാഗ്യ ഒാഫീസാണെന്നാണ് അദ്ദേഹത്തിന്റെ അനുയായികളുടെ വിശ്വാസം. കെ.പി.സി.സി മുൻ പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ളയാണ് ഒാഫീസ് ഉദ്ഘാടനം ചെയ്തത്. തിരുവനന്തപുരം പാർലമെന്റ് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ തമ്പാനൂർ രവി അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ എൻ. ശക്തൻ സ്വാഗതം പറഞ്ഞു. എം.എൽ.എമാരായ വി.എസ്. ശിവകുമാർ, എം. വിൻസെന്റ്, കെ.പി.സി.സി ജനറൽ സെക്രട്ടറി ശരത്ചന്ദ്ര പ്രസാദ്, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, യു.ഡി.എഫ് ജില്ലാ ചെയർമാൻ സോളമൻ അലക്സ്, പാലോട് രവി, കരകുളം കൃഷ്ണപിള്ള, ആർ. വത്സലൻ, മണക്കാട് സുരേഷ്, വിജയൻ തോമസ്, പി.കെ. വേണുഗോപാൽ, ബീമാപള്ളി റഷീദ്, സി.പി. ജോൺ, കൊട്ടാരക്കര പൊന്നച്ചൻ, എം.പി. ഷാജു, ജോർജ് മെഴ്സിയർ, ശാസ്തമംഗലം മോഹനൻ, പി.എസ്. പ്രശാന്ത്, ചാണ്ടി ഉമ്മൻ തുടങ്ങിയവർ പങ്കെടുത്തു. ഇന്നലെ നഗരത്തിലെ ഏതാനും വിവാഹച്ചടങ്ങുകളിലും രണ്ട് മരണച്ചടങ്ങുകളിലും അദ്ദേഹം പങ്കെടുത്തു. പിന്നീട് നഗരത്തിലെ ചില അഭ്യുദയകാംക്ഷികളെയും കണ്ടതിന് ശേഷമാണ് അദ്ദേഹം നിയോജകമണ്ഡലം കൺവെൻഷനായി വെള്ളറടയിലെത്തിയത്. തുടർന്ന് നെയ്യാറ്റിൻകര എസ്.എൻ കോളേജിൽ നടന്ന മണ്ഡലം കൺവെൻഷനിലും പങ്കെടുത്തു. രാത്രിയോടെ വിലങ്ങാമുറി രാജരാജേശ്വരി ആശ്രമത്തിലെ യാഗത്തിലും അദ്ദേഹം പങ്കെടുത്തു. സി.ദിവാകരൻ രാവിലെ ചെമ്പഴന്തി എസ്.എൻ കോളേജിലാണ് പര്യടനം തുടങ്ങിയത്. ശ്രീകാര്യം എൻജിനിയറിംഗ് കോളേജ്, ചാക്ക ഗവ. എെ.ടി.എെ എന്നിവിടങ്ങളിലെ സന്ദർശനത്തിന് ശേഷമാണ് ഉച്ചയ്ക്ക് 12.40ഓടെ ആൾസെയിന്റ്സ് കോളേജിലെത്തിയത്. ജീസസ് യൂത്തിന്റെ പ്രോഗാം നടക്കുന്ന സമയത്തായിരുന്നു സി. ദിവാകരൻ കോളേജിൽ എത്തിയത്.