നെയ്യാറ്റിൻകര: നെയ്യാറ്റിൻകര കൃഷ്ണപുരം വാടിയത്തോപ്പ് വീട്ടിൽ മലക്കറി മണിയൻ എന്ന മണിയനെ (58) മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ അ‌ഞ്ച് പ്രതികൾക്ക് നെയ്യാറ്റിൻകര ജുഡിഷ്യൽ മജിസ്ട്രേട്ട് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. വ്ലാങ്ങാമുറി പഴയവീട്ടിൽ കൊച്ചുമോൻ എന്ന സതീഷ്, വ്ലാങ്ങാമുറി കുളത്തിന് സമീപം തോണിപ്ലാവിള വീട്ടിൽ അനിൽകുമാർ, കിഴങ്ങുവിളാകത്ത് വീട്ടിൽ ശിവകുമാർ, വ്ലാങ്ങാമുറി മേലെ വീട്ടിൽ ജയകുമാർ, കവളാകുളം അജിൻഭവനിൽ സനൽകുമാർ എന്നിവരാണ് പ്രതികൾ. 2010 ആഗസ്റ്റ് 27നാണ് കേസിന് ആസ്‌പദമായ സംഭവം നടന്നത്. പൂർവ വൈരാഗ്യം കാരണം മണിയനെ പ്രതികൾ അമ്മൻകോവിലിന് സമീപം ആക്രമിക്കുകയായിരുന്നു. നാല് പ്രതികളും ചേർന്ന് മണിയനെ ക്രൂരമായി മർദ്ദിക്കുകയും അഞ്ചാം പ്രതിയായ സനൽകുമാർ മണിയനെ പിറകിൽ നിന്നും തൂക്കിയെടുത്ത് റോഡിൽ അടിക്കുകയുമായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ നട്ടെല്ലിനും തലയ്ക്കുമേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണം. അന്നു തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും 31ന് രാവിലെ 10.30ന് മരിച്ചു. നേരത്തേ അമ്മൻകോവിലിന് മുൻവശത്ത് മറ്റൊരു കൊലപാതകം നടന്നിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് മണിയന്റെ കൊലപാതകത്തിൽ കലാശിച്ചത്. വാദികൾക്ക് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പാറശാല അജികുമാർ ഹാജരായി.