dhoni-ipl-spotfixing
dhoni ipl spotfixing

ന്യൂഡൽഹി : 2013 ൽ ഇന്ത്യൻ ക്രിക്കറ്റിനെ പിടിച്ചുകുലുക്കിയ ഐ.പി.എൽ സ്പോട്ട് ഫിക്‌സിംഗിനെക്കുറിച്ച് ചെന്നൈ സൂപ്പർ കിംഗ്സ് നായകൻ മഹേന്ദ്രസിംഗ് ധോണി ആദ്യമായി പരസ്യപ്രതികരണം നടത്തി. റോർ ഒഫ് ദ ലയൺ എന്ന ഡോക്യുമെന്ററിയിലാണ് ധോണി തന്നെ ഏറെ പിടിച്ചുലച്ച സംഭവമെന്ന നിലയിൽ സ്പോട്ട് ഫിക്‌സിംഗിനെക്കുറിച്ചും ചെന്നൈ സൂപ്പർ കിംഗ്സിനെ രണ്ടുവർഷത്തേക്ക് വിലക്കിയതിനെക്കുറിച്ചുമൊക്കെ സംസാരിക്കുന്നത്. ആസമയത്ത് താൻ കടന്നുപോയ മാനസികാവസ്ഥയെക്കുറിച്ചും ധോണി ഡോക്യുമെന്ററിയിൽ വിശദീകരിക്കുന്നു.

ധോണിയുടെ തുറന്നുപറച്ചിലിന്റെ പ്രസക്ത ഭാഗങ്ങളിലേക്ക്.

2013 എന്റെ ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ കാലഘട്ടമായിരുന്നു. എന്റെ ജീവിതത്തിൽ അതുവരെ അത്രയും നിരാശ നേരിട്ടിട്ടില്ല. 2007 ലെ ലോകകപ്പിൽ ഇന്ത്യ ഗ്രൂപ്പ് സ്റ്റേജ് കടക്കാതെ പുറത്തായതായിരുന്നു അതിനുമുമ്പുള്ള വലിയ സങ്കടം. പക്ഷേ അത് ഞങ്ങൾ നന്നായി കളിക്കാത്തതുകൊണ്ട് സംഭവിച്ചതാണ്. പക്ഷേ സ്പോട്ട് ഫിക്സിംഗിൽ ആരോപിതനായത് എന്ത് തെറ്റ് ചെയ്തിട്ടാണെന്ന് ഇനിയും മനസിലായിട്ടില്ല.

സ്പോട്ട് ഫിക്‌സിംഗിനെയും മാച്ച് ഫിക്‌സിംഗിനെയും കുറിച്ചായിരുന്നു അന്ന് ജനസംസാരം മുഴുവൻ. വിവാദ വിഷയമായതോടെ ശിക്ഷയുണ്ടാകുമെന്ന് ഞങ്ങൾക്ക് ഉറപ്പായിരുന്നു. പക്ഷേ എന്ത് ശിക്ഷയാണ് വരാൻപോകുന്നതെന്നതിലായിരുന്നു ആശങ്ക മുഴുവൻ. ഒടുവിൽ 2015 ൽരണ്ടുവർഷത്തെ വിലക്ക് വിധിച്ചു.

ഞങ്ങളുടെ ഫ്രാഞ്ചൈസിയുടെ ഭാഗത്ത് തെറ്റുണ്ടായിരുന്നു എന്ന് ഞാൻ സമ്മതിക്കുന്നു. പക്ഷേ ഞങ്ങൾ കളിക്കാർ എന്തുതെറ്റാണ് ചെയ്തത്? ടീമുടമകളുടെ തെറ്റിന് കളിക്കാർ തെറ്റ് ചെയ്തതുപോലെയാണ് വാർത്തകൾ വന്നത്. ഒത്തുകളിക്കാരുടെ ലിസ്റ്റിൽ പലരും എന്റെ പേരും ചേർത്തു. സ്പോട്ട് ഫിക്സിംഗ് ആർക്കും നടത്താം. എന്നാൽ മാച്ച് ഫിക്സ‌ിംഗ് ടീമിലെ എല്ലാവരും ചേർന്നേ നടത്താനാകൂ.

ഞാൻ മാനസികമായി ശക്തനാണെന്ന തോന്നൽ മറ്റുള്ളവർക്കുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ആരും എന്താണ് സംഭവിച്ചതെന്ന് ചോദിക്കാനോ എന്നെ ആശ്വസിപ്പിക്കാനോ ഉണ്ടായിരുന്നില്ല.

മറ്റാരോടും ഇതിനെക്കുറിച്ച് സംസാരിക്കാൻ ഞാനും തയ്യാറായിരുന്നില്ല. അകമേ ഇര തന്നെ കുത്തിനോവിക്കുന്നുണ്ടായിരുന്നുവെങ്കിലും ഒന്നും പുറത്തുകാണിക്കാതെ ഞാൻ ക്രിക്കറ്റിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു.

ജീവിതത്തിൽ കൊലപാതകം നടത്തുന്നതിനെക്കാൾ വലിയ തെറ്റായി ഞാൻ കരുതുന്നത് ക്രിക്കറ്റിനെ വഞ്ചിക്കുന്നതാണ്. അത് ചെയ്യാൻ എനിക്കൊരിക്കലും കഴിയില്ല.
വാതുവയ്പിൽ ഏർപ്പെട്ട ഗുരുനാഥ് മെയ്യപ്പൻ ടീം മാനേജ്മെന്റിന്റെ ഭാഗമായിരുന്നു എന്നത് ശരിയാണ്. എന്നാൽ ഗുരു ടീമുടമയാണെന്നത് ശരിയല്ല. എൻ. ശ്രീനിവാസന്റെ മരുമകൻ എന്ന നിലയിലായിരുന്നു കളിക്കാരുമായിട്ടുള്ള ബന്ധം.