ipl-cricket
ipl cricket

മുത്തയ്യ മുരളീധരനും വി.വി.എസ് ലക്ഷ്മണനും ടോം മൂഡിയും പിന്നണിയിൽ കേൻ വില്യംസണും മാർട്ടിൻ ഗപ്ടിലും ഭുവനേശ്വർ കുമാറും യൂസഫ് പഠാനും ബേസിൽ തമ്പിയും ഷാക്കിബ് അൽഹസനുമൊക്കെ മുന്നണിയിൽ. വിലക്കിന്റെ കാലദോഷം മായ്ച്ചുകളഞ്ഞ് മുൻ നായകൻ ഡേവിഡ് വാർണറും കൂടിയെത്തുമ്പോൾ ഇൗ ഐ.പി.എല്ലിലെ ഏറ്റവും ശക്തമായ ടീമുകളിലൊന്നാണ് സൺറൈസേഴ്സ് ഹൈദരാബാദ്.

ടീം ഹിസ്റ്ററി

2013 ൽ കുമാർ സംഗക്കാരയുടെ ക്യാപ്ടൻസിയിൽ രംഗപ്രവേശം നടത്തിയപ്പോൾ നാലാം സ്ഥാനക്കാരായി പ്ളേ ഒാഫിലെത്തി പുറത്തായി. തുടർന്നുള്ള രണ്ട് സീസണുകളിലും ആറാം സ്ഥാനക്കാർ. എന്നാൽ 2016 ൽ വാർണർ ഐ.പി.എൽ കിരീടം ഹൈദരാബാദിലെത്തിച്ചു. 2017 ൽ പ്ളേ ഒാഫിലെത്തി. കഴിഞ്ഞ സീസൺ ഫൈനലിൽ ചെന്നൈ സൂപ്പർ കിംഗ്സിനോട് തോൽവി.

കരുത്തും ദൗർബല്യവും

കേൻ വില്യംസൺ എന്ന മികച്ച നായകനാണ് സൺറൈസേഴ്സിന്റെ ശക്തി.

പരിചയ സമ്പന്നരായ താരങ്ങൾ സൺറൈസേഴ്സിന്റെ നട്ടെല്ലാണ്. ഷാക്കിബ് അൽഹസൻ, യൂസഫ് പഠാൻ, ഡേവിഡ് വാർണർ, ഗപ്ടിൽ, ഭുവനേശ്വർ കുമാർ തുടങ്ങിയവരുടെ അനുഭവസമ്പത്ത് ടീമിന് ഉൗർജമേകുന്നു.

. മികച്ച യുവതാരങ്ങളെയും സൺറൈസേഴ്സിന്റെ പ്രത്യേകതയാണ്. സ്പിന്നർ റാഷിദ് ഖാൻ, പേസർ ബേസിൽ തമ്പി, മുഹമ്മദ് നബി, സിദ്ധാർത്ഥ് കൗൾ, ഖലീൽ അഹമ്മദ് തുടങ്ങിയവരൊക്കെ സൺറൈസേഴ്സ് നൽകിയ അവസരങ്ങളിലൂടെയാണ് ശ്രദ്ധേയരായത്.

. വിജയ് ശങ്കർ, ജോണി ബെയർ സ്റ്റോ എന്നിവരുടെ സാന്നിദ്ധ്യം ഇൗ സീസിൽ കൂടുതൽ ശക്തി പകരും.

. മികച്ച പ്രകടനം തുടരുന്നതിനിടയിലെ ദാരുണ പരാജയങ്ങളാണ് സൺറൈസേഴ്സിന്റെ ദൗർബല്യം.

. കഴിഞ്ഞ സീസണിൽ ബൗളിംഗിലൂടെയാണ് കൂടുതൽ വിജയങ്ങൾനേടിയതും. ബാറ്റിംഗിൽ വാർണറുടെ ഫോം നിർണായകമാകും.

സപ്പോർട്ടിംഗ് സ്റ്റാഫ്

ഹെഡ് കോച്ച്: ടോം മൂഡി

ബൗളിംഗ് കോച്ച്: മുത്തയ്യ മുരളീധരൻ

മെന്റർ: വി.വി.എസ്. ലക്ഷമൺ

ഞങ്ങളുടെ ടീമിൽ സൂപ്പർസ്റ്റാർ സംസ്കാരമില്ല. എല്ലാ കളിക്കാരും അവരുടെ മികച്ചപ്രകടനം പുറത്തെടുത്ത് ടീമിന്റെ വിജയമാണ് ആഗ്രഹിക്കുന്നത്.

വി.വി.എസ്. ലക്ഷ്‌മൺ

മലയാളിത്തിളക്കം

ബേസിൽ തമ്പിയെ ദേശീയ തലത്തിൽ ശ്രദ്ധേയനാക്കിയത് സൺറൈസേഴ്സിനുവേണ്ടിയുള്ള മികച്ച പ്രകടനമാണ്. ബേസിലിന്റെ യോർക്കറുകൾ എതിരാളികളുടെ പേടി സ്വപ്നമാണ്. സൺറൈസേഴ്സിന്റെ പരിശീലന ക്യാമ്പിൽ മികച്ച ആത്മവിശ്വാസത്തിലാണ് ബേസിൽ.

ജ്വലിക്കട്ടെ കൊൽക്കത്ത

രണ്ടുതവണ ഐ.പി.എൽ കിരീടം നേടിയിട്ടുള്ള കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനെ കഴിഞ്ഞ മൂന്ന് സീസണുകളായി പ്ളേ ഒാഫിലെത്തി പടം മടക്കുന്നത് ശീലമാക്കിയവരാണ്. 2012 ൽ ചെന്നൈയെയും 2014 ൽ പഞ്ചാബ് കിംഗ്സിനെയും ഫൈനലിൽ തോൽപ്പിച്ചാണ് ഷാറൂഖ് ഖാന്റെ ടീം കിരീടം നേടിയത്. 2015 ൽ പ്ളേ ഒഫ് കടക്കാനാകാതെ മടങ്ങി. 2016 ൽ എലിമിനേറ്ററിൽ പുറത്തായി. 2017 ലും 18 ലും എലിമിനേറ്ററിൽ വിജയിച്ചെങ്കിലും രണ്ടാം ക്വാളിഫയറിൽ തോറ്റു.

ഇക്കുറി കിരീടം തിരിച്ചുപിടിക്കുക തന്നെയാണ് ലക്ഷ്യം. ഇന്ത്യൻ വിക്കറ്റ് കീപ്പർ ദിനേഷ് കാർത്തിക്കാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ഇക്കുറിയും നയിക്കുന്നത്.

കരീബിയൻ കരുത്ത്

വിൻഡീസ് താരങ്ങളാണ് കഴിഞ്ഞ സീസണുകളിൽ കൊൽക്കത്തയുടെ കുന്തമുനകൾ. 2012 മുതൽ മാന്ത്രിക സ്പിന്നർ സുനിൽ നരെയ്ൻ ടീമിലുണ്ട്. ആന്ദ്രേ റസൽ, കാർലോസ് ബ്രാത്ത് വെയ്റ്റ് എന്നിവരും ടീമിലെ ചിരപരിചിതർ.

ഉത്തമൻ ഉത്തപ്പ

2014 ലാണ് ഉത്തപ്പ കൊൽക്കത്തയിലെത്തിയത്. തുടർന്നുള്ള എല്ലാസീസണുകളിലും മികച്ച പ്രകടനം. ഐ.പി.എല്ലിൽ ഏറ്റവും കൂടുതൽ അനുഭവസമ്പത്തുള്ള കളിക്കാരിൽ ഒരാൾ.

ശുഭ വാർത്ത

1.8 കോടിരൂപ മുടക്കി ഇന്ത്യൻ കൗമാരപ്രതിഭ ശുഭ്‌മാൻ ഗില്ലിനെ കൊൽക്കത്ത നിലനിറുത്തിയിട്ടുണ്ട്. ഉറച്ചുനിന്ന് ബാറ്റ് ചെയ്യാൻ കഴിവുള്ള ബാറ്റ്സ്മാൻ എന്ന ലേബലാണ് ഗില്ലിനുള്ളത്. ഇന്ത്യൻ സ്പിന്നർ കുൽദീപ് യാദവും ബ്രഹ്‌മാസ്ത്രമാണ്.

മലയാളിത്തിളക്കം

പകരക്കാരനായാണ് വിളിയെത്തിയതെങ്കിലും മലയാളി പേസർ സദീപ് വാര്യർ ഇക്കുറി ഉറച്ച പ്രതീക്ഷയിലാണ്. രഞ്ജി, വിജയ് ഹസാരെ സെയ്ദ് മുഷ്‌താഖ് അലി ട്രോഫികളിലെ മികച്ചപ്രകടനം ഐ.പി.എല്ലിലും ആവർത്തിക്കാമെന്നാണ് പ്രതീക്ഷ.

സപ്പോർട്ടിംഗ് സ്റ്റാഫ്

ഹെഡ് കോച്ച്: ജാക് കാലിസ്

അസിസ്റ്റന്റ് കോച്ച്: സൈമൺ കാറ്റിച്ച്

മെന്റർ: അഭിഷേക് നായർ

ചെന്നൈയുടെ വരുമാനം

സൈനികരുടെ കുടുംബത്തിന്

ചെന്നൈ : നാളെ ബാംഗ്ളൂർ റോയൽ ചലഞ്ചേഴ്സുമായി നടക്കുന്ന ആദ്യ ഐ.പി.എൽ മത്സരത്തിന്റെ ടിക്കറ്റ് വില്പനയിൽ നിന്നുള്ള വരുമാനം ചെന്നൈ സൂപ്പർ കിംഗ്സ് പുൽവാമ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സൈനികരുടെ കുടുംബങ്ങൾക്കായി സമർപ്പിക്കും.

ലുംഗി ഇല്ലാതെ ചെന്നൈ

ചെന്നൈ : ഐ.പി.എല്ലിൽ നിലവിലെ ചാമ്പ്യൻമാരായ ചെന്നൈയുടെ നിരയിൽ ഇക്കുറി ദക്ഷിണാഫ്രിക്കൻ പേസർ ലുംഗി എൻഗിഡി ഉണ്ടാവില്ല. ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കിടെ പരിക്കേറ്റതിനാലാണ് എൻഗിഡി ഐ.പി.എല്ലിൽനിന്ന് പിൻമാറിയത്.