തിരുവനന്തപുരം : പി.ടി. ഉഷയുടെ പ്രിയ ശിഷ്യ ടിന്റുലൂക്ക ട്രാക്കിനോട് വിട പറയുകയാണെന്ന വാർത്ത പൂർണമായും ശരിയല്ലെന്ന് പി.ടി. ഉഷ. വ്യക്തിപരമായ കാര്യങ്ങൾക്കായി കുറച്ചുനാൾ മത്സരങ്ങളിൽനിന്ന് മാറിനിൽക്കാനാണ് ടിന്റു തീരുമാനിച്ചിരിക്കുന്നത്. ട്രാക്കിനോട് വിട പറഞ്ഞിട്ടില്ലെന്നും ഉഷ പറഞ്ഞു.
കഴിഞ്ഞ ദിവസം ദേശീയ അത്‌ലറ്റിക്സ് ക്യാമ്പിൽ നിന്ന് ടിന്റുവിന്റെ പേര് പിൻവലിക്കാൻ പരിശീലകയായ ഉഷ അത്‌ലറ്റിക്സ് ഫെഡറേഷൻ ഒഫ് ഇന്ത്യയ്ക്ക് കത്തുനൽകിയിരുന്നു. ഇതോടെയാണ് ടിന്റു കരിയർ അവസാനിപ്പിക്കുകയാണെന്ന് വാർത്ത പരന്നത്.
2002 ൽ പി.ടി. ഉഷ ഉഷ സ്കൂൾ ഒഫ് അത്‌ലറ്റിക്സ് രൂപീകരിച്ചതുമുതൽ ഒപ്പമുള്ള ടിന്റു ഒളിമ്പക്സിലുൾപ്പെടെ ഇന്ത്യയ്ക്ക് വേണ്ടി മത്സരിച്ചിട്ടുണ്ട്. ദേശീയ ക്യാമ്പിന്റെ പദവിയുള്ള ഉഷ സ്കൂളിൽത്തന്നെയായിരുന്നു ടിന്റുവിന്റെ പരിശീലനവും. കഴിഞ്ഞ മാസം ടിന്റു ഇവിടത്തെ പരിശീലനം അവസാനിപ്പിച്ചിരുന്നു.
രണ്ട് കാരണങ്ങളാണ് ടിന്റു താത്കാലിക ഇടവേളയെടുക്കാൻ വഴിയൊരുക്കിയത്. ഒന്ന്, റെയിൽവേയിൽ ഒാഫീസർ ഒാൺ സ്‌പെഷ്യൽ ഡ്യൂട്ടിയായി ടിന്റുവിന് സ്ഥാനക്കയറ്റം ലഭിച്ചു. സേലത്താണ് ജോലി. ഇതോടെ ജോലിയിൽ മുഴുവൻ സമയവും ചെലവിടേണ്ടതുണ്ട്. കഴിഞ്ഞമാസം ജോലിയിൽ ടിന്റു ചാർജെടുത്തു.
രണ്ട്, ടിന്റുവിന് 29 വയസ് കഴിയുന്നു. വീട്ടിൽ വിവാഹാലോചനകൾ വന്നുതുടങ്ങി. കായിക കരിയറിന് ബ്രേക്ക് നൽകി വിവാഹം നടത്താനാണ് വീട്ടുകാരുടെ ആഗ്രഹം. പി.ടി. ഉഷയും ഇൗ തീരുമാനത്തോട് യോജിക്കുകയായിരുന്നു. വിവാഹശേഷം ഭർത്താവിന്റെ കൂടി താത്പര്യം അറിഞ്ഞായിരിക്കും ട്രാക്കിലേക്കുള്ള മടക്കം,.
ട്രാക്കിലെ ടിന്റു
17 കൊല്ലം മുമ്പാണ് ഉഷ സ്കൂളിലെ ആദ്യ ബാച്ചുകാരിയായി ഇരിട്ടി വാളത്തോട്ടുനിന്ന് ടിന്റു എത്തുന്നത്.
ടിന്റുവിന്റെ കഴിവ് തിരിച്ചറിഞ്ഞ് പ്രത്യേക പരിഗണന നൽകിയാണ് പി.ടി. ഉഷ പരിശീലിപ്പിച്ചത്.
സബ് ജൂനിയർ, ജൂനിയർ ദേശീയ മീറ്റുകളിലൂടെയും സ്കൂൾ മീറ്റുകളിലൂടെയും ടിന്റു വളർച്ചയുടെ പടവുകൾ ഒാരോന്നായി ചവിട്ടി.
ഉഷയുടെ ഒളിമ്പിക് മെഡൽ പ്രതീക്ഷയായിരുന്നു ടിന്റു. രണ്ട് ഒളിമ്പിക്സുകളിൽ പങ്കെടുത്തെങ്കിലും (2012 ലണ്ടൻ, 2016 ലിയോ) മെഡൽ നേടാനായില്ല.
. എന്നാൽ ഏഷ്യയിൽ നിരവധി മെഡലുകൾ വാരിക്കൂട്ടാൻ ടിന്റുവിന് കഴിഞ്ഞു.
. 2014 ലെ ഇഞ്ചിയോൺ ഏഷ്യൻ ഗെയിംസിൽ 4 x 400 മീറ്റർ റിലേയിൽ സ്വർണം നേടിയ ടീമിൽ അംഗമായിരുന്നു.
. ഇഞ്ചിയോൺ ഏഷ്യൻ ഗെയിംസിൽ 800 മീറ്ററിൽ വെള്ളിയും ഗ്വാജ് ഷു ഏഷ്യൻ ഗെയിംസിൽ ഇൗയിനത്തിൽ വെങ്കലവും നേടി.
. ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പുകളിൽനിന്ന് ആറ് മെഡലുകൾ നേടിയിട്ടുണ്ട്.
. 2013 പൂനെ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ 4 x 400 മീറ്റർ റിലേ സ്വർണം.
. 2015 വുഹാൻ ചാമ്പ്യൻഷിപ്പിൽ 800 മീറ്റർ സ്വർണം, റിലേ വെള്ളി.
. 2011 ലും 2013 ലും 800 മീറ്ററിൽ വെങ്കലം 2011 ൽ റിലേ വെള്ളി.
. 2016 ലെ ഒളിമ്പിക്സിന് ശേഷം പരിക്കുമൂലം അധികം മത്സരങ്ങൾക്ക് ഇറങ്ങാൻ കഴിഞ്ഞില്ല. കാൽമുട്ടിലെ പരിക്ക് കാരണം ജക്കാർത്ത ഏഷ്യൻ ഗെയിംസിലും മത്സരിച്ചില്ല.
. 2008 ൽ ജൂനിയർ ഏഷ്യൻ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിലെ വെള്ളി മെഡലുമാണ് ടിന്റു അന്താരാഷ്ട്ര അരങ്ങേറ്റം നടത്തിയത്.
. ഡൽഹി കോമൺ വെൽത്ത് ഗെയിംസ് ഉൾപ്പെടെയുള്ള മത്സരങ്ങളിൽ ആദ്യലാപ്പിൽ മികച്ച ലീഡ് നേടിയശേഷം പിന്നാക്കം പോയത് ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.
. 2010 ൽ ഷൈനിവിൽസണിന്റെ 15 വർഷം പഴക്കമുള്ള 800 മീറ്ററിലെ റെക്കാഡ് തകർത്ത് 1 മിനിട്ട് 59.17 സെക്കൻഡിൽ ഫിനിഷ് ചെയ്തതാണ് മികച്ച സമയം.