bjp

തിരുവനന്തപുരം: പത്തനംതിട്ട ഒഴിച്ച് പതിമൂന്ന് മണ്ഡലങ്ങളിലെ ബി.ജെ.പി സ്ഥാനാർത്ഥികളെ ഇന്നലെ അഖിലേന്ത്യാ നേതൃത്വം പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പോർക്കളം തെളിയുകയാണ്. ബി.ജെ.പി പട്ടികയിൽ മുൻനിര നേതാക്കളായുള്ളത് തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന് പുറമെ സി.കെ. പത്മനാഭനും (കണ്ണൂർ) ശോഭ സുരേന്ദ്രനും (ആറ്റിങ്ങൽ) കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനവും (എറണാകുളം) എ.എൻ. രാധാകൃഷ്ണനും (ചാലക്കുടി) മാത്രം. ശബരിമല സമരത്തിന്റെ പ്രഭവകേന്ദ്രമായ പത്തനംതിട്ട മണ്ഡലവും ശബരിമലസമരനായകനെന്ന് ബി.ജെ.പി വാഴ്‌ത്തുന്ന കെ. സുരേന്ദ്രനും ഇന്നലത്തെ പട്ടികയിൽ ഇല്ലാത്തത് രാഷ്ട്രീയകേന്ദ്രങ്ങളിൽ ചർച്ചയായി.

പത്തനംതിട്ടയിലെ സ്ഥാനാർത്ഥിയെ ഇന്നലെ പ്രഖ്യാപിക്കാതിരുന്നത് മറ്റാരെയോ അവിടെ പരിഗണിക്കുന്നുണ്ടെന്ന അഭ്യൂഹം പരത്തി. അത് പ്രവർത്തകരെ ആശയക്കുഴപ്പത്തിലാക്കുകയും ചെയ്‌തു. കെ. സുരേന്ദ്രൻ ഏറെ മോഹിക്കുന്ന പത്തനംതിട്ടയിൽ കോൺഗ്രസിലെ ഒരു ഉന്നതൻ ബി. ജെ. പി സ്ഥാനാർത്ഥിയാകുമെന്നാണ് അഭ്യൂഹം. അത് ഊഹാപോഹം മാത്രമാണെന്നും അവിടെ കെ. സുരേന്ദ്രന്റെ സ്ഥാനാർത്ഥിത്വം ഇന്ന് പ്രഖ്യാപിക്കുമെന്നുമാണ് ബി.ജെ.പി കേന്ദ്രങ്ങൾ പറയുന്നത്.

സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ളയോ കെ. സുരേന്ദ്രനോ സ്ഥാനാർത്ഥി എന്ന തർക്കവും കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനത്തിന്റെ ആഗ്രഹപ്രകടനവും പത്തനംതിട്ടയെ ശ്രദ്ധാകേന്ദ്രമാക്കിയിരുന്നു.

ആർ.എസ്.എസ് നേതൃത്വത്തിന്റെയും അഖിലേന്ത്യാ അദ്ധ്യക്ഷൻ അമിത്ഷായുടെയും ഇടപെടൽ സുരേന്ദ്രന്റെ സ്ഥാനാർത്ഥിത്വത്തിന് വഴിതുറന്നുവെന്നായിരുന്നു സൂചനകൾ. അതിൽ നിന്നാണ് വീണ്ടും അനിശ്ചിതത്വത്തിലേക്ക് വീണിരിക്കുന്നത്.

തിരുവനന്തപുരം കഴിഞ്ഞാൽ ബി.ജെ.പിക്ക് ഏറെ പ്രതീക്ഷയുള്ളത് പത്തനംതിട്ടയിലാണ്. ശബരിമല സമരത്തിന്റെ കേന്ദ്രസ്ഥാനമെന്ന നിലയിൽ അവിടെ ഹിന്ദുധ്രുവീകരണം ആർ.എസ്.എസും പ്രതീക്ഷിക്കുന്നു. അവിടെയുള്ള തർക്കവും അനിശ്ചിതത്വവും ബി.ജെ.പിയിലും അസ്വാരസ്യമുണ്ടാക്കുന്നു.

പട്ടികയോട് എതിർപ്പ് ശക്തം

ഇന്നലെ പ്രഖ്യാപിച്ച സ്ഥാനാർത്ഥി പട്ടികയിൽ വർഷങ്ങളായി കർമ്മരംഗത്തുള്ള പാർട്ടിമുഖങ്ങൾ കുറവാണെന്ന ആക്ഷേപമുണ്ട്. ആർ.എസ്.എസ് നോമിനികളോ പുതുതായി പാർട്ടിയിലെത്തിയവരോ ആണ് ഏറെ. വി. മുരളീധരപക്ഷത്ത് നിന്ന് പാലക്കാട്ടെ സി. കൃഷ്ണകുമാർ മാത്രമാണുള്ളത്. കൃഷ്ണദാസ് ചേരിയിൽ നിന്ന് ചാലക്കുടിയിലെ എ.എൻ. രാധാകൃഷ്ണനും വടകരയിലെ വി.കെ. സജീവനും കൊല്ലത്തെ സാബുവും മാത്രം. കുമ്മനത്തിന് പുറമേ മലപ്പുറത്തെ വി.ഉണ്ണികൃഷ്ണനും പൊന്നാനിയിലെ വി.ടി. രമയും ആലപ്പുഴയിലെ കെ.എസ്. രാധാകൃഷ്ണനും കാസർകോട്ടെ രവീശ തന്ത്രിയും ആർ.എസ്.എസ് നോമിനികൾ. സി.കെ. പത്മനാഭന് പ്രത്യേക ചേരിയില്ല. ശോഭ സുരേന്ദ്രന് സംസ്ഥാന അദ്ധ്യക്ഷൻ ശ്രീധരൻപിള്ളയോട് അനുഭാവം. ഇതെല്ലാം പാർട്ടിയിൽ അസ്വസ്ഥത വിതയ്ക്കുന്നുണ്ട്.