ancy-bava

കൊടുങ്ങല്ലൂർ: ന്യൂസിലാൻഡിലെ മുസ്ളീംപള്ളിയിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട അൻസി അലിബാവയുടെ മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾക്ക് വിവരം ലഭിച്ചു. അന്ന് പുലർച്ചെ മൂന്നിന് നെടുമ്പാശ്ശേരി എയർപോർട്ടിലെത്തുന്ന മൃതദേഹം അന്നു തന്നെ കബറടക്കും.

പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ന്യൂസിലൻഡ് പൊലീസ്, അൻസിയുടെ മൃതദേഹം ഇന്ത്യൻ എംബസിക്ക്‌ കൈമാറി. ന്യൂസിലാൻഡ് ക്രൈസ്റ്റ് ചർച്ച് നഗരത്തിലെ അൽ നൂർ മസ്ജിദിൽ വെള്ളിയാഴ്ച്ചയിലെ ജുമാ നിസ്കാരത്തിനിടയിലുണ്ടായ ഭീകരാക്രമണത്തിലാണ് അൻസി ഉൾപ്പെടെ അമ്പത് പേർ കൊല്ലപ്പെട്ടത്. ടി.കെ.എസ് പുരം പരേതനായ കരിപ്പിക്കുളം അലി ബാവയുടെ മകളും, ലോകമലേശ്വരം പൊന്നാത്ത് നാസറിന്റെ ഭാര്യയുമായ അൻസി, നാട്ടിൽ ബി.ടെക് പൂർത്തിയാക്കിയ ശേഷം ഉന്നതപഠനത്തിനായി ഒരു വർഷം മുമ്പാണ് ഭർത്താവിനൊപ്പം ന്യൂസിലാൻഡിലേക്ക് പോയത്.