മറയൂർ: ആഡംബരകാറിൽ ചന്ദനം കടത്തിയ കേസിൽ നാലുപേർ കൂടി അറസ്റ്റിലായി. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ആറായി. കാന്തല്ലൂർ പഞ്ചായത്തിലെ പെരടി പള്ളം സ്വദേശി ബാലകൃഷ്ണൻ (36), ഭാര്യ നാഗറാണി (28), വണ്ണാന്തുറൈ സ്വദേശി മുത്തു (35), ഭാര്യ ശിവശങ്കരി (29) എന്നിവരാണ് പിടിയിലായത്. നാഗറാണിയെയും ശിവശങ്കിരയെയും പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. മറ്റ് രണ്ട് പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഇവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് ലക്ഷങ്ങളാണ് എത്തിയിരുന്നതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. മാർച്ച് 11ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ അടിമാലിക്കടുത്ത് വാളറയിൽ നടത്തിയ വാഹന പരിശോധനയ്ക്കിടയിലാണ് ആഡംബര കാറിലെ രഹസ്യ അറയിൽ നിന്ന് 60 കിലോ ചന്ദനം കണ്ടെടുത്തിയത്. കാറിലുണ്ടായിരുന്ന മലപ്പുറം സ്വദേശി സെയ്ഫുദ്ദീൻ, കാസർകോട് സ്വദേശി മധുസൂദനൻ എന്നിവരെ വനംവകുപ്പ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തതോടെയാണ് ചന്ദനക്കടത്തിൽ ഏർപ്പെട്ടിരുന്ന രണ്ടു സ്ത്രീകൾ ഉൾപ്പെടെ നാലുപേരെക്കുറിച്ച് സൂചന ലഭിച്ചത്.

സെയ്ഫുദ്ദീന്റെ മൊബൈൽ ഫോണിൽ നിന്ന് ഇപ്പോൾ പിടിയിലായവരുടെ അക്കൗണ്ട് നമ്പറുകൾ ലഭിച്ച വനംവകുപ്പ് ഉദ്യാഗസ്ഥർ നടത്തിയ അന്വേഷണത്തിൽ ഒരു മാസത്തിനുള്ളിൽ ലക്ഷങ്ങൾ കൈമാറിയിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു.

ബാങ്കുകൾ മുഖേനയല്ലാതെ നേരിട്ടും ഇവർ പണം കൈപ്പറ്റിയിട്ടുണ്ടെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. കിലോയ്ക്ക് 2500 രൂപ മുതൽ 3000 രൂപ വരെ വിലയ്ക്കാണ് മലപ്പുറം സംഘത്തിന് ഇവർ ചന്ദനം കൈമാറിയത്. ചന്ദനത്തിന്റെ വിലയിൽ 25 ശതമാനം മാത്രമാണ് ബാങ്ക് അക്കൗണ്ട് വഴി നൽകിയതെന്നും ബാക്കി തുക നേരിട്ടാണ് നൽകിയതെന്നും വനംവകുപ്പ് അധികൃതർ പറഞ്ഞു.