തിരുവനന്തപുരം: കോവളം ബീച്ചുൾപ്പെടെ തീരമേഖലയിലും തന്ത്രപ്രധാനമായ വി.എസ്.എസ്.സി മെയിൻ ഓപ്പറേറ്റിംഗ് സെന്ററിലും അർദ്ധരാത്രിക്ക് ശേഷം ദുരൂഹ സാഹചര്യത്തിൽ ഡ്രോൺ കാമറ പറത്തിയ സംഭവത്തിൽ കേന്ദ്ര ഏജൻസികളും ഇന്റലിജൻസും അന്വേഷണം തുടങ്ങി. കാമറ പറത്തിയവരെ കണ്ടെത്താൻ സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിൽ സിറ്റി പൊലീസും രംഗത്തെത്തി.
കോവളം സമുദ്രാ ബീച്ചിന് സമീപം രാത്രി 12.55ന് നൈറ്റ് പട്രോൾ പൊലീസ് സംഘമാണ് ഡ്രോൺ കാമറ പറക്കുന്നത് ആദ്യം കണ്ടത്. സമുദ്രാബീച്ചിലും പരിസരത്തും നിരീക്ഷണത്തിലായിരുന്ന കൺട്രോൾ റൂം പൊലീസ് സംഘം രാത്രിയിൽ സ്കൂട്ടറിന്റെ ഇരമ്പൽ പോലെയുള്ള ശബ്ദം കേട്ട് നടത്തിയ തെരച്ചിലിലാണ് ആകാശത്ത് ഡ്രോൺ കാമറ പറക്കുന്നതായി തിരിച്ചറിഞ്ഞത്.
ബീച്ചിലോ പരിസരത്തോ ആരെങ്കിലും ഓപ്പറേറ്റ് ചെയ്യുന്നതാകുമെന്ന് കരുതി അവിടം അരിച്ചുപെറുക്കിയെങ്കിലും ആരെയും കണ്ടെത്താനായില്ല. ബീച്ചിൽ നിന്ന് തീരം കേന്ദ്രീകരിച്ച് ഡ്രോൺ വടക്കുഭാഗത്തേക്ക് നീങ്ങിയതോടെ പൊലീസ് കൺട്രോൾ റൂമിൽ നിന്ന് എയർ പോർട്ടിലേക്ക് അലർട്ട് സന്ദേശം നൽകി. തുടർന്ന് രണ്ടുമണിക്കൂറിന്ശേഷം പുലർച്ചെ 2.55 ഓടെ തുമ്പയിലെ വി.എസ്.എസ്.സിയുടെ മെയിൻ സ്റ്റേഷന് മുകൾ ഭാഗത്തായി ഡ്രോൺ പറക്കുന്നത് സുരക്ഷാ ചുമതലയുള്ള സി.ഐ.എസ്.എഫ് ജീവനക്കാർ കണ്ടെത്തുകയായിരുന്നു.
എന്നാൽ ഡ്രോൺ കാമറ വി.എസ്.എസ്.സി കോമ്പൗണ്ടിൽ പ്രവേശിച്ചതിന്റെ ദൃശ്യങ്ങൾ വി.എസ്.എസ്.സിയുടെ സുരക്ഷാ കാമറകളിൽ പതിഞ്ഞിട്ടില്ല.വിക്രം സാരാഭായ് സ്പേസ് റിസർച്ച് സെന്ററിൽ അർദ്ധരാത്രി ഡ്രോൺ പ്രവേശിച്ചതോടെയാണ് സംഭവം ദുരൂഹതയ്ക്കിടയാക്കിയത്. ഈ സാഹചര്യത്തിലാണ് ഇന്റലിജൻസ് ഉൾപ്പടെയുള്ള ഏജൻസികൾ അന്വേഷണം നടത്തുന്നത്.
വി.എസ്.എസ്.സിയിലെ സി.ഐ.എസ്.എഫ് ജീവനക്കാർ അറിയിച്ചതനുസരിച്ച് തുമ്പ പൊലീസും കേന്ദ്രഏജൻസികളും രാത്രിയിൽ വി.എസ്.എസ്.സിയിലെത്തി വിവരങ്ങൾ ശേഖരിച്ചു. ഡ്രോൺ പ്രത്യക്ഷപ്പെട്ടതായ സന്ദേശത്തെ തുടർന്ന് ആക്കുളത്തെ എയർഫോഴ്സ് ഓഫീസ്, വിമാനത്താവളം, പാങ്ങോട് മിലിട്ടറി ക്യാമ്പ് എന്നിവിടങ്ങളിലെല്ലാം രാത്രിതന്നെ സുരക്ഷാ വിഭാഗങ്ങൾ അതീവ ജാഗ്രതയിലായി. വിമാനത്താവളത്തിന്റെ റഡാർ സംവിധാനമുൾപ്പെടെയുള്ള അത്യാധുനിക സുരക്ഷാ സംവിധാനത്തിലൊന്നും ഡ്രോൺ പതിഞ്ഞിട്ടില്ല. പൊലീസുമായി സഹകരിച്ചാകും ഇന്റലിജൻസിന്റെ അന്വേഷണം.വി.എസ്.എസ്.സി കോമ്പൗണ്ടിൽ പ്രത്യക്ഷപ്പെട്ട ഡ്രോൺ സുരക്ഷാ ജീവനക്കാർക്ക് വെടിവച്ചിടാമായിരുന്നുവെങ്കിലും അതുണ്ടായില്ല. ഇതും അന്വേഷണവിധേയമായിട്ടുണ്ട്. ഷൂട്ടിംഗ് ആവശ്യത്തിനാണ് ഡ്രോൺ പറത്തിയതെങ്കിൽ അതിന് പൊലീസ് അനുമതി ആവശ്യമാണ്. അതും പകൽമാത്രമേ പാടുള്ളൂ.
പൊലീസ് അനുമതിയില്ലാതെ അർദ്ധരാത്രി
ആരാണ് ഡ്രോൺ പറത്തിയതെന്നാണ് അന്വേഷിക്കുന്നത്. വാഹന സഹായത്തോടെ റോഡ് മാർഗമോ ബോട്ടിൽ കടൽവഴിയോ എത്തിയ സംഘമാകാം ഡ്രോൺ കാമറ ഓപ്പറേഷന് പിന്നിലെന്നാണ് പൊലീസിന്റെ സംശയം. ഇത് ആരെന്ന് കണ്ടെത്താൻ റോഡുകളിലെ കാമറകൾക്കൊപ്പം സൈബർ പൊലീസ് സഹായത്തോടെ മൊബൈൽ നമ്പർ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്.
പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ കേരളമുൾപ്പടെയുള്ള തീരമേഖലകളിൽ അതീവജാഗ്രത പുലർത്തണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം കർശനനിർദേശം നൽകിയിരുന്നു. കടൽമാർഗം ഭീകരർ നുഴഞ്ഞു കയറാനുള്ള സാദ്ധ്യത കണക്കിലെടുത്ത് സുരക്ഷ ശക്തമാക്കാനും നിർദേശം നൽകി. ഈ സാഹചര്യത്തിലാണ് സംശയങ്ങളൊഴിവാക്കാൻ പഴുതടച്ച അന്വേഷണം നടത്താൻ പൊലീസും ഇന്റലിജൻസും തീരുമാനിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിന് ഡ്രോൺ കാമറ ഉപയോഗിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ ഇതിനിടെ സിറ്റി പൊലീസിന് അപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും അതിനുള്ള ഓഫീസ് നടപടികൾ പുരോഗമിക്കുന്നതേയുള്ളൂ.