തിരുവനന്തപുരം: വിളപ്പിൽശാല മാലിന്യ സംസ്കരണ പ്ളാന്റ് അടച്ചുപൂട്ടിയതോടെ ഓട്ടം നിലച്ച ലക്ഷങ്ങൾ വില മതിക്കുന്ന നഗരസഭയുടെ ലോറികൾ ഫോർട്ട് സോണൽ ഓഫീസ് വളപ്പിൽ തുരുമ്പെടുത്ത് നശിക്കുന്നു. കാലപ്പഴക്കമില്ലാത്ത വാഹനങ്ങൾ ലേലം ചെയ്ത് വിൽക്കാൻ സർക്കാരിൽ നിന്നുള്ള പ്രത്യേക ഉത്തരവ് ലഭിക്കാത്തതാണ് ലോറികളുടെ ഒരേ കിടപ്പിന് കാരണം. ടിപ്പർ, മിനിലോറി, മിനി ടിപ്പർ, വാട്ടർ ടാങ്കറുകൾ തുടങ്ങി ഒരു ഡസനോളം വാഹനങ്ങളാണ് ഫോർട്ടിലെ ഗ്യാരേജിലുള്ളത്. വിളപ്പിൽശാലയിൽ ഉപയോഗിച്ചിരുന്ന 60ലധികം വാഹനങ്ങൾ ഇവിടെ സൂക്ഷിച്ചിരുന്നെങ്കിലും കാലപ്പഴക്കമുള്ള മൂന്ന് ഡസൻ വാഹനങ്ങൾ കഴിഞ്ഞവർഷം നഗരസഭ ലേലം ചെയ്ത് ഒഴിവാക്കി.

പത്തുവർഷത്തിൽ കുറവ് കാലപ്പഴക്കമുള്ള വാഹനങ്ങൾ ലേലം ചെയ്ത് വിൽക്കാൻ സർക്കാരിൽ നിന്നുള്ള പ്രത്യേക ഉത്തരവ് വേണം. ഇതാണ് ശേഷിക്കുന്ന ലോറികൾക്ക് തടസമായത്. ഉറവിട മാലിന്യ സംസ്കരണ പദ്ധതിയുൾപ്പെടെ മാലിന്യ സംസ്കരണത്തിന് പുതിയ പദ്ധതികൾ നടപ്പിലായതോടെ ഈ ലോറികൾക്ക് ഓട്ടം ഇല്ലാതായി. നിരന്നുകിടക്കുന്ന വാഹനങ്ങൾക്ക് മീതെ മാലിന്യങ്ങളും പാഴ്ച്ചെടികളും മൂടികഴിഞ്ഞു. പൊളിഞ്ഞുവീണും ചപ്പുചവറുകൾ കുന്നുകൂടിയും ഇഴജന്തുക്കളുൾപ്പെടെ പല ക്ഷുദ്രജീവികളുടെയും വാസകേന്ദ്രമാണ് ഇപ്പോൾ ഇവിടം.
വർഷങ്ങളായി മഴയും വെയിലുമേറ്റ് നശിച്ച ഇവയുടെ ടയറുകൾ പഞ്ചറായി നിലംപറ്റി. പലവാഹനങ്ങളും അറ്റകുറ്റപ്പണി നടത്തി പൂർവ സ്ഥിതിയിലാക്കാൻ പുതിയ വാഹനങ്ങളുടെ വിലയോളം പണം മുടക്കേണ്ട സ്ഥിതിയാണ്. ലക്ഷങ്ങളുടെ സാമ്പത്തിക നഷ്ടമാണ് ഇത് നഗരസഭയ്ക്കുണ്ടാക്കുക.

നേരത്തെ ലേലം ചെയ്ത വാഹനങ്ങൾ -36

ലേലത്തുക - 59 ലക്ഷം

നിലവിലെ വാഹനങ്ങളുടെ ഏകദേശമൂല്യം - 1.45 കോടി

സർക്കാർ അനുമതി ലഭിച്ചാൽ ലേലം
ഏറെ നാളായി ഓടാതെ കിടന്ന വാഹനങ്ങൾ പലതും ഇപ്പോൾ വലിയ അറ്റകുറ്റപ്പണി ആവശ്യമായ നിലയിലാണ്. സർക്കാർ അനുമതി ലഭിച്ചാലുടൻ ഇവ ലേലം ചെയ്യാൻ നടപടി സ്വീകരിക്കും. സമയബന്ധിതമായി ലേലം ചെയ്ത് സാമ്പത്തിക നഷ്ടം ഒഴിവാക്കും.

വി.കെ പ്രശാന്ത്, മേയർ