rambabu

ഹാഷിഷ് സൂക്ഷിച്ചത് ഇന്നോവ കാറിന്റെ ഡോർപാനലിൽ

തിരുവനന്തപുരം: അന്താരാഷ്ട്ര വിപണിയിൽ 13 കോടി രൂപ വിലവരുന്ന 13.5കിലോ ഹാഷിഷ് ഓയിലുമായി അന്ധ്ര സ്വദേശി ഉൾപ്പെടെ അഞ്ചുപേർ എക്‌സൈസ് പിടിയിലായി. ഇന്നലെ രാവിലെ ആക്കുളം കേന്ദ്രീയ വിദ്യാലയത്തിന് സമീപത്തു നിന്നാണ് കാറിൽ കടത്താൻ ശ്രമിച്ച ഹാഷിഷ് പിടികൂടിയത്. 8.4 ലക്ഷം രൂപയും ഇവർ സഞ്ചരിച്ചിരുന്ന ഇന്നോവാകാറും പിടിച്ചെടുത്തു. ഹാഷിഷ് ഓയിൽ കവറുകളിലാക്കി ഇന്നോവ കാറിന്റെ ഡോർപാനലിൽ ഒളിപ്പിച്ച നിലയിലായിരുന്നു. ആന്ധ്ര സ്വദേശി റാംബാബു, തിരുവനന്തപുരം സ്വദേശികളായ ഷഫീഖ്, സാജൻ, ഇടുക്കിക്കാരായ അനിൽ, ബാബു എന്നിവരാണ് പിടിയിലായത്. രഹസ്യസന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സംഘത്തെ പിടികൂടിയതെന്ന് എക്‌സൈസ് കമ്മിഷണർ ഋഷിരാജ്‌സിംഗ് പറഞ്ഞു.

ഹാഷിഷ് ഓയിൽ ആന്ധ്രയിൽ നിന്നു തമിഴ്‌നാട്ടിലൂടെ ഇടുക്കിവഴി ജീപ്പിൽ തിരുവനന്തപുരത്ത് എത്തിക്കുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യം. ഡിണ്ടുകൽ വച്ച് ജീപ്പ് കേടായതിനെത്തുടർന്ന്‌ തിരുവനന്തപുരത്തുള്ള കാർ ഇവർ വിളിച്ചുവരുത്തുകയായിരുന്നു. നഗരത്തിലെ മയക്കുമരുന്ന് സംഘങ്ങളുടെ ഇടനിലക്കാരന് കൈമാറാൻ കൊണ്ടുവന്നതാണ്‌ ഹാഷിഷ് എന്നാണ്‌ പ്രതികൾ മൊഴി നൽകിയത്. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.

അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണർ സുൽഫിക്കർ, ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ ഉബൈദ്, അഡിഷണൽ എക്‌സൈസ് കമ്മിഷണർ വിജയൻ എന്നിവരുടെ മേൽനോട്ടത്തിൽ എക്‌സൈസ് ഇൻസ്‌പെക്ടർമാരായ ജി. കൃഷ്ണ കുമാർ, പ്രദീപ് റാവു, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ മുകേഷ്‌കുമാർ, പ്രിവന്റീവ് ഓഫീസർമാരായ ദീപു കുട്ടൻ, സന്തോഷ് കുമാർ, സുനിൽ രാജ്, ബൈജു, സിവിൽ എക്‌സൈസ് ഓഫീസർമാരായ ശിവൻ, കൃഷ്ണ പ്രസാദ്, ജസീം, സുബിൻ, അരുൺകുമാർ, ഷാജി കുമാർ, സനൽ, പ്രവീൺ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

വൻ തോതിൽ ലഹരി ഒഴുകുന്നു

ഒൻപത് മാസത്തിനിടെ തിരുവനന്തപുരം എക്സൈസ് സർക്കിൾ പിടികൂടിയത് 45 കോടിയുടെ ഹാഷിഷ് ഓയിൽ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഒരു വർഷത്തിനിടെ പിടികൂടിയത് ‌1000 കോടിയുടെ മയക്കുമരുന്നുകൾ. കേരളത്തിലേക്ക് വൻതോതിൽ ലഹരി ഒഴുകുന്നുവെന്നതിന് തെളിവാണിതെന്ന് എക്സൈസ് അധികൃതരും വ്യക്തമാക്കുന്നു. അടുത്തിടെ തലസ്ഥാനത്തെ നടുക്കിയ കരമനയിലെ യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെല്ലാം ലഹരിക്ക് അടിമകളാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇന്നലെ പിടികൂടിയ ഹാഷിഷ് ഓയിൽ നഗരത്തിന്റെ വിവിധ മേഖലകളിൽ എത്തിക്കാനുള്ളതായിരുന്നു. മാലി ബന്ധമുള്ള ഇടനിലക്കാരാണ് തലസ്ഥാനത്ത് ചില്ലറ വില്പന നടത്തുന്നതെന്ന്‌ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.