ശ്രീനഗർ: ജമ്മു കാശ്മീരിൽ രണ്ടിടങ്ങളിലായി നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. കാശ്മീരിലെ ഷോപ്പിയാനിലും ബന്ദിപ്പോരയിലുമായിരുന്നു ഏറ്റുമുട്ടൽ നടന്നത്. ബന്ദിപ്പോരയിൽ ഭീകരർ ബന്ദിയാക്കിയിരുന്ന പതിനൊന്നുകാരനും കൊല്ലപ്പെട്ടു. ഷോപിയാൻ ജില്ലയിലെ ഇമാം ഷഹാബ് മേഖലയിലെ ഒരു വീട്ടിൽ ഭീകരർ ഒളിച്ചിരിക്കുന്നെന്ന വിവരത്തെത്തുടർന്ന് പുലർച്ചെ നാലരയോടെയാണ് സുരക്ഷാ സേന വീട് വളഞ്ഞത്. വീടിനകത്തുനിന്ന് സൈന്യത്തിന് നേരെ വെടിവയ്പുണ്ടായപ്പോൾ സൈന്യം തിരിച്ചടിക്കുകയായിരുന്നു. രണ്ട് എ.കെ 47 തോക്കുകൾ കൊല്ലപ്പെട്ട ഭീകരരുടെ കൈയിൽനിന്ന് പിടിച്ചെടുത്തതായി സൈനിക വക്താവ് കേണൽ രാജേഷ് കാലിയ പറഞ്ഞു. ലഷ്കറെ തയ്ബ ഭീകരരാണ് കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം.
ബന്ദിപോരയിൽ പ്രദേശവാസികളെ ഭീകരർ ബന്ദികളാക്കിയിരുന്നതിനാൽ വളരെ ജാഗ്രതയോടെയായിരുന്നു സൈന്യത്തിന്റെ ഇടപെടൽ. ഇന്നലെ ഇവരിലൊരാളെ മോചിപ്പിച്ചെങ്കിലും പതിനൊന്നുകാരനെ രക്ഷിക്കാനായില്ല. വെടിവയ്പിൽ തകർന്ന കെട്ടിടത്തിൽനിന്നു ബാലന്റെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. വ്യാഴാഴ്ചയാണ് കുട്ടിയെയും മറ്റൊരാളെയും ഭീകരർ ബന്ദികളാക്കിയത്. അതിർത്തിയിലെ പലയിടങ്ങളിലും ഭീകരരും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണ്.