തൂവാനത്തുമ്പികളിലെ ക്ളാരയെ പ്രേക്ഷകർ മറന്നിട്ടില്ല. കർണാടകത്തിലെ മാണ്ഡ്യയിൽ നിന്ന് ജനവിധി തേടുന്ന സുമലത വിജയിച്ചാൽ അതു ചരിത്രമാണ്! സെൻട്രൽ ബംഗളൂരുവിൽ മത്സരിക്കുന്ന നടൻ പ്രകാശ്‌രാജ് ജയിച്ചാലും ചരിത്രം തന്നെ.
ബംഗളൂരു: കർണാടകത്തിൽ നിന്ന് ലോക്‌സഭയിലേക്ക് സുമലതയും പ്രകാശ് രാജും സ്വതന്ത്രരായി ജയിച്ചാൽ അതു ചരിത്രം. കാരണം, കന്നടമണ്ണിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥികൾ ആരെങ്കിലും ലോക്‌സഭ കണ്ടിട്ട് വർഷം അമ്പത്തിരണ്ടായി.
1967ൽ ദിനകര ദേശായിയാണ് (ഡി.ഡി ദത്താത്രേയ)യാണ് കർണാടകത്തിൽ നിന്ന് ഏറ്റവും അവസാനം ലോക്‌സഭയിലേയ്ക്ക് ജയിച്ച സ്വതന്ത്രൻ. പഴയ മൈസൂരിലെ കാനറ മണ്ഡലത്തിൽ അദ്ദേഹം പരാജയപ്പെടുത്തിയത് സുഗന്ധി മുരുഗപ്പ സിദ്ധപ്പയെ. അതിനു ശേഷം ഒറ്റ തിരഞ്ഞെടുപ്പിലും ഒരു സ്വതന്ത്രനോടും കർണാടകം കരുണ കാണിച്ചിട്ടില്ല.
സുമലതയുടെ ഭർത്താവ് അംബരീഷ് മൂന്നു തവണ മാണ്ഡ്യയിൽ നിന്നുള്ള കോൺഗ്രസ് എം.പിയും ഒരുതവണ എം.എൽ.എയുമായിരുന്നു. മുൻ കേന്ദ്രമന്ത്രി. കഴിഞ്ഞ നവംബറിലായിരുന്നു അംബരീഷിന്റെ മരണം. പക്ഷേ, ഇത്തവണ സീറ്റ് വിതംവച്ചപ്പോൾ മാണ്ഡ്യയിൽ ടിക്കറ്റു കിട്ടിയത് ജെ.ഡി.എസിന്. അവിടെ മത്സരിക്കുന്നതാകട്ടെ, മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ മകനും കന്നടയിലെ യുവതാരവുമായ നിഖിൽ ഗൗഡയും! അതോടേ, സുമലത സ്വതന്ത്രയായി മത്സരിക്കാൻ രംഗത്തിറങ്ങുകയായിരുന്നു. കഴിഞ്ഞ ദിവസം നൂറുകണക്കിന് ആരാധകരുടെയും കോൺഗ്രസ് അനുഭാവികളുടെയും അകമ്പടിയോയെയാണ് പഴയ തൂവാനത്തുമ്പികളിലെ ക്ളാര നാമനിർദ്ദേശപത്രികാ സമർപ്പണത്തിന് എത്തിയത്. സുമലതയും നിഖിൽ ഗൗഡയും ഒരുമിച്ച് അഭിനയിച്ച ചില സിനിമകളുണ്ട്. വോട്ടെടുപ്പ് തീരുംവരെ ആ സിനിമകൾ സംപ്രേഷണം ചെയ്യുന്നതിന് വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ് ദൂരദർശൻ.
നടൻ പ്രകാശ്‌രാജ് സെൻട്രൽ ബംഗളൂരുവിൽ നിന്നാണ് സ്വതന്ത്രനായി ജനവിധി തേടുന്നത്. ബി.ജെ.പിയുടെ ഹിന്ദുത്വ നിലപാടുകൾക്കെതിരെ ശക്തമായി പ്രതികരിക്കുന്ന പ്രകാശ് രാജിന് കോൺഗ്രസിനോട് മൃദു സമീപനം. അതുകൊണ്ടുതന്നെ കോൺഗ്രസിൽ നിന്ന് കുറച്ചു വോട്ട് പ്രകാശ്‌രാജിന്റെ അക്കൗണ്ടിൽ വീഴാതിരിക്കില്ലെന്നാണ് പ്രതീക്ഷ. ആം ആദ്മി പാർട്ടി അദ്ദേഹത്തിന് പിൻന്തുണ അറിയിച്ച് പ്രചാരണ പരിപാടികളിൽ പങ്കെടുക്കുന്നുണ്ട്.