കാൽപ്പന്തുകളിയുടെ ആവേശം ചടുതലയും അപ്രവചനീയതുമാണ്. ഒരു നിമിഷത്തിൽ ക്രോസ് ബാറിനു മുകളിലൂടെ മൂളിപ്പറക്കുന്ന പന്ത് തൊട്ടടുത്ത നിമിഷം വല തുളച്ചു കടന്നു പോയെന്നും വരാം. അങ്ങനെയുള്ള ചടുലതകൾ മുറ്റി നിൽക്കുമ്പോഴാണ് ഫുട്ബോൾ ആവേശഭരിതമാകുന്നത്. അത്തരത്തിൽ ഫുട്ബോളിനെ പ്രമേയമാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത അർജന്റീനഫാൻസ് കാട്ടൂർകടവ് എന്ന സിനിമ ചടുലതയേയും അപ്രവചനീയതേയും വിട്ട് താരതമ്യേന വിരസമായ ഗോൾരഹിത പകുതികളിലേക്കും പിന്നീട് എക്‌സ്‌ട്രാ ടൈമിലേക്കും ആയുസ് നീട്ടിയെടുക്കുന്ന ഒരു പന്തുകളിയാണ്.
ആരുമാരും ഗോളടിക്കാത്ത പകുതികൾ
ബാല്യം മുതൽ ഒന്നിച്ചു കളിച്ചു വളർന്നവർ. നായകൻ ഫുട്ബോൾ താരമായപ്പോൾ 'കാമുകി' ആരാധികയും നല്ലൊരു സഖാവുമൊക്കയായി മറുവശത്ത് വളർന്നു. അവർക്കിടയിൽ മൊട്ടിടുന്ന പ്രണയത്തെ കാൽപന്തു കളിയുടെ ആവേശത്തിലേക്ക് നിറയ്ക്കുന്നതാണ് സിനിമയുടെ ആകെത്തുക. ഫുട്ബോൾ ഭ്രാന്തിനൊപ്പം എരിവിനായി ഇത്തിരി ചുവപ്പൻ രാഷ്ട്രീയവും കൂടി ചേരുന്നുണ്ട് സിനിമയിൽ. ആദ്യ പകുതിയിൽ നായകന്റേയും നായികയേയും ബാല്യം മുതൽ കോളേജ് കാലം വരെയുള്ള സന്തോഷകരമായ ഫ്രീകിക്കുകളുടേയും ഗോളുകളുടേയും യഥേഷ്ട ഒഴുക്കാണ്. ഫുട്ബോൾ മത്സരത്തിന്റെ ആവേശം സിനിമയിലുണ്ടെങ്കിലും ആരുമാരും ഗോളടിക്കുന്നില്ല. അല്ലെങ്കിൽ മന:പൂർവം ഗോളടിക്കാൻ ശ്രമിക്കുന്നില്ല. ഇടയ്ക്കിടെ നായകന്റെ ചില സെൽഫ് ഗോളുകൾക്കുള്ള ശ്രമം നായിക കൃത്യമായി തട്ടിയകറ്റുന്നുണ്ട്.
എന്നാൽ, ആദ്യ പകുതിയുടെ തെല്ലും ആവേശമില്ലാത്ത രണ്ടാം പകുതിയാണ് സിനിമയ്ക്ക്. കടുത്ത ജീവിത യാഥാർത്ഥ്യങ്ങളിലേക്ക് കടക്കുമ്പോൾ, ജീവിത ഭാരം കാരണം ഗോളുകൾ അടിക്കാൻ മറന്ന് അതിജീവനത്തിന് വേണ്ടി മാത്രം പോരാടുന്ന ഡിഫൻഡർമാരായി നായകനും നായികയും ഫാൻസുകാരും മാറുന്നു. ഫലമോ, മത്സരം എക്‌സ്‌ട്രാടൈമിലേക്ക് നീളുന്നു എന്നത് തന്നെ. ഒടുവിൽ, ആ എക്‌ട്രാടൈമിലും ഗോൾ പിറക്കാതെ വരുമ്പോൾ ക്ളൈമാക്സിൽ അപ്രതീക്ഷിതമായി നായികയുടെ സെൽഫ് ഗോളിൽ നായകൻ വീണുപോവുകയാണ്.
സാഹിത്യകാരൻ അശോകൻ ചരുവിലിന്റെ കഥയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് മിഥുനും ജോൺ മന്ത്രിക്കലും ചേർന്നാണ്. ടെലിവിഷനിൽ 2010 മുതൽ 2018 വരെയുള്ള ലോകകപ്പുകൾ കാണുന്നതും തൃശൂർ ഇരിങ്ങാലക്കുടയിലെ കാട്ടൂർക്കടവ് എന്ന ഗ്രാമത്തിൽ അർജന്റീനയ്ക്കും ബ്രസീലിനുമൊക്കെ ഫാൻസ് ക്ളബ്ബുകൾ ഉണ്ടാക്കിയാൽ തീരുന്നതുമാണ് കാൽപന്തു കളിയുടെ ആവേശമെന്ന ധാരണയിൽ നിന്നുരുത്തിരിഞ്ഞതാണ് ഈ തിരക്കഥ. സുഡാനി ഫ്രം നൈജീരിയ എന്ന സിനിമ കാൽപ്പന്തുകളിയുടെ ആവേശമെന്തെന്നതും മലബാറിലെ ജനത ഫുട്ബോളിനെ എങ്ങനെ നെഞ്ചേറ്റുന്നവെന്നതും നമുക്ക് കാണിച്ചുതന്നതാണ്. നെല്ലിക്ക ചവച്ചരച്ച് തിന്ന ശേഷം അവസാനം കിണർവെള്ളം കോരിക്കുടിക്കുമ്പോഴുണ്ടാകുന്ന മാധുര്യം സമ്മാനിക്കാൻ ഈ സിനിമയ്ക്ക് കഴിയാതെ പോയി എന്നത് ഏറ്റവും വലിയ പരാധീനതയായി നിലനിൽക്കുന്നു. ഇടയ്ക്കിടെ വാമോസ് അർജന്റീന എന്ന് നായകനും ആരാധകരും തൊണ്ടപൊട്ടുമാറ് വിളിക്കുകയും മെസിയുടെ നൂറടി ഉയരമുള്ള കട്ടൗട്ട് വച്ചാൽ എല്ലാം ആയെന്ന് കരുതുന്നതും അന്യായമാണ്.
ഫുട്ബോളിലെ പ്രണയത്തിനും ഒരു വശ്യതയുണ്ട്, മനോഹാരിതയുണ്ട്. എന്നാൽ തുടക്കം മുതൽ നായികയോടുള്ള പ്രണയം കൊണ്ടുനടക്കുന്ന നായകനായി മാത്രം പരിണമിക്കാനേ യുവനടൻ കാളിദാസ് അവതരിപ്പിച്ച വിപിനൻ എന്ന കഥാപാത്രത്തിനാകുന്നുള്ളൂ. ഫുട്ബോളിന്റെ ആവേശം മുഴുവൻ തന്നിലേക്ക് ആവാഹിക്കുന്ന തരത്തിലുള്ള അഭിനയമൊന്നും കാളിദാസ് പുറത്തെടുക്കുന്നുമില്ല. മത്സരത്തിനിടെ കാലിന് പരിക്കേറ്റ് പുറത്ത് പോകുമ്പോൾ എന്തുപറ്റിയെന്ന് ചോദിക്കുന്ന സഹപാഠികളോട് ഇനിയെന്തോന്ന് പറ്റാൻ എന്നു ചോദിക്കുന്ന ലാഘവമാണ് കാളിദാസിൽ ആദ്യന്തം നിറഞ്ഞുനിൽക്കുന്നത്.
അതേസമയം, ഫുട്ബോളിന്റെ ആരാധികയും തീപ്പൊരി സഖാവുമായി ഓൾറൗണ്ട് പ്രകടനം നടത്തുന്ന ഐശ്വര്യ ലക്ഷ്മിയുടെ മെഹർ എന്ന കഥാപാത്രത്തോട് പ്രേക്ഷകർക്ക് ഇഷ്ടം തോന്നും. തല്ലേണ്ടിടത്ത് തല്ലിയും തലോടേണ്ടിടത്ത് തലോടിയും തികച്ചും അനായാസമായി കഥാപാത്രത്തിലേക്ക് ഇഴുകിച്ചേരുന്നുണ്ട് ഐശ്വര്യ. ഇവർക്കൊപ്പം ഒരുപിടി പുതുമുഖ താരങ്ങളും അണിനിരക്കുന്നു.
ആധുനിക ഫുട്‌ബോളിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളായ അർജന്റീനൻ താരം ലയണൽ മെസിയും സെൽഫ് ഗോളടിച്ചതിന്റെ പേരിൽ അക്രമികളുടെ വെടിയേറ്റ് മരിച്ച കൊളംബിയൻ ഫുട്ബോൾ താരം ആന്ദ്രേ എസ്‌കോബാറും സിനിമയിൽ കൃത്യമായി വന്നുപോകുന്നുണ്ട്. ആന്ദ്രേ എസ്‌ബോറും നായകനും തമ്മിലുള്ള സംസാരം സിനിമയുടെ നല്ലൊരു ഭാഗം അപഹരിക്കുന്നുണ്ട്. 139 മിനിട്ട് ദൈർഘ്യമുള്ള സിനിമ നിങ്ങൾക്ക് പുതുമകളൊന്നും സമ്മാനിക്കില്ല. ഗോപീ സുന്ദർ ഈണം പകർന്ന ഗാനങ്ങളും പശ്ചാത്തല സംഗീതവും സിനിമയ്ക്ക് ഒരു മൂഡൊക്കെ നൽകുന്നുണ്ട്. മെസിയുടെ ആരാധകർക്കായി 'മെസി സോംഗും' സംവിധായകൻ കാത്തുവച്ചിട്ടുണ്ട്.
വാൽക്കഷണം: വാമോസ് പറയാനാകില്ല അർജന്റീന ഫാൻസിനോട്
റേറ്റിംഗ്: 2