സംസ്ഥാനത്ത് മൂന്ന് മുന്നണികളും സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കിയതോടെ ഇനിയുള്ള ഒരുമാസക്കാലം വാശിയും വീറും നിറഞ്ഞ പ്രചാരണത്തിനുള്ള സമയമാണ്. കടുത്ത വേനൽച്ചൂടിനെയും വെല്ലുന്നതാകും പ്രചാരണച്ചൂടെന്നതിൽ സംശയമൊന്നുമില്ല. വിജയം ഉറപ്പിക്കാൻ എല്ലാം മറന്ന് പോരാടുന്ന രാഷ്ട്രീയ കക്ഷികൾക്കു മുന്നിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ പെരുമാറ്റച്ചട്ടങ്ങൾ വൻമതിൽപോലെ ഉയർന്നുനില്പുണ്ട്. എന്നിരുന്നാലും താഴെ തലങ്ങളിൽ ആവേശം പൂണ്ട പ്രവർത്തകരെ നിയന്ത്രിച്ചുനിറുത്താൻ അതൊന്നും മതിയാവണമെന്നില്ല. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് തിരഞ്ഞെടുപ്പ് അക്രമങ്ങൾ ഇവിടെ നന്നേ കുറവാണ്. എങ്കിലും ആവേശം മൂത്തു അവിടവിടെ അക്രമങ്ങൾ അരങ്ങേറാറുണ്ട്. ശാന്തവും സമാധാനപരവുമായ അന്തരീക്ഷം നിലനിറുത്തി തിരഞ്ഞെടുപ്പിലേക്ക് നീങ്ങാൻ എല്ലാ കക്ഷികളും മനസിരുത്തേണ്ടതാണ്. സംസ്ഥാനത്തിന്റെ സൽപ്പേര് നഷ്ടമാക്കുന്നതൊന്നും ചെയ്യാതിരിക്കാൻ അണികളെ പ്രേരിപ്പിക്കുകയും നിർബന്ധിക്കുകയും വേണം. ഇക്കാര്യം ഉറപ്പാക്കാൻ എല്ലാ കക്ഷികളും പ്രത്യേകം ശ്രദ്ധിക്കുകയും വേണം.
പ്രചാരണം ചൂടുപിടിക്കുന്നതിനൊപ്പം പ്രവർത്തകരിൽ ആവേശവും വാശിയും വൈരാഗ്യവും വർദ്ധിക്കുന്നത് സ്വാഭാവികമാണ്. ചുവരെഴുത്തു മുതൽ തുടങ്ങുന്ന പ്രചാരണം പുരോഗമിക്കവെ പ്രവർത്തകർ തമ്മിൽ വാക്കേറ്റത്തിലും കൈയാങ്കളിയിലും വരെ എത്തുന്ന സന്ദർഭങ്ങൾ അപൂർവ്വമല്ല. പലപ്പോഴും നിസാര പ്രശ്നത്തിൽ നിന്നാകും സംഘർഷത്തിന്റെ തുടക്കം. തിരഞ്ഞെടുപ്പ് കാലത്ത് എല്ലാം കാട്ടുതീ പരക്കുന്ന വേഗത്തിൽ പടരുകയും ചെയ്യും. സംഘർഷം പടരാതിരിക്കാനും പ്രവർത്തകരെ നിയന്ത്രിച്ചു നിറുത്താനും പാർട്ടി നേതൃത്വങ്ങൾ ആദ്യം മുതലേ ശ്രദ്ധിക്കണം. ആരോഗ്യകരമായ പ്രചാരണം ഉറപ്പുവരുത്താനാകണം പാർട്ടികൾ ശ്രമിക്കേണ്ടത്.
പത്രിക സമർപ്പണത്തിന് ഇനിയും ദിവസങ്ങളുണ്ടെങ്കിലും സ്ഥാനാർത്ഥിപ്പട്ടിക പൂർത്തിയായ സ്ഥിതിക്ക് പ്രധാന മണ്ഡലങ്ങളിലെല്ലാം പ്രചാരണം തുടങ്ങിക്കഴിഞ്ഞു. ബി.ജെ.പി മാത്രമാണ് രണ്ട് സീറ്റുകളിൽ സ്ഥാനാർത്ഥി നിർണയം വൈകിച്ചത്. എങ്കിലും പ്രചാരണ രംഗത്ത് പ്രധാന മുന്നണികൾക്കൊപ്പം അവരും സ്ഥാനം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ്. പതിവിലും രൂക്ഷമായ വേനൽച്ചൂടിനെ നേരിട്ടുവേണം ഇക്കുറി പ്രചാരണ രംഗത്ത് നിലയുറപ്പിക്കാനെന്നത് എല്ല പാർട്ടികളും നേരിടുന്ന വെല്ലുവിളിതന്നെയാണ്. വോട്ട് ചോദിച്ച് വീടുകളും സ്ഥാപനങ്ങളും കടകളുമൊക്കെ കയറിയിറങ്ങേണ്ടിവരുന്ന സ്ഥാനാർത്ഥികൾക്കും ഒപ്പമുള്ള പ്രവർത്തകർക്കും പരീക്ഷണ നാളുകൾ തന്നെയാണ് മുന്നിലുള്ളത്.
ശബരിമല ഉൾപ്പെടെ പൊതുവിഷയങ്ങൾ ധാരാളമുള്ളതിനാൽ പ്രചാരണരംഗത്ത് വിഷയ ദാരിദ്ര്യം ഉണ്ടാവുകയില്ലെന്നത് എല്ലാ പാർട്ടിക്കാർക്കും അനുഗ്രഹമാകും. പ്രചാരണം കൊഴുക്കുന്നതിനൊപ്പം വ്യക്തിഹത്യയിലേക്കും മറ്റു അനാശാസ്യ പ്രവണതകളിലേക്കും വഴിമാറുന്നതിനുള്ള സാദ്ധ്യതകൾ ഒഴിവാക്കുക തന്നെവേണം. പ്രവർത്തകരെ ആശ്രയിച്ചാകും പ്രചാരണത്തിന്റെ ചുക്കാൻ എന്നതിനാൽ അവരുടെ ഇടപെടലുകൾ എപ്പോഴും നിർണായകമാണ്. സ്ഥാനാർത്ഥികളെല്ലാം ഏറെ അറിയപ്പെടുന്നവരും സമൂഹത്തിൽ ഏറെ ആദരിക്കപ്പെടുന്നവരുമാകയാൽ അവരുടെ അന്തസിന് ചേർന്നതാകണം പ്രചാരണ തന്ത്രങ്ങൾ. എതിരാളിയെ പരാജയപ്പെടുത്തുക എന്നത് ഏത് സ്ഥാനാർത്ഥിയുടെയും മുഖ്യലക്ഷ്യംതന്നെയാകുമെന്നതിൽ സംശയമില്ല. അതേസമയംതന്നെ മത്സരം രാഷ്ട്രീയ സീമകൾ ലംഘിച്ച് വ്യക്തി കേന്ദ്രീകൃതമാകാതിരിക്കുകയും വേണം. വോട്ടെടുപ്പ് കഴിയുന്നതോടെ തിരഞ്ഞെടുപ്പ് ചൂടിന് ശമനമാകും. പ്രചാരണകാലത്ത് പരസ്പരം ഏറ്റുമുട്ടിയവർ വീണ്ടും മുഖാമുഖം കാണേണ്ടവർതന്നെയാണ്. അത് മനസിൽ വച്ചുവേണം തിരഞ്ഞെടുപ്പ് ഗോദയിൽ ഏവരും അണിനിരക്കാൻ.
പ്രബുദ്ധരും രാഷ്ട്രീയ ബോധവുമുള്ളവരാകയാൽ ഇവിടത്തെ വോട്ടർമാരെ ആർക്കും അങ്ങനെയൊന്നും കബളിപ്പിക്കാനാകില്ല. മത്സരകക്ഷികൾക്ക് അതുകൊണ്ടുതന്നെ തങ്ങളുടെ ലക്ഷ്യം നേടാൻ ഏറെ അദ്ധ്വാനവും വേണ്ടിവരും. വോട്ടർമാരിൽ ബഹുഭൂരിപക്ഷവും വ്യക്തമായ നിലപാടുള്ളവരാകയാൽ പ്രചാരണത്തിൽ കൊഴുപ്പും ധൂർത്തും കാണിച്ച് അവരെ എളുപ്പം വശത്താക്കാമെന്ന വിചാരം വേണ്ട. എന്നിരുന്നാലും കഴിയുന്നത്രപേരെ നേരിൽക്കണ്ടുതന്നെ വോട്ട് ചോദിക്കാൻ സ്ഥാനാർത്ഥികൾ നിർബന്ധിതരാണ്. സ്ഥാനാർത്ഥികൾക്കൊപ്പംതന്നെ പ്രവർത്തകരും ഏറെ വിയർപ്പൊഴുക്കേണ്ട കാലമാണ് തിരഞ്ഞെടുപ്പ്.