തിരുവനന്തപുരം: പക്ഷിനിരീക്ഷണമേഖലയിലേക്ക് പറക്കാൻ ആഗ്രഹിക്കുന്നവർക്ക് സഹായകമായി ഒരു മൊബൈൽ ആപ്ലിക്കേഷൻ. ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിൽ കാണുന്ന എഴുനൂറ്റി ഇരുപതോളം പക്ഷികളുടെ വിവരങ്ങളും അവയുടെ തിരിച്ചറിയൽ മാർഗങ്ങളുമടങ്ങിയ മെർലിൻ ബേഡ് ഐ.ഡി ആപ്പാണ് പക്ഷി നിരീക്ഷകർക്ക് മുന്നിൽ ചിറക് വിടർത്തുന്നത്. അമേരിക്കയിലെ കോർണൽ യൂണിവേഴ്‌സിറ്റിയിലെ ലാബ് ഒഫ് ഓർണിത്തോളജിയാണ് ആപ്പിന് പിന്നിൽ.ഗൂഗിൾ പ്ളേസ്റ്റോറിൽ നിന്ന് ഇത് ഡൗൺലോഡ് ചെയ്യാം
വിഷൻ ടെക്‌നോളജി അനുസരിച്ചാണ് ആപ്പിന്റെ പ്രവർത്തനം. പക്ഷിയുടെ ഫോട്ടോ എടുത്ത് ആപ്പിലേക്ക് അപ്‌ലോഡ് ചെയ്താൽ അത് ഏതു പക്ഷിയാണെന്നും അതിന്റെ ശാസ്ത്രീയ വിവരങ്ങളും നിമിഷങ്ങൾക്കകം ലഭിക്കും. ആപ്പിൽ സജ്ജമാക്കിയിട്ടുള്ള ഒരു മില്യൺ ഫോട്ടോകളുടെ സഹായത്തോടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചാണ് പ്രവർത്തനം. വരച്ച ചിത്രമാണെങ്കിൽകൂടി ഏതാണ് ആ പക്ഷിയെന്നതുൾപ്പടെയുള്ള വിവരം ആപ്പ് പറഞ്ഞതരുമെന്ന് ഡബ്ലിയു.ഡബ്ലിയു.എഫ് -ഇന്ത്യ സീനിയർ എഡ്യൂക്കേഷണൽ ഓഫീസർ എ.കെ. ശിവകുമാർ പറഞ്ഞു.
മെർലിൻ ബേഡ്
പക്ഷിനിരീക്ഷകർ വളരെക്കാലം മുൻപേ ലോകത്താകമാനം ഉപയോഗിക്കുന്ന ആപ്പാണ് 'ഇ ബേഡ്'. കോർണൽ യൂണിവേഴ്‌സിറ്റി തന്നെയാണ് ഇതിന്റെയും സ്രഷ്ടാക്കൾ. ഇതിന്റെ സപ്ളിമെന്ററി ആപ്പായാണ് മെർലിൻ ബേഡ് ഐഡി പുറത്തിറക്കിയത്.