park

കാട്ടാക്കട: അവശേഷിച്ച രണ്ട് പെൺസിംഹങ്ങളിൽ ഒരെണ്ണം കൂടി ചത്തതോടെ തെക്കൻ കേരളത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ നെയ്യാർഡാം ലയൺ സഫാരി പാർക്ക് അടച്ചുപൂട്ടലിന്റെ വക്കിലായി.

മൂന്ന് വർഷം മുമ്പ് ഗീർ വനത്തിലെ സുക്കർബർഗ് മൃഗശാലയിൽ നിന്ന് ഒരു ജോടി സിംഹങ്ങളെ കൊണ്ടുവന്ന് പാർക്ക് സജീവമാക്കാൻ വനം വകുപ്പ് തീരുമാനിച്ചിരുന്നെങ്കിലും ഇതിനായി ദേശീയ മൃഗശാല അതോറിട്ടിയുടെ അനുമതി വാങ്ങാനുള്ള ശുപാർശ ഇപ്പോഴും ഫയലിൽ ഉറങ്ങുകയാണ്.

1994ൽ നാല് സിംഹങ്ങളുമായാണ് നെയ്യാർഡാം മരക്കുന്നത്ത് ഇന്ത്യയിലെ ആദ്യത്തെ ലയൺ സഫാരി പാർക്ക് തുടങ്ങിയത്. തുടർന്ന് ഇവ പെരുകി പതിനേഴോളമായി. ആദ്യ കാലത്ത് ആരോഗ്യമുള്ള സിംഹങ്ങൾ വനത്തിൽ സ്വതന്ത്രരായും കാഴ്ചക്കാർ സുരക്ഷിത വാഹനത്തിലുമായി പാർക്കിൽ എന്നും തിരക്കായിരുന്നു. എണ്ണം കൂടിയതോടെ സന്ദർശകരിൽ നിന്നുള്ള വരുമാനം കൂടിയെങ്കിലും സിംഹങ്ങളുടെ സംരക്ഷണം വനം വകുപ്പിന് ബാദ്ധ്യതയായി. ചെലവ് ചുരുക്കാനെന്ന പേരിൽ സിംഹങ്ങളുടെ എണ്ണം കുറയ്ക്കാനായി ആൺ സിംഹങ്ങളെ വന്ധ്യംകരിച്ചതിനെ തുടർന്ന് പ്രതിവർഷം 50 ലക്ഷം രൂപയിലേറെ വരുമാനം ഉണ്ടായിരുന്ന പാർക്ക് നഷ്ടത്തിലായി. വന്ധ്യംകരിച്ചതോടെ അസുഖം ബാധിച്ച സിംഹങ്ങൾ ഒന്നൊന്നായി ചത്തു. സിംഹങ്ങളുടെ പരമാവധി ആയുസ് 17 ആണെന്നിരിക്കെ അവശേഷിക്കുന്ന ബിന്ദു എന്ന 18 വയസുള്ള സിംഹം ഇനി എത്രനാൾ കൂടെ പാർക്കിൽ കാണുമെന്ന ആശങ്കയിലാണ് സഞ്ചാരികൾ. ഇതു കൂടി ചത്താൽ ഇന്ത്യയിലാദ്യമായി തുടങ്ങിയ ലയൺ സഫാരി പാർക്ക് തന്നെ ഓർമ്മയാകും.

കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നാട്ടിലിറങ്ങി പിടിയിലാകുന്ന വന്യമൃഗങ്ങളെ പാർപ്പിച്ച് ചികിത്സിക്കാനുള്ള കേന്ദ്രമായാണ് നെയ്യാർഡാമിലെ ലയൺ സഫാരി പാർക്കിനെ ഇപ്പോൾ ഉപയോഗിക്കുന്നത്. അടുത്തകാലത്ത് വയനാട്ടിൽ നിന്നു പിടികൂടി ചികിത്സയ്ക്കായി എത്തിച്ച കടുവയാണ് ഇപ്പോഴിവിടെയുള്ളത്. മാറിമാറിവരുന്ന സർക്കാരുകൾ ഇവിടെ ടൂറിസം ഡെസ്റ്റിനേഷൻ പദ്ധതികൾ പ്രഖ്യാപിക്കുന്നതല്ലാതെ യാഥാർത്ഥ്യമാക്കാൻ ഒരു നടപടിയും സ്വീകരിക്കുന്നില്ല. ടൂറിസം രംഗത്ത് വൻ വികസന സാദ്ധ്യതകൾ ഉള്ള നെയ്യാർഡാമിൽ ഇറിഗേഷൻ, വനം, ടൂറിസം വകുപ്പുകളുടെ ഏകോപനമില്ലായ്മയാണ് വികസന സാദ്ധ്യതകൾക്ക് വിലങ്ങുതടിയാകുന്നത്.