cow

വെളളറട: വേനൽ കടുത്തതോടെ മലയോരമേഖലകളിലെ കന്നുകാലി കർഷകർ കടുത്ത പ്രതിസന്ധിയിലായി. കന്നുകാലികൾക്ക് ആവശ്യമായ പുല്ല് ശേഖരിക്കാൻ കഴിയാതെ നട്ടം തിരിയുകയാണ് കർഷകർ. പാലിന്റെ അളവ് കൂടുന്നതിനും കട്ടിയുള്ള പാല് ലഭിക്കുന്നതിനും പച്ചപ്പുല്ല് കന്നുകാലികൾക്ക് നൽകണമെന്നിരിക്കെ വേനൽ ശക്തമായതോടെ പലയിടത്തെയും പുല്ലുകൾ കരിഞ്ഞുണങ്ങി പുല്ല് കിട്ടാതായി. ഒപ്പം വരൾച്ചയും തുടങ്ങിയതോടെ കാലികൾക്ക് നൽകാനുള്ള വെള്ളത്തിനും ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. ചൂട് കൂടിയ സാഹചര്യത്തിൽ തോടുകളും കുളങ്ങളും നീരുറവകളും വറ്റിവരണ്ടതോടെ കാലികളെ കുളിപ്പിക്കാൻ പോലുമുള്ള വെള്ളം കർഷകർക്ക് കിട്ടാറില്ല. ശുദ്ധമായ പാൽ ഉത്പാദനം കുറഞ്ഞതോടെ തമിഴ്നാട്ടിൽ നിന്നും മറ്റും വരുന്ന കൃത്രിമ പാലുകൾക്കും ആവശ്യക്കാർ ഏറുന്നതായും പരാതിയുണ്ട്. കടുത്ത കൊഴുപ്പും പശുവിൻ പാലിനെക്കാൾ വില കുറവായതും കാരണം ഈ പാലുകൾക്ക് കച്ചവടവും നടക്കുന്നുണ്ട്.

കന്നുകാലി കർഷകർ ആശ്രയിച്ചിരുന്ന തമിഴ്നാട്ടിൽ നിന്നുള്ള വയ്ക്കേലിന്റെ വരവും കുറഞ്ഞു. ഒരു കെട്ടിന് മുൻപ് നൽകിയിരുന്ന വിലയെക്കാൾ പത്ത് രൂപയിലേറെ വർദ്ധനവുമുണ്ട്. എന്നാൽ ഉത്പാദന ചെലവിന് അനുസരിച്ചുള്ള വരുമാനം ലഭിക്കുന്നില്ലെന്നാണ് കർഷകരുടെ പരാതി.

വേനലിൽ പുല്ലുകൾ കരിഞ്ഞുണങ്ങയതോടെ വരും ദിവസങ്ങൾ ഇനിയും വേനൽ കടുക്കുംമ്പോൾ കന്നുകാലികളെ എങ്ങനെ തീറ്റിപ്പോറ്റുമെന്ന ആശങ്കയിലാണ് കർഷകർ. ചില കർഷകർക്ക് സ്വന്തമായ് ഉണ്ടായിരുന്ന പുല്ല് വളർത്തൽ കേന്ദ്രങ്ങളും കരിഞ്ഞുണങ്ങി. ഇതോടെ കാലികൾക്ക് ആകെ നൽകാൻ കഴിയുന്നത് അമിത വിലകൊടുത്തു വാങ്ങുന്ന വൈക്കോൽ മാത്രം.

പാൽ ഉത്പാദനം കുറഞ്ഞതും വൈക്കോലിന്റെ വില വർദ്ധിക്കുന്നതും ഉപ്പം മറ്റ് വർഗദ്ധിച്ചുവരുന്ന ചെലവുകളും കണക്കിലെടുത്ത് പല കർഷകരും കാലിവളർത്തലിൽ നിന്നും പിൻമാറുകയാണ്. ഉത്പാദിപ്പിക്കുന്ന പാലിന് സഹകരണ സംഘങ്ങൾ വില നൽകുന്നത് പാലിന്റെ കൊഴുപ്പിന്റെ അടിസ്ഥാനത്തിലായതിനാൽ പലർക്കും ഉദ്ദേശിക്കുന്ന വില കിട്ടാറില്ല. വേനൽ കടുത്തതും പച്ച പുല്ല് കിട്ടാത്തതും കാരമം മിക്ക കാലികളുടെയും പാലുകൾക്ക് കൊഴുപ്പ് കുറവായിരിക്കും. ഇതും കർഷകർക്ക് വെല്ലുവിളായാകുകയാണ്.

ക്ഷീരോത്പാദനമേഖലയിൽ കർഷകരെ സഹായിക്കാനുള്ള നിരവധി പദ്ധതികൾ ഉണ്ടെങ്കിലും കർഷകർക്ക് അതിന്റെ പ്രയോജനം ലഭിക്കുന്നില്ല. വേനൽ കണക്കിലെടുത്ത് പാലിന് നേരിയ വിലയെങ്കിലും വർദ്ധിപ്പിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. ഇപ്പോൾ ക്ഷീരോത്പാദക സഹകരണ സംഘങ്ങളിൽ നിന്നും ലഭിക്കുന്നതിനെക്കാൾ കൂടിയവില നൽകി പലസ്ഥലങ്ങളിലും വ്യക്തികളും മറ്റു പുതിയസംഘങ്ങളും രൂപീകരിച്ച് പാൽ ശേഖരിച്ച് വിൽപന നടത്തുന്നതും പതിവാണ്. ഇവിടങ്ങളിൽ പാൽ ഒഴിക്കുന്ന ക്ഷീര കർഷകർക്ക് സഹകരണ സംഘങ്ങളിൽ നിന്നും ലഭിക്കുന്നതിനെക്കാൾ മെച്ചപ്പെട്ടവില ലഭിക്കുന്നതായി കർഷകർ പറയുന്നു.