dd

ബാലരാമപുരം: കുണ്ടുംകുഴിയും നിരഞ്ഞ ബാലരാമപുരം- എരുത്താവൂർ റോഡിന്റെ പുനർ നവീകരണം വൈകുന്നതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം സക്തമാകുന്നു. കഴിഞ്ഞ രണ്ട് വർഷമായി വളരെ ശോചനീയമാണ് റോഡ്. മുൻ എം.എൽ.എ ജമീലാപ്രകാശത്തിന്റെ കാലത്ത് കോവളം നിയോജക മണ്ഡലത്തിൽ ഉൾപ്പെട്ട മുക്കോല മുതൽ ബാലരാമപുരം ഫെഡറൽ ബാങ്ക് വരെയുള്ള ഭാഗം ബി.എം. ആൻഡ് ബി.സി പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ചിരുന്നു. എന്നാൽ ബാലരാമപുരം പഞ്ചായത്ത് ഓഫീസ് മുതൽ എരുത്താവൂർ വരെയുള്ള നവീകരണം അനിശ്ചിതത്വത്തിലാവുകയായിരുന്നു. നിലവിൽ ബാലരാമപുരം- എരുത്താവൂർ റോഡിന്റെ മെയിന്റനൻസ് ജോലികൾക്കായി 15 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. കരാറുകാരുടെ പിൻമാറ്റം കാരണം കഴിഞ്ഞ ഒന്നര വർഷമായി റോഡ് നിർമ്മാണം മുടങ്ങിക്കിടക്കുകയാണ്. ക്വാറി ഉദ്പന്നങ്ങളുടെ വിലവർദ്ധനവ് കാരണം കരാർ തുകയിൽ നിന്നും പത്ത് ശതമാനം തുക അധികം വേണമെന്ന കരാറുകാരുടെ ആവശ്യം ടെൻഡർ കമ്മിറ്റി അംഗികരിക്കാത്തതും റോഡിന്റെ നിർമ്മാണത്തിന് തടസമായി. ടെൻഡർ കമ്മിറ്റിയുടെ മാനദണ്ഡപ്രകാരം കരാർ തുകയിൽ നിന്നും മൂന്നര ശതമാനം മാത്രമേ വർദ്ധിപ്പിച്ച് നൽകാൻ സാധിക്കുകയുള്ളൂ.ബാലരാമപുരം പഞ്ചായത്ത് ഓഫീസിന് മുൻവശം,​ തണ്ണിക്കുഴി വളവ്,​ തേമ്പാമുട്ടം റെയിവെക്രോസ് ജംഗ്ഷൻ,​ തേമ്പാമുട്ടം വയൽക്കര ആലിന് സമീപം,​ തലയൽ കെ.വി.എൽ.പി.എസിന് സമീപം,​ ചാനൽപ്പാലം ജംഗ്ഷന് സമീപം എന്നിവിടങ്ങളിൽ വൻ കുഴികൾ രീപപ്പെട്ടിരിക്കുന്നത്

മൂന്ന് തവണ ക്വട്ടേഷൻ ക്ഷണിച്ച് കരാറുകാരന് സെലക്ഷൻ നോട്ടീസ് നൽകിയെങ്കിലും ആവശ്യപ്പെട്ട അധിക തുക നൽകിയില്ലെന്ന കാരണത്താൽ കരാറുകാരൻ പിൻവാങ്ങുകയായിരുന്നു. തുടർന്ന് അഡ്വ.എം.വിൻസെന്റ് എം.എൽ.എയുടെ ഇടപെടലിനെ തുടർന്നാണ് പുതിയ കരാറുകാരൻ പണി ഏറ്റെടുത്ത് നടത്താമെന്ന് അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ആഴ്ച്ച പണികൾ തുടങ്ങാമെന്ന് കരാറുകാരൻ മരാമത്ത് അധികൃതരെ അറിയിച്ചെങ്കിലും പണികൾ ഇതുവരെയും ആരംഭിച്ചിട്ടില്ല. റോഡിന്റെ നിർമ്മാണജോലികൾ ഇനിയും വൈകുകയാണെങ്കിൽ റോഡ് ഉപരോധം തുടങ്ങിയ പ്രതിഷേധപരിപാടികളുമായി മുന്നോട്ടുപൊകുമെന്ന് നാട്ടുകാർ അറിയിച്ചു.