comfor-t

കിളിമാനൂർ: പഴയകുന്നുമ്മൽ പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ ലഹരി നുണയാൻ എത്തുന്ന സ്കൂൾ കുട്ടികൾ പതിവ് കാഴ്ചയാകുന്നു. നൂറു കണക്കിന് യാത്രക്കാർ തിരക്കു കൂട്ടുന്ന ബസ് സ്റ്റാൻഡിൽ രാവിലെയും വൈകുന്നേരങ്ങളിലുമാണ് കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി നുണയാൻ സ്കൂൾ കുട്ടികൾ എത്താറുള്ളത്. മുതിർന്ന ചിലരാണ് ഇവർക്ക് കഞ്ചാവും മറ്റ് മയക്കു മരുന്നുകളുമൊക്കെ നൽകി വരുന്നതെന്നാണ് ആക്ഷേപം.

സ്കൂളിൽ ഇവർ എത്താത്തത് സംബന്ധിച്ച് കാരണങ്ങൾ ഒന്നും തന്നെ അദ്ധ്യാപകരോ മറ്റ് അധികൃതരോ ശ്രദ്ധിക്കാറില്ലത്രെ. ലൈസൻസ് ഇല്ലെങ്കിലും കുട്ടി സംഘങ്ങൾ വില കൂടിയ ബൈക്കുകളിലാണ് എത്താറ്. ലഹരി നുണഞ്ഞ ശേഷം ബൈക്കുകളിൽ അഭ്യാസം കാട്ടിയാണ് ഇവരുടെ സഞ്ചാരം. രാവിലെ ആയതിനാൽ പൊലീസുകാരുടെ ശ്രദ്ധ ഈ മേഖലയിൽ ഉണ്ടാകാറില്ല. തിരക്കേറിയ റോഡിലൂടെ അമിത വേഗതയിൽ ഇവർ സ്കൂൾ പരിസരത്തെത്തി അക്രമങ്ങൾക്ക് തുനിയാറും ഉണ്ട്. സ്കൂൾ പരിസരങ്ങളിലും കഞ്ചാവ് മാഫിയ തമ്പടിച്ചിട്ടുള്ളതായി അറിയുന്നു. ഗുണദോഷിക്കുന്ന അദ്ധ്യാപകരെ സംഘം ചേർന്ന് ആക്രമിച്ച സംഭവങ്ങളും മേഖലയിൽ അരങ്ങേറിയിട്ടുണ്ട്. രാവിലെയും വൈകിട്ട് പൊലീസും എക്സൈസും സ്കൂൾ പരിസരങ്ങളിലും, ആളൊഴിഞ്ഞ കേന്ദ്രങ്ങളിലും നിരീക്ഷണം ശക്തമാക്കിയാൽ ലഹരിയിൽ അടിമപ്പെടുന്ന പുതുതലമുറയെ രക്ഷിക്കാനാകും എന്നാണ് നാട്ടുകാരുടെയും രക്ഷകർത്താക്കളുടെയും അഭിപ്രായം.