ചെന്നൈ: പ്രമുഖ സംവിധായകനും തിരക്കഥാകൃത്തുമായ കെ.ജി. രാജശേഖരൻ (72) അന്തരിച്ചു. ചെന്നൈ വൽസരവാക്കത്തെ വസതിയിൽ ഇന്നലെ രാത്രിയിലായിരുന്നും അന്ത്യം. ദീർഘകാലമായി ചികിത്സയിലായിരുന്നു. 1947 ഫെബ്രുവരി 12ന് വർക്കല ഇടവാ കരുന്നിലക്കോട് കടകത്തുവീട്ടിൽ ഗോവിന്ദക്കുറുപ്പിന്റെയും ജെ. കമലാക്ഷിഅമ്മയുടെയും മകനായി ജനിച്ച രാജശേഖരൻ കൊല്ലം എസ്.എൻ കോളേജിൽ നിന്നു ബിരുദം പൂർത്തിയാക്കിയ ശേഷമാണു ചെന്നൈയിലെത്തിയത്. പ്രമുഖ സംവിധായകർക്കൊപ്പം സഹായിയായി തുടക്കം. 1978ൽ പത്മതീർത്ഥത്തിലൂടെ സ്വതന്ത്രസംവിധായകനായി. വെല്ലുവിളി, ഇന്ദ്രധനുസ്, യക്ഷിപ്പാറു, വാളെടുത്തവൻ വാളാൽ, തിരയും തീരവും, സാഹസം, പാഞ്ചജന്യം, മാറ്റുവിൻ ചട്ടങ്ങളേ, ചമ്പൽക്കാട്, ബീഡിക്കുഞ്ഞമ്മ, തൊഴിൽ അല്ലെങ്കിൽ ജയിൽ, തിരുത്തൽവാദി തുടങ്ങി മുപ്പതോളം സിനിമകൾ സംവിധാനം ചെയ്തു. കമലഹാസൻ അഭിനയിച്ച ഊമത്തുറൈ എന്ന തമിഴ് ചിത്രവും സംവിധാനം ചെയ്തു. 1992ൽ ഇറങ്ങിയ സിംഹധ്വനിയാണു അവസാന ചിത്രം. പ്രേംനസീർ, സോമൻ, സുകുമാരൻ, ജയൻ, സത്യൻ, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങിയ താരങ്ങൾ അദ്ദേഹത്തിന്റെ സിനിമയിൽ അഭിനയിച്ചു.
ചെന്നെെയിൽ പൊതുദർശനത്തിനുവച്ച ഭൗതിക ശരീരത്തിൽ സിനിമാ പ്രവർത്തകരും അടുത്ത സുഹൃത്തുക്കളും ഇന്നലെ ആദരാഞ്ജലി അർപ്പിച്ചു. വൈകിട്ട് നാലിനു സംസ്‌കരിച്ചു. പിന്നണി ഗായിക അമ്പിളിയാണു ഭാര്യ. രാഘവേന്ദ്രൻ, രഞ്ജിനി എന്നിവർ മക്കളാണ്.
.