shashi-tharoor

തിരുവനന്തപുരം: ചിത്രം തെളിയുകയായി. ചില മണ്ഡലങ്ങൾ മത്സരത്തിന്റെ കാഠിന്യവും സ്ഥാനാർത്ഥികളുടെ വ്യക്തിപ്രഭാവവും കാരണം സ്റ്റാർ പദവി നേടും. അതിൽ ഒന്നാംസ്ഥാനത്ത് തിരുവനന്തപുരമാണ്. രണ്ടാമത് വടകരയും. ശബരിമല സമരത്തിന്റെ പ്രഭവകേന്ദ്രമായ പത്തനംതിട്ടയും ആകാംക്ഷയുണർത്തുന്നുണ്ടെങ്കിലും ബി.ജെ.പി സ്ഥാനാർത്ഥി വന്നിട്ടില്ലെന്നതിനാൽ പൂർണചിത്രമായിട്ടില്ല.

ശബരിമല വിഷയത്തിൽ ഇടതിനോട് ഇടഞ്ഞുനിൽക്കുന്ന എൻ.എസ്.എസിന്റെ സ്വാധീനം തിരുവനന്തപുരത്തുൾപ്പെടെ അനുകൂലമായി പ്രതിഫലിക്കുമെന്ന് ബി.ജെ.പി കരുതുന്നു.

തിരുവനന്തപുരത്ത് ഏഴിൽ നാല് നിയോജകമണ്ഡലങ്ങളിലും ഒന്നാമതെത്തിയിട്ടും ബി.ജെ.പി 15470 വോട്ടിന് പരാജയപ്പെട്ടത് മറ്റ് മൂന്നിടത്ത് വല്ലാതെ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടതിനാലാണ്. ക്രൈസ്തവനാടാർ സമുദായത്തിന് നല്ല സ്വാധീനമുള്ള ഈ മൂന്നിടത്തും മറ്റ് ഹൈന്ദവവോട്ടുകൾ പരമാവധി സ്വരൂപിക്കുകയും നാടാർവോട്ടുകളിൽ ഒരു പങ്ക് നേടുകയും ചെയ്യുകയെന്ന കണക്കുകൂട്ടലുമായാണ് ബി.ജെ.പി നീങ്ങുന്നത്. കോൺഗ്രസ് വോട്ട് ബി.ജെ.പിക്ക് മറിക്കുമെന്ന് സി.പി.എം ഇവിടെ ആരോപിക്കുന്നതും അതുകൊണ്ടാണ്. ഈ മണ്ഡലങ്ങളിലെ സി.എസ്.ഐ സഭാസ്വാധീനവും തീരമേഖലയിലെ ന്യൂനപക്ഷവോട്ടുകളും കഴിഞ്ഞതവണത്തെ പോലെ അനുകൂലമാക്കിയെടുക്കാമെന്ന് കോൺഗ്രസ് കരുതുമ്പോൾ കഴിഞ്ഞതവണ ബെന്നറ്റിന് പ്രതികൂലമായ വോട്ടുകൾ കൂടി അനുകൂലമാക്കി മുന്നേറാനാകുമെന്ന് ഇടതുമുന്നണിയും പ്രതീക്ഷിച്ച് കരുക്കൾ നീക്കുന്നു.

എല്ലാ പാർലമെന്റ് മണ്ഡലങ്ങളിലും സ്വന്തംനിലയ്ക്ക് കുറഞ്ഞത് ഒരു ലക്ഷം വോട്ടുകളുണ്ടെന്നാണ് ബി.ജെ.പി വിലയിരുത്തൽ. 2014ൽ വടകരയിൽ കോൺഗ്രസ് വിജയിച്ചത് 3306 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു. ബി.ജെ.പി അന്ന് 75000ൽപ്പരം വോട്ടുകൾ അവിടെ പിടിച്ചു. പി. ജയരാജനെതിരെ കെ. മുരളീധരന് വേണ്ടി എല്ലാവരുമൊന്നിച്ചാൽ ഇടതുസ്ഥാനാർത്ഥി അട്ടിമറിക്കപ്പെടാമെന്ന് സി.പി.എം കരുതുന്നത് അതിനാലാണ്.

ആദ്യലാപ്പിൽ വോട്ട് മറിക്കൽ ആരോപണം

വോട്ട് മറിക്കൽ ആരോപണത്തിൽ മൂന്ന് മുന്നണികളും ആക്രമണ-പ്രത്യാക്രമണവുമായി നേർക്കുനേർ നിന്നതോടെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യലാപ്പിൽ അത് മുഖ്യ അജൻഡയായി. കോ-ലീ-ബി സഖ്യത്തിന്റെ പുതിയ പതിപ്പ് കേരളത്തിൽ അഞ്ചിടത്ത് യു.ഡി.എഫും ബി.ജെ.പിയും പരീക്ഷിക്കുന്നുവെന്ന് ആരോപിച്ച് ആദ്യമെത്തിയത് സി.പി.എമ്മാണെങ്കിൽ പരാജയത്തിന്റെ മുൻകൂർ ജാമ്യമെടുക്കലാണെന്ന് അതിനെ വിശേഷിപ്പിച്ചത് കോൺഗ്രസാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരെ സി.പി.എം വട്ടിയൂർക്കാവിൽ കോൺഗ്രസിന് വോട്ട് മറിച്ചെന്ന ആരോപണമുയർത്തി കുമ്മനം രാജശേഖരൻ രംഗത്തെത്തിയതോടെ തർക്കത്തിൽ ബി.ജെ.പിയും കക്ഷിയായി. വട്ടിയൂർക്കാവ് മോഡൽ ഇക്കുറി തിരുവനന്തപുരത്ത് ആവർത്തിക്കുമെന്നാണ് ആക്ഷേപം.

ഏറ്റവുമൊടുവിൽ എ.ഐ.സി.സി മുൻ വക്താവ് ടോം വടക്കൻ ബി.ജെ.പിയിൽ ചേർന്നത് സി.പി.എമ്മിന് ആയുധമായി. ബി.ജെ.പിയുടെ റിക്രൂട്ടിംഗ് ഏജന്റായി കോൺഗ്രസിനെ മുഖ്യമന്ത്രി വിശേഷിപ്പിച്ചു. ന്യൂനപക്ഷവോട്ട് ബാങ്കുകളെ ലക്ഷ്യമിട്ടാണ് ആരോപണങ്ങൾ ഇടതുപക്ഷം ശക്തിപ്പെടുത്തുന്നത്.

എന്നാൽ,​ ന്യൂനപക്ഷവോട്ടുബാങ്കുകളിൽ വിശ്വാസ്യത ഉറപ്പിക്കാനുള്ള തീവ്രശ്രമമാണ് യു.ഡി.എഫ് ക്യാമ്പിന്റേത്. ശബരിമല യുവതീപ്രവേശന വിഷയത്തിൽ വിശ്വാസലംഘനം ആരോപിക്കുന്ന യു.ഡി.എഫ് നേതൃത്വം,​ ന്യൂനപക്ഷ ആരാധനാലയങ്ങളോടും ഇതേ നിലപാടുണ്ടാകുമെന്ന് പ്രചരിപ്പിക്കുന്നത് ഈ ലക്ഷ്യത്തോടെ. ചർച്ച് ബിൽ വിവാദത്തെ സർക്കാർ തള്ളിപ്പറഞ്ഞിട്ടും യു.ഡി.എഫ് കിട്ടുന്ന അവസരങ്ങളിൽ അത് ആയുധമാക്കുന്നു.