അല്ല മാളോരെ, അറിയാഞ്ഞിട്ടു ചോദിക്കുവാ, ഇവിടെ പൊലീസോ സർക്കാരോ ഉണ്ടോ? പെണ്ണുങ്ങക്ക് പേടിയില്ലാതെ കഴിയാമ്പറ്റുവോ? ഇൗയാണ്ടുപൊറപ്പിന്റന്ന് ഇവിടെന്തൊരു പൂരമാരുന്നു. നവോത്ഥാനമെന്നോ, പെൺമതിലെന്നോ ഒക്കെ പറഞ്ഞ്, ഒരുമാസം ഒരുക്കം നടത്തി, ഒത്തിരി കാശുംമൊടക്കി ഒരു മതിലുകെട്ടിയിട്ട് രണ്ടുമാസമല്ലേ ആയൊള്ളൂ. അന്നത് കെട്ടുമ്പഴേ നട്ടെല്ലൊള്ളോരു ചോദിച്ചതാ, കൂടെനടന്ന കൂട്ടുകാരിയോട് വേണ്ടാതീനം കാണിച്ചവനെ വെറുതെ വിടാമോന്ന്. അപ്പഴാ തമ്പ്രാക്കള് എന്തുവാ പറഞ്ഞേ ഞങ്ങടെ കുടുംബത്തെ കാര്യമാ, അതില് നാട്ടുകാര് തലയിടണ്ടാന്ന്, ഒാ ശരി. കുടുംബത്തെ കാര്യമാണേലും പെണ്ണിനോടല്ലിയോ വേണ്ടാതീനം കാണിച്ചേ. എന്നിട്ടിപ്പം ദേ അയാളെ കൂടെ കൂട്ടിയേക്കുന്നു. അന്ന് വല്യകാര്യത്തെ മതിലുകെട്ടിയപ്പം ഇനിയിവിടെ പെണ്ണുങ്ങൾക്ക് പേടിയില്ലാതെ കഴിയാം. നമ്മളെ ഇവര് പൊന്നുപോലെ, കണ്ണിലെ കൃഷ്ണമണിപോലെ നോക്കിക്കോളും എന്നൊക്കെ വിചാരിച്ച് മനപ്പായസം കുടിച്ചിരുന്നതാ. തീണ്ടാരിപ്പെണ്ണുങ്ങളെല്ലാം ചേർന്ന് ഉത്സവം നടത്തിയതും കണ്ടു. ഒാ എല്ലാം ശരിയാക്കാമെന്ന പറഞ്ഞുവന്നത് എല്ലാം ശരിയാക്കിയല്ലോന്ന് വിചാരിക്കുവേം ചെയ്തു. രണ്ടുമാസമേ ആയൊള്ളു. ദാ പെണ്ണുങ്ങളെ പിടിത്തവും കൊല്ലലും ഒക്കെ തൊടങ്ങിയല്ലോ വീട്ടികെടന്നൊറങ്ങിയ പെങ്കൊച്ചിനെ സിനിമേ കാണുന്നപോലെ ഗുണ്ടകള് വന്ന്പിടിച്ചോണ്ടുപോയില്ലിയോ. ഇന്നിത്ര ദിവസമായി അതിന്റെ ഒരു വിവരവും ഇല്ല. റോഡീകൂടെനടന്നുപോയ പെണ്ണിനെ പെട്രോളൊഴിച്ച് കത്തിച്ച് കൊന്നിരിക്കുന്നു. അതും പട്ടാപകൽ. വേറൊരു പെങ്കൊച്ചിനോട് വേണ്ടാതീനം കാണിച്ചതിന്റെ കാര്യവും പറേന്ന്. കഥയെഴുതാൻ വന്ന കൂട്ടുകാരിയെ ആപ്പീസിൽ വച്ച് വേണ്ടാതീനം ചെയ്തെന്നോ അതീന്നു മൊളച്ചുവന്നതിനെ പെരുവഴീക്കളഞ്ഞെന്നോ ഒക്കെ പറഞ്ഞു കേക്കുന്നു. അപ്പഴും തമ്പ്രാക്കളും സിൽബന്ദികളും പണ്ടുപറഞ്ഞപോലെ എല്ലാം പച്ചക്കള്ളമാന്നാ പറേന്നേ.
കള്ളമായിട്ട് ഇത്രേം കാര്യംപറയാൻ പറ്റുവോ. അല്ല ഇത്രേം പുകിലൊക്കെ ഇവിടെ നടന്നിട്ടും ഇവിടത്തെ പേനാത്തൊഴിലാളികളും ഏമാമ്മാരും കവിതയെഴുത്തുകാരും ഒന്നും മിണ്ടുന്നില്ലല്ലോ. ഇതങ്ങ് വടക്കായിരുന്നേ കാണാമായിരുന്നു. ജാഥ, കവിതയെഴുത്ത്, മീറ്റിംഗ് എന്നുവേണ്ട നാടാെക്കെ എളക്കി മറിക്കത്തില്ലായിരുന്നോ. അപ്പഴൊരു കാര്യം മനസിലായി. മതിലുകെട്ടിയതുകൊണ്ടൊന്നും കാര്യമില്ല. അത് ബലമൊള്ള കല്ലുവച്ചു വെണോരുന്നു കെട്ടാൻ. അല്ലാതെ തൽക്കാലത്തിന് തഞ്ചത്തിന് ഒരു കെട്ടുകെട്ടിയാലത് ഒക്കെത്തില്ല. എന്തായാലും പെണ്ണുങ്ങളൊക്കെ സൂക്ഷിച്ചുകഴിഞ്ഞോ. എപ്പഴാ തടിയന്മാരുകേറിവരുന്നേ, പെട്രോളൊഴിക്കുന്നേ എന്നൊന്നും പറയാമ്പറ്റത്തില്ല. തട്ടിക്കൊണ്ടുപോകുന്നേ.
കെ. ഗോമതി അമ്മാൾ