kit
മയക്കുമരുന്ന് തിരിച്ചറിയാനുള്ള ഡിറ്റക്ഷൻ കിറ്റ്

തിരുവനന്തപുരം: പിടിച്ചെടുക്കുന്ന മയക്കുമരുന്ന് കെമിക്കൽ ലബോറട്ടറിയിൽ അയയ്ക്കാതെ തത്സമയം തിരിച്ചറിയാനുള്ള പരിശോധനാ കിറ്റ് കേരളത്തിലുമുണ്ട്. കേന്ദ്ര നർകോട്ടിക് കൺട്രോൾ ബ്യൂറോ നൽകിയ 21 കിറ്റുകളാണ് എക്സൈസിന്റെ പക്കലുള്ളത്. ഇതുപയോഗിച്ചുള്ള പരിശോധന കാര്യക്ഷമമല്ലെന്ന് മാത്രം. കാലാവധി ആറു മാസം മാത്രമായതിനാൽ കിറ്റിൽ മിക്കതും ഉപയോഗശൂന്യമാവാറായി. ഒന്നിന് 67,000 രൂപയാണ് വില.

ഇത്തരം കിറ്റുകൾ ഗുജറാത്തിൽ പൊലീസിന് ലഭ്യമാണെന്ന് കോട്ടയം മുൻ ജില്ലാ പൊലീസ് മേധാവി എൻ. രാമചന്ദ്രൻ കത്തിൽ ചൂണ്ടിക്കാട്ടിയപ്പോൾ, കേരളത്തിലും ലഭ്യമാക്കാൻ ഹൈക്കോടതി കഴിഞ്ഞ ദിവസം നിർദ്ദേശിച്ചിരുന്നു.

നാഷണൽ കെമിക്കൽ ലബോറട്ടറിക്കായി പൂനെയിലെ ഹിന്ദുസ്ഥാൻ ആന്റിബയോട്ടിക്സ് നിർമ്മിച്ച കിറ്റാണ് എക്സൈസിന്റെ കൈവശമുള്ളത്. പൊലീസിന്റെ കൈവശവും കുറച്ച് കിറ്റുകളുണ്ട്. ഐക്യരാഷ്ട്ര സംഘടന പൊലീസിനും എക്സൈസിനും കുറഞ്ഞ എണ്ണം കിറ്റുകൾ സൗജന്യമായി നൽകുന്നുമുണ്ട്. എക്സൈസുള്ളതിനാൽ പൊലീസ് കാര്യമായ പരിശോധന നടത്താറില്ല.

പിടിച്ചെടുത്ത ലഹരി വസ്തുവിന്റെ സാമ്പിൾ ആഭ്യന്തര വകുപ്പിന്റെ കെമിക്കൽ ലാബിൽ പരിധോനയ്ക്ക് നൽകുന്നതാണ് നിലവിലെ രീതി. കിട്ടുന്ന സാമ്പിൾ കെട്ടിക്കിടക്കുന്ന ആയിരക്കണക്കിന് കേസുകൾക്കൊപ്പം പരിശോധന കാത്തു കിടക്കും. മുൻഗണന പ്രകാരമേ നൽകൂ എന്നതിനാൽ പരിശോധനാ ഫലം വൈകും. കേസ് എങ്ങുമെത്താതെ നീളുകയും ചെയ്യും.

മയക്കുമരുന്ന് ഉപയോഗിച്ചയാളിന്റെ രക്തം, മൂത്രം, വിയർപ്പ്, മുടി, ഉമിനീർ ഇവ പരിശോധിച്ച് ലഹരി വസ്തു കണ്ടെത്താനുള്ള സംവിധാനവും എക്സൈസിനില്ല. ഇതിന് ഫോറൻസിക് ലാബിനെ ആശ്രയിക്കണം.

മയക്കുമരുന്നാണെന്ന ധാരണയിൽ കേസെടുക്കുന്ന ഉദ്യോഗസ്ഥർ, ലബോറട്ടറി റിപ്പോർട്ട് പ്രതികൂലമായാൽ കുടുങ്ങുന്ന സ്ഥിതിയുണ്ട്. വിവിധ ജില്ലകളിൽ 'മയക്കുമരുന്ന് ' അരിപ്പൊടിയായി മാറിയ സംഭവങ്ങളുണ്ടായിട്ടുണ്ട്. മയക്കുമരുന്ന് വേട്ടയ്ക്ക് മുന്നിൽ നിൽക്കുന്ന ഉദ്യോഗസ്ഥരെ കുടുക്കാൻ ലഹരിമാഫിയയും ഇങ്ങനെ കെണിയൊരുക്കാറുണ്ട്. പരിശോധനാ കിറ്ര് ഈ പ്രശ്നത്തിനും പരിഹാരമാണ്.

കിറ്റിന്റെ ഗുണം

1. പരിശോധനാഫലം തത്സമയമായതിനാൽ ധൈര്യമായി റെയ്ഡ് നടത്താം, കേസെടുക്കാം

2. തൊണ്ടി മുതൽ ലഹരി മാഫിയയുടെ സ്വാധീനത്തിൽ തിരിമറി നടത്തുന്നത് നിൽക്കും

പരിശോധന ഇങ്ങനെ

കിറ്റിനൊപ്പമുള്ള പ്ലേറ്റിൽ കുറച്ച് തൊണ്ടി മുതലിട്ട് മൂന്നുതുള്ളി വെള്ളം ചേർത്ത് രണ്ട് മിനിട്ട് വയ്ക്കണം. ഇതിൽ ഒരുതുള്ളി മറ്റൊരു പ്ലേറ്റിലേക്ക് മാറ്റി

മൂന്ന് ഘട്ടങ്ങളായി റീ-ഏജന്റുകൾ (രാസവസ്തുക്കൾ) ചേർക്കണം. നിറ വ്യത്യാസമുണ്ടായാൽ ഫലം പോസിറ്റീവ്

തെളിയുന്ന നിറങ്ങൾ

ഹാഷിഷ് ഓയിൽ : ബ്രൗൺ

 മരിജുവാന: ഇളംബ്രൗൺ

 ഹെറോയിൻ: കടുംനീല

 കൊക്കെയ്ൻ: പച്ച

 മോർഫിൻ: കറുപ്പ്

 കൊഡൈൻ: ചാരനിറം

''ലഹരി പരിശോധനയ്ക്ക് ഏറ്റവും ഫലപ്രദമാണ് ഈ കിറ്റ്. ആറുമാസമേ കാലാവധിയുള്ളൂവെന്നതാണ് കുഴപ്പം. കൂടുതൽ കിറ്റുകൾ നർകോട്ടിക് ബ്യൂറോയിൽ നിന്ന് വാങ്ങും.''

ഋഷിരാജ് സിംഗ്,

എക്സൈസ് കമ്മിഷണർ