നെടുമങ്ങാട് : വേനൽ വർദ്ധിച്ചതോടെ താലൂക്കിലെ ഉയർന്ന പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷമാകുന്നു.

കിണറുകൾ വറ്റിയതോടെ വാട്ടർ അതോറിട്ടിയെയാണ് കുടിവെള്ളത്തിനായി ആശ്രയിക്കുന്നത്.എന്നാൽ എല്ലായിടത്തും പൈപ്പുകളില്ലാത്തതിനാൽ ജനം കുടിവെള്ളത്തിനായി പരക്കം പായുകയാണ്. കുളിക്കാനും നനയ്ക്കാനും കിലോമീറ്ററുകൾ അകലെയുള്ള ആറ്റിലാണ് പോകുന്നത്.

ശുദ്ധജല ക്ഷാമം പരിഹരിക്കാനായി നഗരസഭയ്ക്കും ഗ്രാമപഞ്ചായത്തുകൾക്കും തനതു ഫണ്ടിൽ നിന്ന് തുക ചെലവഴിക്കാൻ സർക്കാർ ഉത്തരവ് നൽകിയിരുന്നു.ഉത്തരവ് കിട്ടിയിട്ട് രണ്ടാഴ്ച പിന്നിടുമ്പോഴും തദ്ദേശ സ്ഥാപനങ്ങൾ അനങ്ങുന്നില്ലെന്ന് ആക്ഷേപമുണ്ട്.നഗരസഭയിൽ പേരയത്തുകോണം ,പുലിപ്പാറ വാർഡുകളിൽ കുടിവെള്ളം കിട്ടാക്കനിയാണ്. മണക്കോട് വാർഡിൽ നൂറുകണക്കിന് കുടുംബങ്ങളാണ് വലയുന്നത്.കാവ്യോട്ടുമുകൾ കോളനിയിൽ പത്ത് ലക്ഷം ചെലവിട്ട് നിർമ്മിച്ച രണ്ടു കിണറുകളും മോട്ടോർ സ്ഥാപിക്കാൻ നിർമ്മിച്ച മുറികളും ഉപയോഗശൂന്യമായി കിടക്കുന്നതല്ലാതെ പ്രവർത്തനമില്ല.

കാവ്യോട്ടുമുകൾ കുടിവെള്ള പദ്ധതിയാണെങ്കിൽ വൈദ്യുതി കണക്ഷൻ അനുവദിക്കാൻ നിയമതടസമുന്നയിച്ച് ഏറെനാളായി അടച്ചിട്ടിരിക്കുകയാണ്. ചെല്ലംകോട്,പുതുമംഗലം,കന്യാകോട്,കറുവേലി കോളനികളുടെ സ്ഥിതിയും വ്യത്യസ്തമല്ല.കറുവേലി കോളനിയിൽ പൈപ്പ് ലൈനും വാട്ടർ ടാങ്കും പൊതുടാപ്പും സ്ഥാപിച്ച് നാലു വർഷമായിട്ടും ജലവിതരണത്തിന് നടപടിയായിട്ടില്ല.ഇവിടത്തുകാർ ഇപ്പോഴും തലച്ചുമടായാണ് വെള്ളം കൊണ്ടുവരുന്നത്.മണക്കോട് വരെയുള്ള പൈപ്പ് ലൈൻ നീട്ടി വെള്ളമെത്തിക്കാനുള്ള നീക്കവും ഫലപ്പെട്ടില്ലെന്ന് പ്രദേശവാസികൾ പറയുന്നു.ആനാട്,കരകുളം, അരുവിക്കര,നന്ദിയോട്,പെരിങ്ങമ്മല ഗ്രാമപഞ്ചായത്തുകളിലെ കുന്നിൻ പ്രദേശങ്ങളിലുള്ള താമസക്കാർ കുടിവെള്ളത്തിനായി അലയുകയാണ്.നന്ദിയോട് - ആനാട് പഞ്ചായത്തുകളിലെ ശുദ്ധജല ക്ഷാമം പരിഹരിക്കാൻ ആവിഷ്കരിച്ച് നടപ്പിലാക്കിയ സമഗ്ര ശുദ്ധജല വിതരണ പദ്ധതി പാതിവഴിയിലായിട്ട് അഞ്ച് വർഷത്തിലേറെയായി. പഞ്ചായത്ത് - മുനിസിപ്പൽ ഭരണസമിതികൾ അടിയന്തരമായി യോഗം ചേർന്ന് ശുദ്ധജല വിതരണത്തിന് നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ശുദ്ധജല ക്ഷാമം പരിഹരിക്കാൻ

നഗരസഭയ്ക്ക് ...... 11 ലക്ഷം

 ഗ്രാമപഞ്ചായത്തുകൾക്ക് ................. 5.50 ലക്ഷം

ജലക്ഷാമം ഇവിടങ്ങളിൽ
-------------------------------------

നഗരസഭയിൽ :

 ചുടുകാട്ടിൻമുകൾ

കൊടിപ്പുറം

ചെറുക്കൂർക്കോണം

കാവ്യോട്ടുമുകൾ

പുലിപ്പാറ ലക്ഷംവീട് കോളനി

 മൂത്താംകോണം

മണക്കോട്

മഞ്ച

ചെല്ലംകോട്

പുതുമംഗലം

കന്യാകോട്

കറുവേലി കോളനി

ഗ്രാമപഞ്ചായത്തുകൾ :
ആനാട്

കരകുളം

 അരുവിക്കര

നന്ദിയോട്

പെരിങ്ങമ്മല