തിരുവനന്തപുരം: ആറ്റിങ്ങൽ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥിയായി ശോഭാ സുരേന്ദ്രനെ കൂടി പ്രഖ്യാപിച്ചതോടെ ജില്ലയിലെ രണ്ട് ലോകസഭാ മണ്ഡലങ്ങളുടെയും പോരാട്ടചിത്രം തെളിഞ്ഞു. വൈകിയെത്തിയ ശോഭാ സുരേന്ദ്രനും പ്രഖ്യാപനം വൈകിയെങ്കിലും നേരത്തേയെത്തിയ തിരുവനന്തപുരത്തെ കുമ്മനം രാജശേഖരനും കളമൊരുക്കുന്ന പരിപാടി തുടങ്ങി. ഇടതുമുന്നണി സ്ഥാനാർത്ഥികൾ പ്രചാരണത്തിന്റെ ആദ്യഘട്ടം പിന്നിട്ടു. യു.ഡി.എഫ് സ്ഥാനാർത്ഥികൾ ഒന്നാം ഘട്ടത്തിന്റെ അന്ത്യഘട്ടത്തിലുമാണ്.

ഇടതുമുന്നണി സ്ഥാനാർത്ഥികളായ ആറ്റിങ്ങലിലെ എ. സമ്പത്തും തിരുവനന്തപുരത്തെ സി. ദിവാകരനും മണ്ഡലം പര്യടനത്തിനായി ഇന്ന് പ്രചാരണരഥത്തിലേറും. ഇനി വോട്ടർമാരെ കാണാനുള്ള തേരോട്ടമാണ്. മണ്ഡലങ്ങളിൽ പ്രചാരണം ഒരു റൗണ്ട് ആദ്യമേ പൂർത്തിയാക്കാനായതിന്റെ ആത്മവിശ്വാസവും ഇടതുസ്ഥാനാർത്ഥികൾക്കുണ്ട്.

യു.ഡി.എഫിന്റെ തിരുവനന്തപുരം സ്ഥാനാർത്ഥി സിറ്റിംഗ് എം.പിയായ ശശി തരൂരിന് മണ്ഡലത്തിൽ ആശയക്കുഴപ്പങ്ങളില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെ അതേ സംവിധാനങ്ങൾ തന്നെയാണിക്കുറിയും. തിരഞ്ഞെടുപ്പ് ഓഫീസിന് പോലും മാറ്റമില്ല. രണ്ടുദിവസത്തിനുള്ളിൽ പ്രവർത്തകയോഗങ്ങൾ തീരും. ഏപ്രിൽ ആദ്യം മണ്ഡലത്തിൽ പര്യടനം തുടങ്ങും.

വെെകിയെത്തിയതിന്റെ ആശയക്കുഴപ്പമില്ലാതെയാണ് ആറ്റിങ്ങലിലെ അടൂർ പ്രകാശ്. പരിചയസമ്പന്നനായ നേതാവ് എത്ര തിരഞ്ഞെടുപ്പ് കണ്ടിരിക്കുന്നുവെന്ന മട്ടാണ്. സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത് വൈകിയാണെങ്കിലും വളരെ പെട്ടെന്ന് മണ്ഡലത്തിലെ പ്രവർത്തകരെ ഒരുക്കാനും പ്രവർത്തകയോഗങ്ങൾ സംഘടിപ്പിക്കാനും അദ്ദേഹത്തിന് പ്രയാസമില്ല.

തിരുവനന്തപുരത്ത് കുമ്മനം ലേറ്റായി വന്നാലും ലേറ്റസ്റ്റായി വന്നത് പോലെയാണ്. മിസോറം രാജ്ഭവനിൽ നിന്ന് രാജിവച്ച് വന്നത് മുതൽ അദ്ദേഹം മണ്ഡലത്തിൽ സജീവമാണ്. സ്ഥാനാർത്ഥി പ്രഖ്യാപനം വരുന്നതിന് മുമ്പേ മണ്ഡലത്തിൽ ഇലക്‌ഷൻ കമ്മിറ്റി ഒാഫീസുകൾ തുറന്നിരുന്നു. പ്രവർത്തകയോഗങ്ങളും തുടങ്ങി. എന്നാൽ ആറ്റിങ്ങലിലെ ശോഭാ സുരേന്ദ്രന്റെ പ്രചാരണപരിപാടികൾ ഇന്നാണ് തുടങ്ങുക. മണ്ഡലം യോഗം മുതൽ താഴേതട്ടിലുള്ള പ്രവർത്തക യോഗങ്ങൾ വരെ ഒരാഴ്ചയ്ക്കുള്ളിൽ തീർക്കാനുള്ള ഭഗീരഥയത്നത്തിലാണ് ശോഭാ സുരേന്ദ്രൻ. ചിട്ടയായി പ്രചാരണം നടത്തുന്നതിന് ചൂട് കാലാവസ്ഥയാണ് സ്ഥാനാർത്ഥികളെ വിഷമിപ്പിക്കുന്നത്. രാവിലെയും വൈകിട്ടും കൂടുതൽ സമയം രംഗത്തിറങ്ങി ഇത് പരിഹരിക്കാനാണ് നീക്കം. ആറ്റിങ്ങലിൽ കഴിഞ്ഞ രണ്ടു പാർലമെന്റ് തിരഞ്ഞെടുപ്പിലും വിജയിച്ച സമ്പത്താണ് ഇത്തവണയും ഇടത് സ്ഥാനാർത്ഥി. നിയമസഭാ തിരഞ്ഞെടുപ്പിൽ ഏഴിൽ ആറ് നിയമസഭാമണ്ഡലത്തിലും ഇടതിന് വിജയിക്കാനായി. മണ്ഡലത്തിലെ രാഷ്ട്രീയ കാലാവസ്ഥയ്ക്ക് കാര്യമായ മാറ്റമൊന്നും ഉണ്ടായിട്ടില്ലെന്നാണ് ഇടതുമുന്നണിയുടെ പ്രതീക്ഷ. സംസ്ഥാന സർക്കാരിന്റെ ആയിരം ദിവസത്തെ ഭരണനേട്ടത്തിലും അവർ പ്രതീക്ഷ വയ്ക്കുന്നു. തിരുവനന്തപുരത്ത് ഇരുമുന്നണികളും ഒപ്പത്തിനൊപ്പമാണ്. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്തെത്തിയ എൻ.ഡി.എയും മോശമല്ല. ശബരിമല പ്രശ്നം ഇക്കുറി സഹായിക്കുമെന്ന് എൻ.ഡി.എയും മണ്ഡലത്തിലെ ഭരണവിരുദ്ധവികാരവും മതേതര അന്തരീക്ഷവും അനുകൂലമാണെന്ന് യു.ഡി.എഫും പ്രതീക്ഷിക്കുന്നു.