rajasekharan

തിരുവനന്തപുരം: ടൈറ്റിൽ റോളിൽ നായികമാരെ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ആക്‌ഷൻ വേഷത്തിൽ നായികയെ അവതരിപ്പിക്കാൻ മലയാളത്തിലെ സംവിധായകർ ആലോചിച്ചിട്ടുപോലുമില്ലാത്ത കാലത്താണ് 1979ൽ കൈയിൽ പിച്ചാത്തിയും കൊടുത്ത് ഷീലയെ കെ.ജി. രാജശേഖരൻ കാമറയ്ക്കു മുന്നിലേക്ക് പറഞ്ഞുവിട്ടത്. ആക്‌ഷൻ മാത്രമല്ല കിടിലൻ ഡയലോഗുകളും നൽകി. 'ഇനി അവൻ ഉപദ്രവിക്കാൻ വന്നാൽ അവന്റെ തല ഞാൻ വെട്ടിപ്പൊളിച്ചുകളയും' എന്ന ഡയലോഗും ഷീലയുടെ ക്രോധഭാവവും കണ്ട് പ്രേക്ഷകർ അമ്പരന്ന്‌ കൈയടിച്ചുപോയി. പക്കാ ബോൾ‌ഡ് കഥാപാത്രമായി സിനിമയിലുടനീളം ഷീലയെ അവതരിപ്പിക്കുകയായിരുന്നു 'യക്ഷിപ്പാറു'വിലൂടെ കെ.ജി. രാജശേഖരൻ.

സിനിമ വേറിട്ടതാക്കാൻ ഏതു വെല്ലുവിളിയും സ്വീകരിച്ചിരുന്ന രാജശേഖരന് അന്ന് ഒരു ഓമനപ്പേരുണ്ടായിരുന്നു, വെല്ലുവിളി രാജശേഖരൻ. സ്വതന്ത്ര സംവിധായകനായ ശേഷം രണ്ടാമത് ഒരുക്കിയ ചിത്രത്തിന്റെ പേരായിരുന്നു 'വെല്ലുവിളി'. സോമനും ജയഭാരതിയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ആ ചിത്രത്തിന്റെ വിജയത്തോടെയാണ് പേരിനൊപ്പം വെല്ലുവിളി എന്ന വിശേഷണം സിനിമാക്കാർ ചാർത്തിക്കൊടുത്തത്.

''മാറ്രുവിൻ ചട്ടങ്ങളെ, ആശാൻ പാടി...'' എന്ന പ്രശസ്തഗാനം കെ.ജി. രാജശേരന്റെ 'മാറ്റുവിൻ ചട്ടങ്ങളെ' എന്ന സിനിമയിലേതാണ്. യേശുദാസ് പാടിയ ആ ഗാനം കാമറയ്ക്കു മുന്നിൽ അവതരിപ്പിച്ചത്‌ കമലഹാസനാണ്. ശശികുമാർ, എ.ബി. രാജ്, ഹരികുമാർ തുടങ്ങിയവർ മലയാള സിനിമ അടക്കിഭ രിച്ചിരുന്ന കാലത്താണ് വേറിട്ട ശൈലിയിൽ സിനിമകളൊരുക്കി തന്റേതായ ഇടം ഈ വർക്കലക്കാരൻ പിടിച്ചെടുത്തത്. പ്രേംനസീറിനെയും ജയനെയും എതിരാളികളായി അവതരിപ്പിച്ച 'അന്തപ്പുരം' തിയേറ്ററുകളെ ഇളക്കി മറിച്ച ചിത്രമായിരുന്നു. 1985ൽ പുറത്തിറങ്ങിയ തൊഴിൽ അല്ലെങ്കിൽ ജയിൽ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷമാണ് സിംഹധ്വനി (1992) എന്ന അവസാന ചിത്രമൊരുക്കിയത്. തിലകൻ, സുരേഷ്‌ഗോപി, ഉർവശി എന്നിവരാണ്‌ പ്രധാനവേഷങ്ങളിലെത്തിയത്.

പിന്നെയും ചില സിനിമകളെക്കുറിച്ച് ചർച്ച നടന്നെങ്കിലും സാക്ഷാത്കരിക്കപ്പെട്ടില്ല. വീട്ടിൽ ഒതുങ്ങിക്കൂടുകയായിരുന്നു അദ്ദേഹം. സംഗീതത്തോടൊപ്പം ജീവതത്തോടു ചേർത്ത ഭാര്യ ഗായിക അമ്പിളിയാണ്‌
അദ്ദേഹത്തിന് കരുത്തായി അവസാനംവരെ ഒപ്പമുണ്ടായിരുന്നത്.