ramesh-chennithala

തിരുവനന്തപുരം: കർണാടകയിൽ മുഖ്യമന്ത്രിയാകാൻ ബി.എസ്. യെദിയൂരപ്പ 1800 കോടി രൂപ ബി.ജെ.പി നേതാക്കൾക്കും കേന്ദ്ര നേതൃത്വത്തിനും കൈക്കൂലിയായി നൽകിയെന്ന വിവരം ഡയറിക്കുറിപ്പിലൂടെ പുറത്ത് വന്നതോടെ ബി.ജെ.പിയുടെ മുഖംമൂടി അഴിഞ്ഞ് വീണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ആരോപണവിധേയരായ കേന്ദ്രമന്ത്രിമാരടക്കമുള്ളവർക്കെതിരെ ഉന്നത കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തണം.

പണാധിപത്യം കൊണ്ട് ജനാധിപത്യത്തെ തകർക്കാനുള്ള ബി.ജെ.പിയുടെ അപഹാസ്യമായ ശ്രമമാണ് വ്യക്തമായത്. കേന്ദ്ര കാബിനറ്റ് മന്ത്രിമാരടക്കമുള്ള ഉന്നതരായ ബി.ജെ.പി നേതാക്കളാണ് യെദിയൂരപ്പയിൽ നിന്ന് നൂറുക്കണക്കിന് കോടി രൂപ കൈക്കൂലിയായി വാങ്ങിയത്. ഒരാളെ മുഖ്യമന്ത്രിയാക്കാൻ ആ പാർട്ടിയുടെ നേതൃത്വത്തിലുള്ളവർ കൈക്കൂലി വാങ്ങുന്നത് ലോകത്തിലെ തന്നെ ആദ്യത്തെ സംഭവമാണ്. ഇന്ത്യൻ ജനാധിപത്യത്തിന്റെ ഉന്നതമായ മൂല്യങ്ങളെയും അതിന്റെ അന്തസ്സത്തയെയും പൂർണ്ണമായും തകർക്കുകയും ജനങ്ങളെ തന്നെ വെല്ലുവിളിക്കുകയുമാണ് ഇതിലൂടെ ബി.ജെ.പിയും യെദ്യൂരപ്പയും ചെയ്തത്.