chemistry-

തിരുവനന്തപുരം: ഫിസിക്‌സ് പരീക്ഷ വെള്ളംകുടിപ്പിച്ച ഭീതിയിലാണ് കെമിസ്ട്രി പരീക്ഷയ്ക്ക് എത്തിയതെങ്കിലും ചോദ്യപ്പേപ്പർ ആദ്യമൊന്ന് വായിച്ചതോടെ കുട്ടികളുടെ മുഖത്ത് പുഞ്ചിരി വിടർന്നു. രസം കെടുത്തുന്ന തന്ത്രങ്ങളൊന്നും ചോദ്യപേപ്പറിലില്ല. അതിനാൽ, രസകരമായി രസതന്ത്രം പരീക്ഷയെഴുതിയ രസത്തിലാണ് ഇന്നലെ ഐ.സി.എസ്.സി പത്താം ക്ലാസ് വിദ്യാർത്ഥികൾ ഹാളിന് പുറത്തിറങ്ങിയത്. പല ചോദ്യങ്ങളും ക്ലാസിൽ പരിശീലിച്ചിരുന്നുവെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. മുൻ വർഷത്തെക്കാൾ എളുപ്പമുള്ള ചോദ്യങ്ങളായതിനാൽ എല്ലാ നിലവാരത്തിലുമുള്ള കുട്ടികൾക്കും വിജയമുറപ്പാണെന്നാണ് അദ്ധ്യാപകരുടെ വിലയിരുത്തൽ. എ, ബി എന്നിങ്ങനെ രണ്ട് പാർട്ട് ചോദ്യങ്ങൾ ഉണ്ടായിരുന്നു. ആദ്യഭാഗത്തെ എല്ലാ ചോദ്യങ്ങൾക്കും നിർബന്ധമായി ഉത്തരമെഴുതണം. രണ്ടാം ഭാഗത്ത് 6ചോദ്യങ്ങളിൽ 4 എണ്ണത്തിന് മാത്രം മതി. ആകെ 80 മാർക്ക്. ഉയർന്ന നിലവാരമുള്ള കുട്ടികൾക്ക് 95 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടാനാകുമെന്നാണ് കണക്കുകൂട്ടൽ. ഇനി തിങ്കളാഴ്ച നടക്കുന്ന ബയോളജി പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലാണ് വിദ്യാർത്ഥികൾ. അതോടെ ഐ.സി.എസ്.സി പത്താംക്ലാസ്‌ പരീക്ഷ പൂർത്തിയാവും.

"വളരെ എളുപ്പമുള്ള ചോദ്യങ്ങളായിരുന്നു. സിലബസിൽ നിന്നുള്ളതായിരുന്നു എല്ലാ ചോദ്യങ്ങളും. കുട്ടികൾക്ക് പരാതികളൊന്നുമില്ല."

-പ്രസീത

കെമിസ്ട്രി അദ്ധ്യാപിക,

ചിന്മയവിദ്യാലയം കുന്നുംപുറം