തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസും ബി.ജെ.പിയും തമ്മിൽ ധാരണയിലാണെന്ന സി.പി.എം നേതാക്കളുടെ പ്രസ്താവന പരാജയഭീതിമൂലമാണെന്ന് ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ പറഞ്ഞു. സി.പി.എം നേതാക്കൾ തീർത്തും ആശയക്കുഴപ്പത്തിലാണെന്നും കുമ്മനം പറഞ്ഞു. ആറ്റിങ്ങൽ ലോക്സഭാ മണ്ഡത്തിലെ ബി.ജെ.പി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ആറ്റിങ്ങൽ സൺ ആഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചില മണ്ഡലങ്ങളിൽ ദുർബല സ്ഥാനാർത്ഥികളെയാണ് എൻ.ഡി.എ നിറുത്തിയിട്ടുള്ളതെന്നാണ് കോടിയേരിയുടെ ആക്ഷേപം. ആരാണ് ദുർബല സ്ഥാനാർത്ഥികൾ. ബി.ജെ.പിയെ തോല്പിക്കുകയാണ് പ്രധാന ലക്ഷ്യമെന്ന് കോടിയേരിയും ചെന്നിത്തലയും ഒരുപോലെ പറയുന്നു. അപ്പോൾ ആരെയാണ് ജയിപ്പിക്കേണ്ടതെന്ന് അവർ പറയണം. രാഹുൽ കേരളത്തിൽ വന്നപ്പോൾ എന്തുകൊണ്ട് സി.പി.എമ്മിനെക്കുറിച്ച് ഒന്നും പറഞ്ഞില്ല. ഇന്ത്യൻ രാഷ്ട്രീയത്തിൽ സി.പി.എമ്മിന് എന്തു പ്രസക്തിയാണ് ഉള്ളത്. ലോകരാഷ്ട്രങ്ങളുടെ മുന്നിൽ ഇന്ത്യയുടെ യശസ് ഉയർത്തിപ്പിടിച്ച പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. കോടിക്കണക്കിന് ജനങ്ങളുടെ ഹൃദയത്തിൽ ജ്വലിച്ചു നിൽക്കുന്ന വികാരമാണ് മോദിയെന്നും കുമ്മനം പറഞ്ഞു. മൗര്യ സാമ്രാജ്യത്വത്തിന് ശേഷം രാജ്യം കണ്ട ഏറ്റവും നല്ല ഭരണമാണ് നരേന്ദ്രമോദിയുടേതെന്ന് സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ച ടി.പി. സെൻകുമാർ പറഞ്ഞു. മുൻ കർണാടക എം.എൽ.എ നിർമ്മൽകുമാർ സുരാന, ഒ. രാജഗോപാൽ എം.എൽ.എ, ബി.ജെ.പി നേതാക്കളായ ജെ.ആർ. പത്മകുമാർ, സി. ശിവൻകുട്ടി, എസ്. സുരേഷ്, ഡോ. പി.പി. വാവ, പി. സുധീർ, വിവിധ കക്ഷി നേതാക്കളായ എൻ.കെ. നീലകണ്ഠൻ മാസ്റ്റർ, ജി. സോമശേഖരൻ നായർ, കെ.കെ. പൊന്നപ്പൻ, എം.എൻ. ഗിരി, പത്മശ്രീ ലക്ഷ്മിക്കുട്ടിഅമ്മ, വിഷ്ണുപുരം ചന്ദ്രശേഖരൻ, പുഞ്ചക്കരി സുരേന്ദ്രൻ, കെ.എ. ബാഹുലേയൻ, സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു. ചെമ്പഴന്തി ഉദയൻ സ്വാഗതം പറഞ്ഞു.