അന്വേഷണത്തിൽ കണ്ടെത്താനായില്ല
തിരുവനന്തപുരം: തലസ്ഥാനത്ത് കോവളം മുതൽ വി.എസ്.എസ്.സി ഉൾപ്പെടുന്ന തുമ്പ വരെ ആകാശത്ത് ഡ്രോൺ പറന്നത് മണിക്കൂറുകളോളം ആശങ്കയുണ്ടാക്കി. വെള്ളിയാഴ്ച അർദ്ധരാത്രി 12.45നാണ് കോവളം സമുദ്രാ ബീച്ചിന് സമീപം ഡ്രോൺ താഴ്‌ന്നു പറക്കുന്നത് പൊലീസിന്റെ പട്രോളിംഗ് സംഘം കണ്ടത്. 2.55ന് വി.എസ്.എസ്.സിക്ക് അടുത്ത് കാണപ്പെട്ടു. ജനവാസ മേഖലയിലായതിനാൽ സി.ഐ.എസ്.എഫ് ജവാന്മാർ വെടിവച്ചിട്ടില്ല. പിന്നീട് അപ്രത്യക്ഷമായി. പൊലീസും മറ്റ് ഏജൻസികളും ഇന്നലെ മുഴുവൻ അരിച്ചുപെറുക്കിയിട്ടും ഡ്രോൺ കണ്ടെത്താനായിട്ടില്ല.
തന്ത്രപ്രധാന മേഖലകളിലൂടെ ഡ്രോൺ പറന്നത് കണ്ടയുടൻ പൊലീസ് വിമാനത്താവളത്തിനും ദക്ഷിണ വ്യോമകമാൻഡിനും പാങ്ങോട് കരസേനാ സ്റ്റേഷനും വി.എസ്.എസ്.സിക്കും ജാഗ്രതാനിർദ്ദേശം നൽകി. കേന്ദ്ര ഏജൻസികളെ വിവരമറിയിച്ചു. സൈനിക ഉദ്യോഗസ്ഥരും പൊലീസുദ്യോഗസ്ഥരും കൂടിക്കാഴ്ച നടത്തി. തുർന്ന് സൈന്യം അതീവജാഗ്രത പ്രഖ്യാപിച്ചു. കേന്ദ്ര ഇന്റലിജൻസ്, മിലിട്ടറി പൊലീസ്, റാ ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചു.
വ്യോമസേനയുടെ മൂക്കുന്നിമലയിലെയും ദക്ഷിണവ്യോമ കമാൻഡിലെയും റഡാർ രേഖകൾ പരിശോധിച്ചെങ്കിലും ഡ്രോണിന്റെ വിവരങ്ങൾ ലഭിച്ചില്ല. വിമാനത്താവളത്തിലെ റഡാറിലും ഡ്രോൺ പതിഞ്ഞില്ല. ഉപഗ്രഹ കാമറകൾ പരിശോധിച്ച് ഡ്രോൺ കണ്ടെത്താൻ ഐ.എസ്.ആർ.ഒയുടെ സഹായം തേടിയിട്ടുണ്ട്.
കൊച്ചി നാവിക ആസ്ഥാനത്തെ റഡാറിലെ വിവരങ്ങളും ശേഖരിക്കുന്നുണ്ട്. കോസ്റ്റ്‌ഗാർഡും തീരദേശപൊലീസും കടലിലും പരിശോധന നടത്തി. ഡ്രോൺ പറത്തിയവരെ കണ്ടെത്താൻ സിറ്റി പൊലീസും അന്വേഷണം തുടങ്ങി. മൊബൈൽ ടവർ കേന്ദ്രീകരിച്ച് സൈബർ സെല്ലിന്റെ അന്വേഷണവും നടക്കുകയാണ്.
സുരക്ഷാ പ്രശ്‌നങ്ങളുണ്ടാവാനിടയില്ലെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. 50 മീറ്റർ ഉയരത്തിൽ മാത്രം പറന്നതിനാലാണ് റഡാറിൽ പതിയാത്തത്. വി.എസ്.എസ്.സി അടക്കമുള്ള സ്ഥാപനങ്ങൾ ഉപഗ്രഹ മാപ്പിംഗ് നടത്തിയിട്ടുള്ളതിനാൽ രാത്രി ദൃശ്യങ്ങൾ പകർത്തിയതു കൊണ്ട് പ്രത്യേകിച്ച് ഗുണമില്ല. സ്വകാര്യ ചടങ്ങുകൾക്കോ ഹോംസ്റ്റേയിലോ ആരെങ്കിലും ഉപയോഗിച്ച ഡ്രോൺ നിയന്ത്രണം വിട്ട് സഞ്ചരിച്ച് ബാറ്ററി തീർന്ന് നിലത്ത് പതിച്ചിരിക്കാമെന്നാണ് പൊലീസിന്റെ നിഗമനം.
ഡ്രോൺ കണ്ടെത്താൻ തുമ്പ മേഖലയിലുടനീളം പൊലീസ് തെരച്ചിൽ നടത്തുന്നുണ്ട്. കോവളത്തെ ഹോട്ടലുകളിലും ഹോംസ്റ്റേകളിലും റെയ്ഡ് നടത്തിയ പൊലീസ് വിദേശികളെയടക്കം ചോദ്യം ചെയ്തെങ്കിലും ഡ്രോണിന്റെ ഉടമയെ കണ്ടെത്താനായില്ല.
വ്യോമസേന നിരീക്ഷണത്തിനായി ഇത്തരം ഡ്രോണുകൾ അയയ്ക്കാറുള്ളതിനാൽ പൊലീസ് അന്വേഷിച്ചപ്പോൾ ഉപയോഗിച്ചിരുന്നില്ലെന്ന് മറുപടി കിട്ടി. ഡ്രോൺ സുരക്ഷാമേഖലയിൽ കടന്നിട്ടില്ലെന്ന് പ്രതിരോധ വകുപ്പും വിമാനത്താവളത്തിലെത്തിയില്ലെന്ന് പൊലീസും സ്ഥിരീകരിച്ചു.
''ഡ്രോൺ കണ്ടെത്താൻ റഡാറുകൾ വീണ്ടും പരിശോധിക്കും. ഉപഗ്രഹസഹായവും തേടും. സുരക്ഷാഭീഷണിയില്ല..''
മനോജ് എബ്രഹാം,
ദക്ഷിണമേഖലാ അഡി. ഡി.ജി.പി
ചെറുവിമാനത്തിന്റെ പോക്ക്
പരമാവധി 150മീറ്റർ അകലെയിരുന്നേ ഡ്രോൺ റിമോട്ട് കൺട്രോളുപയോഗിച്ച് നിയന്ത്രിക്കാനാവൂ
കോവളത്തുനിന്ന് തുമ്പവരെ 21കിലോമീറ്റർ, ഒരിടത്തിരുന്ന് നിയന്ത്രിക്കുക എളുപ്പമല്ല
കോവളത്തിരുന്ന് പ്രവർത്തിപ്പിച്ച ഡ്രോൺ നിയന്ത്രണം വിട്ട് ബാറ്ററി തീരുംവരെ പറന്നതാകാം
ബാറ്ററിയിൽ രണ്ടരമണിക്കൂർ തുടർച്ചയായി പ്രവർത്തിക്കാൻ ഇത്തരം ഡ്രോണുകൾക്കാവും
തുമ്പഭാഗത്ത് ബാറ്ററി ചാർജ് തീർന്നപ്പോൾ നിലംപതിച്ചതാവാമെന്നും പൊലീസ്
വ്യോമസേനയുടെ നിരീക്ഷണഡ്രോൺ റൂട്ടിൽനിന്ന് മാറിപ്പറന്ന് നിലംപതിച്ചതാവാനും സാദ്ധ്യത
ഡ്രോൺ
നിരീക്ഷണത്തിനും ചാരപ്പണിക്കും വ്യോമാക്രമണത്തിനും പോലും ഡ്രോണുകൾ ഉപയോഗിക്കുന്നു. മനുഷ്യനോ കമ്പ്യൂട്ടറിനോ റിമോട്ട് കൺട്രോളുപയോഗിച്ച് നിയന്ത്രിക്കാം. കേരളത്തിൽ വിവാഹം, അവാർഡ് നിശകൾ എന്നിവയെല്ലാം ഡ്രോണുപയോഗിച്ച് ചിത്രീകരിക്കുന്നു. വിമാനത്താവളങ്ങളുടെ അഞ്ച് കിലോമീറ്റർ, സെക്രട്ടറിയേറ്റിന്റെ മൂന്ന് കിലോമീറ്റർ പരിധിയിൽ ഡ്രോണിന് നിരോധനം. പ്രതിരോധ സ്ഥാപനങ്ങൾക്കു മുകളിലൂടെ പറത്താനാവില്ല. 250ഗ്രാമിന് മുകളിൽ ഭാരമുള്ള ഡ്രോണുകൾക്ക് രജിസ്ട്രേഷൻ നിർബന്ധം. വില-27,000 മുതൽ 5ലക്ഷം വരെ