തിരുവനന്തപുരം: വൈകിയെത്തിയ എൻ.ഡി.എ സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ ഇന്നലെ നവോത്ഥാന നായകരെ വണങ്ങി മണ്ഡലത്തിലെ പ്രചാരണപ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു. ഇടത് സ്ഥാനാർത്ഥി സി. ദിവാകരൻ ആദ്യം അദ്ധ്യാപകനായി ജോലിചെയ്ത ഒറ്റശേഖരമംഗലം ഹൈസ്കൂളിൽ എത്തി ആദ്യഘട്ടപ്രചാരണം പൂർത്തിയാക്കി. ബൂത്തു തല പ്രവർത്തകയോഗത്തിൽ തിരക്കിലായിരുന്നു യു.ഡി.എഫ് സ്ഥാനാർത്ഥി ശശി തരൂർ ഇന്നലെ. രാവിലെ വെങ്ങാനൂരെ അയ്യങ്കാളി സ്മൃതി മണ്ഡപത്തിലെത്തി പുഷ്പാർച്ചന നടത്തിയാണ് കുമ്മനം പര്യടനം തുടങ്ങിയത്. പൂന്തുറ സ്വാമി, ചട്ടമ്പി സ്വാമികൾ എന്നിവരുടെ സമാധി മണ്ഡപവും സന്ദർശിച്ചു. പിന്നീട് ആനയറയിലെ ഈശാലയത്തിലെത്തി സ്വാമി ഈശയെ കണ്ട് അനുഗ്രഹം തേടി. ബി.ജെ.പി ജില്ലാ അദ്ധ്യക്ഷൻ എസ്. സരേഷ്, ജനറൽ സെക്രട്ടറി പാപ്പനംകോട് സജി, വൈസ് പ്രസിഡന്റ് പൂന്തുറ ശ്രീകുമാർ, മണ്ഡലം പ്രസിഡന്റുമാരായ കെ രാജശേഖരൻ, സജിത് എന്നിവരും ഒപ്പം ഉണ്ടായിരുന്നു. പരിസ്ഥിതി സ്നേഹിയായ കുമ്മനം ലോക കാലാവസ്ഥാദിനമായ ഇന്ന് മരുതംകുഴി ചിറ്റാറ്റിൻകര കൂട്ടാംവിള പൊതുകുളം വൃത്തിയാക്കിയാണ് മണ്ഡലത്തിൽ സജീവമാകുക. പൂജപ്പുര നടുതല ദേവീക്ഷേത്രത്തിലെ പൊങ്കാലചടങ്ങിലും പങ്കെടുക്കും. തുടർന്ന് കവടിയാർ കൊട്ടാരം സന്ദർശിക്കും. മലയാളം അദ്ധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച ഒറ്റശേഖരമംഗലം ഹൈസ്‌കൂളിലെത്തിയാണ് ഒന്നാം ഘട്ട പര്യടനത്തിന് ഇടത് സ്ഥാനാർത്ഥി സി. ദിവാകരൻ പരിസമാപ്തിയിട്ടത്. വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്ന് ഉൗഷ്മളമായ സ്വീകരണമാണ് നൽകിയത്. സി.പി.ഐ ജില്ലാ സെക്രട്ടറി ജി.ആർ. അനിൽ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ ജെ. വേണഗോപാലൻനായർ, അരുൺ .കെ.എസ്, എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളായ കള്ളിക്കാട് ചന്ദ്രൻ, ഗോപകുമാർ,

സി. കൃഷ്ണപിള്ള, വാഴിച്ചൽ ഗോപൻ, ചന്ദ്രബാബു, കെ. രാമചന്ദ്രൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ. വിജയൻ, ശ്രീകല എന്നിവർ സ്ഥാനാർത്ഥിയോടൊപ്പം ഉണ്ടായിരുന്നു. ഐരാണിമുട്ടം ഹോമിയോ കോളേജ്, നീറമൺകര എൻ.എസ്.എസ് വനിത കോളേജ്, കൈമനം വനിതാ പോളിടെക്നിക്, ശ്രീ ചിത്തിര തിരുനാൾ എൻജിനിയറിംഗ് കോളേജ്, വിദ്യാധിരാജ ഹോമിയോ കോളേജ് എന്നിവിടങ്ങളിലും ദിവാകരൻ ഇന്നലെ പര്യടനം നടത്തി.

സി. ദിവാകരന്റെ രണ്ടാംഘട്ട പ്രചാരണ പരിപാടിക്ക് ഇന്ന് തുടക്കം

സി. ദിവാകരന്റെ രണ്ടാംഘട്ട പ്രചാരണ പരിപാടികൾ ഇന്ന് പാറശാലയിൽ നിന്ന് ആരംഭിക്കും. 29 വരെ സ്ഥാനാർത്ഥി വിവിധ അസംബ്ലി മണ്ഡലങ്ങളിൽ വോട്ടർമാരെ നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിക്കും. രാവിലെ 8ന് കൊല്ലയിൽ പഞ്ചായത്തിലെ മഞ്ചവിളാകം നെയ്ത്ത് കേന്ദ്രങ്ങളിൽ നിന്നാണ് തുടക്കം. വൈകന്നേരം വ്ളാവട്ടിയിലെ ആദിവാസി ഊരുകളിലെ സന്ദർശനത്തോടെ അവസാനിക്കും.

എൻ.ഡി.എ തിരഞ്ഞെടുപ്പ് കൺവെൻഷൻ 26ന്

എൻ.ഡി.എ സ്ഥാനാർത്ഥി കുമ്മനം രാജശേഖരന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ 26ന് വൈകിട്ട് 4ന് പുത്തരിക്കണ്ടം മൈതാനത്ത് കേന്ദ്രമന്ത്രി നിർമ്മലാ സീതാരാമൻ ഉദ്ഘാടനംചെയ്യും.