തിരുവനന്തപുരം: പത്തനംതിട്ടയിലെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാതെ ബി.ജെ.പി കേരളത്തിലെ ലിസ്റ്റ് പുറത്തിറക്കിയതിനെ ചൊല്ലി പാർട്ടി സംസ്ഥാന ഘടകത്തിൽ തികഞ്ഞ ആശയക്കുഴപ്പം. പുറത്തിറക്കിയ പട്ടികയെ ചൊല്ലിയും പ്രവർത്തകർക്കിടയിൽ മുറുമുറുപ്പുയരുന്നു. അതിനിടെ, മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ മുൻ ഉപാദ്ധ്യക്ഷനുമായ പി.ജെ. കുര്യനെ അപ്രതീക്ഷിത സ്ഥാനാർത്ഥിയായി പത്തനംതിട്ടയിൽ അവതരിപ്പിക്കാൻ ചരടുവലികൾ അണിയറയിൽ നടക്കുന്നതായുള്ള അഭ്യൂഹവും ശക്തിപ്പെട്ടിരിക്കുകയാണ്. എന്നാൽ കുര്യനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ ഇക്കാര്യം നിഷേധിച്ചു.
ബി.ജെ.പി എ പ്ലസ് വിഭാഗത്തിൽ പെടുത്തിയ സംസ്ഥാനത്തെ മൂന്ന് മണ്ഡലങ്ങളിലൊന്നാണ് പത്തനംതിട്ട. ഇവിടേക്ക് തുടക്കം തൊട്ടേ നേതൃത്വത്തിൽ അരങ്ങേറിയ തർക്കം വിവാദമായി. സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ളയുടെ പേര് ഒന്നാമതും എം.ടി. രമേശിന്റെ പേര് രണ്ടാമതും കെ. സുരേന്ദ്രന്റെ പേര് മൂന്നാമതുമായി ഉൾപ്പെടുത്തിയുള്ള സാദ്ധ്യതാപട്ടികയാണ് കേന്ദ്രത്തിന് സംസ്ഥാനം കൈമാറിയത്. സുരേന്ദ്രനെ മത്സരിപ്പിക്കണമെന്ന നിലപാടാണ് ആർ.എസ്.എസ് കൈക്കൊണ്ടത്. ആർ.എസ്.എസ് സമ്മർദ്ദത്തിന് പുറമേ ദേശീയ അദ്ധ്യക്ഷൻ അമിത്ഷായ്ക്ക് പ്രവർത്തകരിൽ നിന്ന് സുരേന്ദ്രന് അനുകൂലമായി ഒട്ടേറെ സന്ദേശങ്ങളും പോയി.
ഡൽഹിയിൽ പാർട്ടി കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയിൽ സ്ഥാനാർത്ഥിപ്പട്ടിക ചർച്ചയ്ക്കെടുത്തപ്പോൾ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനവും പത്തനംതിട്ടയിൽ മത്സരിക്കാൻ സന്നദ്ധത അറിയിച്ചെത്തിയത് പുതിയ തർക്കത്തിലേക്ക് വഴിതെളിച്ചു. ഇതിനൊടുവിലാണ് സുരേന്ദ്രന്റെ പേരിന് തന്നെ അംഗീകാരമാവുകയും സംസ്ഥാനനേതാക്കൾ കേരളത്തിലേക്ക് മടങ്ങുകയും ചെയ്തത്. മറ്റ് 13 മണ്ഡലങ്ങളിലെ പട്ടികയ്ക്കൊപ്പം പത്തനംതിട്ടയും വരുമെന്ന സൂചനയാണ് അവസാനനിമിഷം വരെയുമുണ്ടായത് എന്നതുകൊണ്ടുതന്നെ പത്തനംതിട്ട ഒഴിവായത് ഏവരെയും അമ്പരപ്പിച്ചു.
പി.ജെ. കുര്യനുമായി ബി.ജെ.പി അഖിലേന്ത്യാ നേതൃത്വം ബന്ധപ്പെട്ടെങ്കിലും അദ്ദേഹം സ്ഥാനാർത്ഥിയാകുന്നതിനോട് താല്പര്യപ്പെടുന്നില്ലെന്ന പ്രചാരണവും നടക്കുന്നു. പത്തനംതിട്ടയിലെ പ്രഖ്യാപനം വൈകുന്നത് സാങ്കേതികത്വം മാത്രമാണെന്നും മിക്കവാറും ഇന്ന് സുരേന്ദ്രന്റെ പേര് പ്രഖ്യാപിക്കുമെന്നുമാണ് കേരളനേതാക്കൾ പറയുന്നത്
സാമുദായിക വിയോജിപ്പ്?
പത്തനംതിട്ടയിലേക്ക് പരിഗണിച്ച പേരിനോട് മണ്ഡലത്തിലെ പ്രബല സമുദായങ്ങൾ വിയോജിപ്പറിയിച്ചെന്ന പ്രചാരണം ശക്തമാണ്. ആർ.എസ്.എസിന്റെ ശക്തമായ പിന്തുണയുള്ളപ്പോൾ ഇത്തരം പ്രചാരണം അസ്ഥാനത്താണെന്ന് മറുപക്ഷവും വാദിക്കുന്നു. മണ്ഡലത്തിലുൾപ്പെടുന്ന എല്ലാ പ്രബല സമുദായങ്ങൾക്കും സ്വീകാര്യമായ മുഖത്തെ അപ്രതീക്ഷിത സ്ഥാനാർത്ഥിയായി അവതരിപ്പിക്കാനൊരുങ്ങുന്നുവെന്ന അഭ്യൂഹം ശക്തിപ്പെട്ടത് പോലും ഈ പ്രചരണത്തിന്റെ തുടർച്ചയായാണ്.
.