j

തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥൻ ഡോ.ജേക്കബ് തോമസ് സർവീസിൽ നിന്ന് സ്വയം വിരമിച്ചു. പാർലമെന്റ് തിരഞ്ഞെടുപ്പിൽ ചാലക്കുടിയിൽ മത്സരിക്കാനാണ് അദ്ദേഹം രാജിവച്ചത്. കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് രാജിക്കത്ത് അയച്ചുകൊടുത്തെന്നും കത്ത് ലഭിച്ചതായ അറിയിപ്പ് തനിക്ക് കിട്ടിയെന്നും ജേക്കബ്തോമസ് പറഞ്ഞു. ഭേദഗതി ചെയ്ത ചട്ടപ്രകാരം 30വർഷം സർവീസുള്ള സിവിൽസർവീസ് ഉദ്യോഗസ്ഥർ രാജിക്കത്ത് നൽകിയാൽ അന്നുമുതൽ രാജി പ്രാബല്യത്തിൽ വരുമെന്നും അദ്ദേഹം പറഞ്ഞു. 1985ബാച്ച് ഐ.പി.എസുകാരനായ ജേക്കബ്തോമസിന് 2020 മേയ് വരെ കാലാവധിയുണ്ടായിരുന്നു.

സ്വയംവിരമിക്കൽ അപേക്ഷയുടെ പകർപ്പ് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് ഇ മെയിൽ വഴി നൽകി. ഒപ്പിട്ട അപേക്ഷ നേരിട്ടോ ദൂതൻ വഴിയോ ലഭിച്ചാൽ മാത്രമേ സംസ്ഥാന സർക്കാരിനു തുടർനടപടി സ്വീകരിക്കാൻ കഴിയുകയുള്ളുവെന്നാണ് അധികൃതർ പറയുന്നത്. 16മാസമായി സസ്പെൻഷനിലുള്ള ജേക്കബ്തോമസിനെതിരെ അച്ചടക്ക നടപടിയെടുക്കാനുള്ള അന്വേഷണം നിലവിലുണ്ട്. സ്വയംവിരമിച്ചതോടെ ഈ നടപടികൾ സർക്കാരിന് അവസാനിപ്പിക്കേണ്ടി വരും. അച്ചടക്കനടപടികൾ ശേഷിക്കുന്നതിനാൽ ജേക്കബ്തോമസിന്റെ രാജിയെ സംസ്ഥാന സർക്കാരിന് എതിർക്കാം. പക്ഷേ, വ്യവസ്ഥകൾക്ക് വിധേയമായി കേന്ദ്രം വിരമിക്കൽ അംഗീകരിക്കുകയാണ് കീഴ്‌വഴക്കം.സ്വയംവിരമിച്ചാലും ജേക്കബ് തോമസിന് പെൻഷൻ ലഭിക്കും. 30വർഷത്തിലേറെ സർവീസുള്ളതിനാൽ ഫുൾ പെൻഷൻ തന്നെ കിട്ടും. വിരമിക്കൽ ആനുകൂല്യങ്ങളും ലഭിക്കും. അച്ചടക്ക നടപടി തീർപ്പാക്കാത്തതിനാൽ സസ്പെൻഷൻ കാലത്തെ പകുതി ശമ്പളം ഉടൻ കിട്ടിയെന്നിരിക്കില്ല.