drug

തിരുവനന്തപുരം: ഇന്നലെ എക്സൈസ് പിടിയിലായ രാജ്യാന്തര ഹാഷിഷ് കടത്ത് സംഘം കുറച്ചു മാസങ്ങളായി തിരുവനന്തപുരത്ത് 50 കോടിയുടെ ഹാഷിഷ് കടത്തിയതായി വിവരം. സംഘത്തലവനായ തിരുവനന്തപുരത്തെ ചെന്തിട്ടയിലെ വ്യാപാരിയാണ് ഇതിന്റെ മുഖ്യസൂത്രധാരൻ. ഇയാൾക്കായി എക്സൈസ് സംഘം വ്യാപക തെരച്ചിൽ തുടങ്ങി. കുപ്രസിദ്ധ മയക്കുമരുന്ന് കടത്തുകാരൻ മുർഖൻ ഷാജിയുടെ സംഘത്തിൽപെട്ട പ്രതികളിൽ ഒരാളുടെ ബന്ധുവാണ് ചെന്തിട്ടയിലെ വ്യാപാരി. ഇയാളുടെ സഹായത്തോടെ തിരുവനന്തപുരം കേന്ദ്രീകരിച്ച് ബോട്ടുകളിലും ട്രെയിനിലും ചെന്നൈയിലേക്കും വിമാന മാർഗം മാലിയിലേക്കും ഹാഷിഷ് കടത്തിവരികയായിരുന്നുവെന്ന് പിടിയിലായ പ്രതികൾ എക്സൈസിനോട് സമ്മതിച്ചു.

ഇന്നലെ രാവിലെ പത്തരയോടെ ആക്കുളം കേന്ദ്രീയ വിദ്യാലയത്തിന് സമീപത്തു നിന്നാണ് കാറിൽ കടത്താൻ ശ്രമിച്ച 13 കോടി രൂപയുടെ 13.5കിലോ ഹാഷിഷ് ഓയിൽ പിടികൂടിയത്. 8.4 ലക്ഷം രൂപയും ഇവർ സഞ്ചരിച്ചിരുന്ന ഇന്നോവാകാറും പിടിച്ചെടുത്തു. ഹാഷിഷ് ഓയിൽ കവറുകളിലാക്കി ഇന്നോവ കാറിന്റെ ഡോർപാനലിൽ ഒളിപ്പിച്ച നിലയിലായിരുന്നു. ആന്ധ്ര സ്വദേശി റാംബാബു, തിരുവനന്തപുരം സ്വദേശികളായ ഷഫീഖ്, സാജൻ, ഇടുക്കിക്കാരായ അനിൽ, ബാബു എന്നിവരാണ് പിടിയിലായത്. രഹസ്യസന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സംഘത്തെ പിടികൂടിയത്. ഹാഷിഷ് ഓയിൽ ആന്ധ്രയിൽ നിന്നു തമിഴ്‌നാട്ടിലൂടെ ഇടുക്കിവഴി ജീപ്പിൽ തിരുവനന്തപുരത്ത് എത്തിക്കുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യം. ഡിണ്ടുകൽ വച്ച് ജീപ്പ് കേടായതിനെത്തുടർന്ന്‌ ചെന്തിട്ടയിലെ വ്യാപാരിയാണ് തിരുവനന്തപുരത്തുള്ള കാർ ഇവർക്ക് എത്തിച്ച് കൊടുത്തത്.

ഇടുക്കിയിൽ ബസ് സർവീസ് ഉൾപ്പെടെ വൻ ബിസിനസ് ശ്യംഖലയുടെ ഉടമയാണ് ഒന്നാം പ്രതി അനിൽ. ലഹരി വ്യാപാരത്തിൽ നിന്ന് സമ്പാദിച്ചതാണ് സ്വത്തുക്കളെന്ന് എക്സൈസ് പറഞ്ഞു. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണർ സുൽഫിക്കർ, ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ ഉബൈദ്, അഡിഷണൽ എക്‌സൈസ് കമ്മിഷണർ വിജയൻ എന്നിവരുടെ മേൽനോട്ടത്തിൽ എക്‌സൈസ് ഇൻസ്‌പെക്ടർമാരായ ജി. കൃഷ്ണ കുമാർ, പ്രദീപ് റാവു, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ മുകേഷ്‌കുമാർ, പ്രിവന്റീവ് ഓഫീസർമാരായ ദീപു കുട്ടൻ, സന്തോഷ് കുമാർ, സുനിൽ രാജ്, ബൈജു, സിവിൽ എക്‌സൈസ് ഓഫീസർമാരായ ശിവൻ, കൃഷ്ണ പ്രസാദ്, ജസീം, സുബിൻ, അരുൺകുമാർ, ഷാജി കുമാർ, സനൽ, പ്രവീൺ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്