കുമ്പളങ്ങിക്കായലിലെ തിരുതമീൻ പൊള്ളിച്ചത് രുചിച്ച് നോക്കിയപ്പോൾ രാഹുൽമോനിൽ നിന്നുയർന്നുവന്ന ചോദ്യം കേട്ട് കുറുപ്പശ്ശേരി വർക്കി മകൻ തോമായ്ക്ക് ഉള്ളം പിടഞ്ഞെന്നും പിടഞ്ഞില്ലെന്നും വർത്തമാനങ്ങളുണ്ട്.
'നിനക്ക് നന്നായി മീൻ പിടിക്കാനറിയാമല്ലോടാ, എന്നിട്ടാണോ വേറെ ജോലി നോക്കുന്നത് " എന്ന ചോദ്യം തോമസ് മാഷ് കേട്ടെങ്കിലും അത് കുമ്പളങ്ങി നൈറ്റ്സ് സിനിമയിൽ ബേബിമോളെന്ന കാമുകി ബോബിയെന്ന കാമുകനോട് പറയുന്ന ഡയലോഗല്ലേ എന്നുറപ്പിച്ച മാഷ് മറുത്തൊന്നും പറഞ്ഞില്ല.
പക്ഷേ അതൊരു കൊടുംചതിയായിപ്പോയെന്ന് കുമ്പളങ്ങി നൈറ്റ്സിലെ ഷമ്മിയെ പോലെ മാഷിനും പറയണമെന്ന് തോന്നിയതാണ്.
എങ്കിലും കുമ്പളങ്ങിയിലെ തിരുത പഴയ തിരുതയല്ല എന്നിപ്പോൾ തോമസ് മാഷ് തിരിച്ചറിഞ്ഞിരിക്കുന്നു. തിരുതയുടെ വാലിന്റെ സാമ്പിൾ പരിശോധനയ്ക്ക് അയയ്ക്കുന്നതിനെപ്പറ്റി മാഷ് ആലോചിക്കുന്നുണ്ട്. തിരുതയുടെ വാലിന് വല്ല കുഴപ്പവും സംഭവിച്ചതാണോ ഇപ്പോഴത്തെ കുഴപ്പങ്ങൾക്കെല്ലാം കാരണമെന്ന ശങ്ക ഉള്ളതുകൊണ്ടാണത്. തിരുത ഡ്യൂപ്ലിക്കേറ്റായിപ്പോയോ എന്ന ചിന്തയും ഇല്ലാതില്ല. എന്റെ കുമ്പളങ്ങി, എന്റെ കുമ്പളങ്ങിക്ക് ശേഷം, കുമ്പളങ്ങി കാലിഡോസ്കോപ്പ് എന്നീ വിശ്വവിഖ്യാത കൃതികൾ രചിച്ച തോമസ് മാഷിനെ കുമ്പളങ്ങിക്കായലിലേതെന്നും പറഞ്ഞ് ഡ്യൂപ്ലിക്കേറ്റ് തിരുത കൊടുത്ത് പറ്റിക്കാൻ ആരെക്കൊണ്ടും സാധിക്കുന്നതല്ല എന്നത് കൊണ്ടുതന്നെ അത്തരമൊരു ചിന്ത അസ്ഥാനത്താണ്. തിരുത ഡ്യൂപ്ലിക്കേറ്റായതല്ല കുഴപ്പം. തിരുതയുടെ രുചിയറിഞ്ഞ് മോൻരാഹുൽഗാന്ധി പെരുമാറിയതാണ് കുഴപ്പമായത്.
തോമസ് മാഷിന്റെ കുമ്പളങ്ങിത്തിരുത ഇന്നേവരെ ചതിച്ച ചരിത്രം കേട്ടിട്ടില്ല. ആ തിരുത പൊള്ളിച്ചതിൽ ആദ്യം വീണുപോയത് നമ്മുടെ ലീഡർജി കരുണാകർജി ആയതിൽ നിന്നുതന്നെ നമുക്കത് മനസിലാക്കാവുന്നതേയുള്ളൂ. ഒരുമാതിരിപ്പെട്ട തിരുത മീനിലൊന്നും വീണുപോകുന്നയാളായിരുന്നില്ല കരുണാകർജി. എന്നിട്ടും മാഷിന്റെ തിരുത പൊള്ളിച്ചതിൽ വീണുപോയെന്ന് പറഞ്ഞാൽ പിന്നെ ചോദിക്കണോ!
ഒരു തിരുതയുള്ളത് കാരണം മാഷിന് പത്തിരുപത്തിയഞ്ച് കൊല്ലക്കാലം കുമ്പളങ്ങിക്കായലിൽ ഓളം വെട്ടാതെ, ലോക്സഭയിൽ പോയിരിക്കേണ്ടി വന്നിട്ടുണ്ട്. അങ്ങനെ ചില്ലറ ത്യാഗമൊക്കെ മാഷ് സഹിക്കും. അത് മറ്റാർക്കും വേണ്ടിയല്ല, സ്വന്തം തിരുതയ്ക്ക് വേണ്ടിയാണ്.
1984ലാണ് മാഷിന്റെ തിരുത ആദ്യം പണി പറ്റിച്ചത്. ലീഡർജി വീണുപോയെന്ന് പറഞ്ഞാൽ മതി. മാഷ് പൊങ്ങിയത് അന്ന് ലോക്സഭയിലായിരുന്നു. പിന്നീട് നമ്പർ ടെൻ ജനപഥിൽ തിരുത മാരകമായാണ് ഇടപെട്ടുകളഞ്ഞത്! സോണിയ പ്രിയങ്കരി എന്ന പുസ്തകം പോലും മാഷ് എഴുതിയത് ആ ഇഫക്ടിലാണ്. അതേപ്പിന്നെ ഇന്നേവരെ മാഷിന് ലോക്സഭയിൽ നിന്നെഴുന്നേൽക്കാൻ യോഗമുണ്ടായിട്ടില്ല. മാഷിരുന്ന കസേരയിൽ ആല് മുളച്ചെന്നും അത് രാഹുൽമോൻ വെട്ടിമാറ്റാൻ ആളെ വിട്ടെന്നുമാണ് കുമ്പളങ്ങിക്കായലിലെ പുതിയ വർത്തമാനങ്ങൾ. എങ്കിലും അതിന് ഹൈബി ഈഡനെ തന്നെ രാഹുൽമോൻ വിളിപ്പിക്കുമെന്ന് മാഷ് സ്വപ്നേപി കരുതിയില്ല. ഇതിനാണ് പറയുന്നത് തിരുതയ്ക്കും തിരുതയുടേതായ സമയമുണ്ട് ദാസാ എന്ന് ! ഏതായാലും ഗുഡ് (കുമ്പളങ്ങി) നൈറ്റ്!
ത്യാഗമെന്നതേ നേട്ടം, താഴ്മതാനഭ്യുന്നതി എന്നാണ് രാജ്മോഹൻ ഉണ്ണിത്താൻ ഗാന്ധിയുടെ ആപ്തവാക്യം. ഗാന്ധി ഏഴര വെളുപ്പിന് എഴുന്നേറ്റ് പച്ചവെള്ളം ചവച്ചരച്ച് കുടിക്കും. പ്രഭാതകൃത്യങ്ങൾ കഴിഞ്ഞ് ആട്ടിൻപാൽസേവ. പിന്നെ രഘുപതി രാഘവ പാടി ചർക്കയ്ക്ക് മുന്നിലാണ്. നൂൽനൂല്പിന് ശേഷമേ എന്തെങ്കിലുമൊന്ന് ഉരിയാടൂ. അങ്ങേയറ്റത്തെ വിനയഭാവമാണ്.
ഉണ്ണിത്താൻ ഗാന്ധിയെ കാസർകോട്ടേക്ക് ലോക്സഭാ തിരഞ്ഞെടുപ്പ് സ്വാതന്ത്ര്യസമരം നയിക്കാൻ മുല്ലപ്പള്ളിഗാന്ധി നിയോഗിച്ചത് പോലും ആ ത്യാഗസന്നദ്ധതയും അർപ്പണബോധവും മനസിലാക്കിയിട്ടായിരുന്നു. അഹിംസാ സിദ്ധാന്തത്തിൽ അടിയുറച്ച് വിശ്വസിക്കുന്ന ഉണ്ണിത്താൻ ഗാന്ധി, മഹാത്മാഗാന്ധി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഉപവാസസമരം അനുഷ്ഠിക്കാൻ ധൈര്യം കാട്ടാറുള്ള ഗാന്ധിയാണെന്ന് തിരിച്ചറിയാത്ത കശ്മലന്മാർ കാസർകോട് ഡി.സി.സിയിൽ പാർപ്പുറപ്പിച്ചിട്ടുണ്ട്. അത് മുല്ലപ്പള്ളി ഗാന്ധിക്കറിയില്ലെങ്കിലും ഉണ്ണിത്താൻ ഗാന്ധി മനസിലാക്കിവച്ചിരുന്നു.
എന്നിരുന്നാലും ഇങ്ങനെയൊരു അഭ്യാസം ഈ കശ്മലന്മാർ കാട്ടുമെന്ന് ഉണ്ണിത്താൻ ഗാന്ധി സ്വപ്നേപി നിരൂപിച്ചതായിരുന്നില്ല. ഉണ്ണാവ്രതമനുഷ്ഠിക്കാൻ കെല്പുള്ള ശരീരമാണെന്നത് ശരി തന്നെ, പക്ഷേ അതുകൊണ്ട് പട്ടിണികിടത്തിയേ അടങ്ങൂ എന്ന് ശഠിച്ചാലോ! കാസർകോട്ട് സഹനസമരത്തിനായി തീവണ്ടിയിറങ്ങിയ ഉണ്ണിത്താൻ ഗാന്ധിക്ക് ഊണ് പോലും വാങ്ങിക്കൊടുത്തില്ലെന്നാണ് പറയുന്നത്. ഡി.സി.സി പ്രസിഡന്റ് ഹക്കിം കുന്നേൽഗാന്ധി ഉണ്ണിത്താൻ ഗാന്ധിയുടെ ഉണ്ണാവ്രതം കിടക്കാനുള്ള ശാരീരികക്ഷമത പരീക്ഷിച്ചതാണെന്ന് പറയുന്നുണ്ടെങ്കിലും ഉണ്ണിത്താൻ ഗാന്ധി അത് വിശ്വസിക്കുന്നില്ല. എനിക്ക് ഊണ് പോലും വാങ്ങിത്തന്നില്ലെന്ന് ഗാന്ധി കരഞ്ഞ് പറഞ്ഞത് കൊണ്ട് ഡി.സി.സിയിൽ ഹക്കിം കുന്നേൽഗാന്ധിയെ തത്കാലം മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ് മുല്ലപ്പള്ളി ഗാന്ധി. അല്ലെങ്കിലും ഉണ്ണിത്താൻ ഗാന്ധിയോട് കളി വേണ്ട. കൊക്കെത്ര കുളം കണ്ടതാ. പിന്നെയാണോ കാസർകോട്ടെ കുണ്ടുകുളം!
ഇ-മെയിൽ: dronar.keralakaumudi@gmail.com