രണ്ടു ചെറുപ്പക്കാരെത്തി. മദ്ധ്യവയസ്കതയിലേക്കു കടക്കുന്ന പ്രായം. വളരെ ഉയർന്ന വിദ്യാഭ്യാസ യോഗ്യതകളുള്ളവർ. സെക്കൻഡറി സ്കൂൾ അദ്ധ്യാപകരാകാനുള്ള പി.എസ്.സി ടെസ്റ്റെഴുതി നിരാശരായാണ് വന്നിരിക്കുന്നത്. അവരിലൊരാൾ പറയുന്നു,
''പരീക്ഷ വളരെ പ്രയാസമായിരുന്നു സ്വാമീ ! പ്രതീക്ഷിക്കാത്ത രീതിയിലുള്ള ചോദ്യങ്ങളാണ് ചോദിച്ചത്. വലിയ ടെൻഷനായിരിക്കുന്നു.""
''എന്തിനാ ടെൻഷൻ? ""
''സർക്കാരുദ്യോഗം കിട്ടാതെ പോകുമെന്ന തോന്നൽ. ഓവറേജ്ഡ് ആകാനും പോകുന്നു.""
''നിങ്ങൾക്കിപ്പോൾ ജോലിയില്ലേ?""
''ഉണ്ട്. അത് സെൽഫ് ഫിനാൻസിംഗ് കോളേജിലാണ്.""
''സർക്കാരുദ്യോഗം തന്നെ വേണമെന്ന് എന്തിനിങ്ങനെ നിർബന്ധം പിടിക്കുന്നു?""
''സർക്കാരുദ്യോഗമുണ്
ടെങ്കിലേ സമൂഹത്തിൽ ഒരംഗീകാരമുള്ളൂ. മാത്രമല്ല, കുടുംബത്തിലും അസ്വസ്ഥതയാണ്. ഭാര്യയ്ക്കു സർക്കാരുദ്യോഗമുണ്ട്. അതുകൊണ്ട് അവളെന്നെ ഇടിച്ചുതാഴ്ത്തിക്കാണുന്നു. ഇതൊക്കെ ടെൻഷൻ സൃഷ്ടിക്കുന്നു.""
''കുടുംബബന്ധം ശമ്പളത്തിന്റെ വലിപ്പത്തെയോ ജോലിയിലെ സ്റ്റാറ്റസിനെയോ ആശ്രയിക്കേണ്ട ഒന്നല്ല. അതു ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള ഹൃദയൈക്യംകൊണ്ട് ബലപ്പെട്ടു വരേണ്ട ഒന്നാണ്.""
'' അതുശരിയാണ്. പക്ഷേ ഇപ്പോൾ സ്ഥിതി അതല്ല.""
''ഈ പ്രശ്നമെല്ലാം കുടുംബജീവിതത്തിൽ അനുഭവിക്കുന്നത് നിങ്ങളെപ്പോലെയുള്ള വിദ്യാസമ്പന്നർ മാത്രമല്ലേ? പാവപ്പെട്ട ആളുകൾ ഈ മനപ്രയാസങ്ങളൊന്നുമില്ലാതെ ഹൃദയൈക്യത്തോടുകൂടി കുടുംബജീവിതം നയിക്കുന്നില്ലേ?""
''ശരിയാണ്. വിദ്യാഭ്യാസം നേടിയതാണ് നമ്മുടെ സമാധാനം കെടുത്തുന്നത്.""
''നിങ്ങൾ വിദ്യാഭ്യാസമെന്ന പേരിൽ പലതും പഠിച്ചു. പക്ഷേ ജീവിതത്തെപ്പറ്റി മാത്രം ഒന്നും പഠിച്ചില്ല. അതുകൊണ്ടാണ് ഈ പ്രശ്നങ്ങളുണ്ടായിരിക്കുന്നത്.""
''ശരിയാണ്. കുറച്ച് അക്കാഡമിക് വിഷയങ്ങൾ പഠിച്ച് M.A., M.Phil, M.Ed. ഡിഗ്രികളൊക്കെ നേടി. പക്ഷെ ജീവിതത്തെപ്പറ്റി ഒരക്ഷരം പഠിച്ചില്ല.""
''ഇനിയെങ്കിലും പഠിക്കിൻ!""
''നല്ലതു വരും എന്ന പ്രതീക്ഷയാണു സ്വാമീ ഉള്ളത്.""
''അതു നല്ലതുതന്നെ. പക്ഷേ ഇപ്പോഴുള്ള അവസ്ഥ നല്ലതല്ല എന്ന വിചാരം കളയുകയും വേണം.""
''ശരിയാണ്. ഇപ്പോഴുള്ള അവസ്ഥ നല്ലതല്ല എന്നും, ഇതിനെക്കാൾ നല്ലതു വേണമെന്നുമുള്ള വിചാരമാണ് സമാധാനം കെടുത്തുന്നത്. 'പ്രതീക്ഷകളാണ് സമാധാനം കെടുത്തുന്നതെ"ന്ന വാക്യം എത്രപ്രാവശ്യം പഠിച്ചിട്ടുള്ളതാണ് ! പക്ഷേ ജീവിതത്തിലേക്കു വരുമ്പോൾ അതൊക്കെ മറക്കും.""
''ഇതുതന്നെയാണ് നിങ്ങളുടെ സമാധാനം കെടുത്തുന്നത്.""