nalumukku

തിരുവനന്തപുരം: പേട്ട പാലം മുതൽ നാലുമുക്ക് ജംഗ്ഷൻ വരെയുള്ള ഡ്രെയിനേജ് സംവിധാനം തടസപ്പെട്ടതിനെ തുടർന്ന് പേട്ടയിൽ അടിയന്തരമായി മാൻഹോൾ നിർമ്മിച്ച് പ്രശ്നപരിഹാരത്തിനൊരുങ്ങുകയാണ് വാട്ടർ അതോറിട്ടി. പേട്ട,​ കുമാരപുരം,​ പാറ്റൂർ,​ വഞ്ചിയൂർ എന്നിവിടങ്ങളിൽ നിന്ന് എത്തുന്ന നാല് റോഡുകൾ ചേരുന്ന നാലുമുക്കിൽ എസ്.ബി.ഐക്ക് മുന്നിലാണ് മാൻഹോൾ നിർമ്മിക്കുന്നത്. കഴിഞ്ഞ ആറ് മാസത്തോളമായി ഇവിടങ്ങളിൽ ഡ്രെയിനേജിന്റെ ഒഴുക്ക് തടസപ്പെട്ടിരുന്നു. ടെലികോം വകുപ്പും മറ്റും നടത്തിയ പണിക്കിടെ ഡ്രെയിനേജ് സംവിധാനം പൊട്ടിയിരുന്നു. ഇതിൽ മണ്ണും കല്ലുമൊക്കെ അടിഞ്ഞുകൂടിയതോടെയാണ് ഡ്രെയിനേജിന്റെ ഒഴുക്ക് നിലച്ചത്. ഇതോടെ പേട്ട പാലം,​ ഭഗത് സിംഗ് റോഡ് എന്നിവിടങ്ങളിൽ നിന്നുള്ള മാലിന്യങ്ങൾ നാലുമുക്കിൽ അടിഞ്ഞു കൂടിയത് സ്ഥിതി ഗുരുതരമാവുകയായിരുന്നു. നാലുമുക്കിലെ ട്രാഫിക് ഐലൻഡിന് മുന്നിൽ നിന്ന് പാറ്റൂരിലെ പമ്പ് ഹൗസിലേക്കുള്ള ഡ്രെയിനേജിന്റെ ഒഴുക്കിന് പ്രശ്നമൊന്നുമുണ്ടായതുമില്ല. നാലുമുക്കിൽ മാൻഹോൾ നിർമ്മിക്കുന്നതോടെ പ്രശ്നത്തിന് പരിഹാരമാകുമെന്ന് വാട്ടർ അതോറിട്ടി ഓവർസിയർ ഷാജി കേരളകൗമുദിയോട് പറ‍ഞ്ഞു.

വെള്ളിയാഴ്ച രാവിലെ മുതലാണ് വാട്ടർ അതോറിട്ടി സ്വിവറേജ് വിഭാഗം മാൻഹോൾ നിർമ്മാണം ആരംഭിച്ചത്. തുടർന്ന് പേട്ടയിൽ നിന്ന് പാറ്റൂരിലേക്കുള്ള വാഹന ഗതാഗതം താത്കാലികമായി നിരോധിച്ചു. പാറ്റൂർ ഭാഗത്തേക്കുള്ള ഇരുചക്ര വാഹനങ്ങളും കാറുകളും കണ്ണമ്മൂല റോഡിന് സമീപത്തുള്ള അ‍ഞ്ജലി നഗർ റോഡ് വഴി നാലുമുക്കിലെത്തിയാണ് ഇപ്പോൾ പാറ്റൂരിലേക്ക് പോകുന്നത്. ചാക്കയിൽ നിന്ന് കിഴക്കേകോട്ടയിലേക്കുള്ള ബസുകളും മറ്റ് വലിയ വാഹനങ്ങളും കണ്ണമ്മൂല പാലം ചുറ്റി നാലുമുക്കിലൂടെയാണ് പാറ്റൂരിലേക്ക് എത്തുന്നത്. പാറ്റൂർ നിന്ന് ചാക്കയിലേക്കുള്ള ഗതാഗതത്തിന് തടസമില്ല. ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി പൊലീസ് സ്റ്റേഷന് മുന്നിൽ ഹോംഗാർഡിനെയും നിയോഗിച്ചിട്ടുണ്ട്. ഒരാഴ്ചത്തേക്ക് ഗതാഗതം തിരിച്ചുവിടാൻ പൊലീസിൽ നിന്ന് വാട്ടർ അതോറിട്ടി അനുവാദം വാങ്ങിയിട്ടുണ്ട്.

പ്രശ്നം രൂക്ഷം

അടുത്തിടെയാണ് പ്രശ്നം രൂക്ഷമായത്. പേട്ട പുത്തൻകോവിലിൽ ഉത്സവം നടന്ന പത്ത് ദിവസവും തുടർച്ചയായി ഇങ്ങനെ മാലിന്യം നീക്കിയിരുന്നു. അനധികൃതമായി എടുത്ത സ്വിവറേജ് കണക്ഷനുകളാണ് ഡ്രെയിനേജ് അടിഞ്ഞുകൂടിയതിന് കാരണമെന്നാണ് വാട്ടർ അതോറിട്ടി പറയുന്നത്. വാട്ടർ അതോറിട്ടി നൽകുന്ന സ്വിവറേജ് കണക്ഷനുകൾ പാറ്റൂരിലെ പമ്പ് ഹൗസിലേക്കാണ് നൽകുന്നത്. എന്നാൽ,​ അനുമതിയില്ലാതെ എടുത്ത കണക്ഷനുകളിൽ നിന്നുള്ള മാലിന്യങ്ങൾ അങ്ങനെയല്ല. ഇത്തരത്തിൽ അനധികൃത ഡ്രെയിനേജ് കണക്ഷൻ ഉപയോഗിക്കുന്നവർക്ക് നോട്ടീസ് നൽകാൻ ഒരുങ്ങുകയാണ് വാട്ടർ അതോറിട്ടി .