ഈ കാഴ്ച ജീവിതത്തിൽ ഒരു തവണയെങ്കിലും കാണണം. മെക്സിക്കോയിലാണ് ഈ നയന മനോഹര ദൃശ്യം. അവിടെ മലയോര മേഖലയിൽ ദേശാടനത്തിനെത്തുന്ന മൊണാർക്ക് ബട്ടർഫ്ളെ വിഭാഗത്തിൽപെട്ട പൂമ്പാറ്റകളാണ് സപ്ത മഹാത്ഭുതങ്ങളെയും നിഷ്പ്രഭമാക്കുന്ന കാഴ്ചയൊരുക്കുന്നത്. പൂമ്പാറ്റ പരവതാനി എന്നുതന്നെ ഇതിനെ വിശേഷിപ്പിക്കാം. കോടിക്കണക്കിന് പൂമ്പാറ്റകളെയാകും ഒരേസമയം ഇവിടെ കാണാനാവുക. വടക്കേ അമേരിക്കയുടെ ഉത്തരമേഖലയിൽ തണുപ്പിനെ അതിജീവിക്കാൻ കഴിയാത്തതിനാൽ രണ്ടുമാസത്തെ ദീർഘയാത്ര നടത്തിയാണ് ഇവ ഇവിടെ എത്തിച്ചേരുന്നത്. വൃക്ഷങ്ങൾ, തുറസായ പ്രദേശങ്ങൾ എന്നിവയൊക്കെ ഇവയെക്കൊണ്ട് നിറയും. വൃക്ഷത്തലപ്പുകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന ഇവയെക്കണ്ടാൽ പൂമ്പാറ്റകൾ തളിർത്തതെന്നേ പറയൂ. മെക്സിക്കോയിൽ വേനൽക്കാലമാവുമ്പോഴക്കും ഇവ തിരിച്ച് പറക്കും. മഞ്ഞ, വെള്ള, കറുപ്പ്, തവിട്ട് നിറങ്ങൾ കലർന്നതാണ് ഇവയുടെ ശരീരം. താപനിലയിലെ വർദ്ധനവ് ഈ മനോഹര കാഴ്ചയെയും ഇല്ലാതാക്കുമോ എന്നാണ് ലോകം ഭയപ്പെടുന്നത്. കീടനാശിനികളുടെ ഉപയോഗവും ഇവയുടെ നിലനിൽപ്പിനെ ബാധിക്കുന്നു.